ഡ്രോൺ, റോക്കറ്റ് ആക്രമണങ്ങൾ: മണിപ്പൂർ സംഘർഷം പുതിയ വഴിത്തിരിവിൽ
ഡ്രോണുകൾ എത്തുന്നത് മ്യാൻമറിൽനിന്നെന്ന് സംശയം
ഇംഫാൽ: ഒന്നര വർഷമായി മണിപ്പൂരിൽ തുടരുന്ന ആഭ്യന്തര സംഘർഷം പുതിയ വഴിത്തിരിവിലേക്ക് കടന്നിരിക്കുകയാണ്. തോക്കും ബോംബുമെല്ലാം ഡ്രോണുകൾക്കും റോക്കറ്റുകൾക്കും വഴിമാറി. ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണം സർക്കാരിനെയും സുരക്ഷാസേനയെയുമെല്ലാം ഒരുപോലെ കുഴക്കുകയാണ്. നിരായുധരായ ഗ്രാമീണർക്കും സുരക്ഷാ സേനക്കും നേരെയാണ് ആക്രമണങ്ങൾ. ഇത് ജനങ്ങളിൽ ഭയവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് ഇംഫാൽ വെസ്റ്റ് ജില്ലയിലെ കൗത്രകിൽ ആദ്യമായി ഡ്രോൺ ആക്രമണം ഉണ്ടാകുന്നത്. തുടർ ദിവസങ്ങളിലും വിവിധ മേഖലകളിൽ റോക്കറ്റ് ആക്രമണങ്ങളും ഡ്രോൺ ഉപയോഗിച്ചുള്ള ബോംബാക്രമണങ്ങളും നിരവധി പേരുടെ ജീവനെടുത്തു. വെള്ളിയാഴ്ച മണിപ്പൂരിന്റെ ആദ്യ മുഖ്യമന്ത്രി മെയ്രംബം കൊയ്രെങ്ങിന്റെ വീട്ടിലേക്ക് സായുധ വിഭാഗം റോക്കറ്റ് ആക്രമണം നടത്തി. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇന്ത്യക്ക് പരിചയിമില്ലാത്ത ഡ്രോൺ ആക്രമണങ്ങൾ
സാധാരണ ഇത്തരം ഡ്രോൺ ആക്രമണങ്ങൾ ഇന്ത്യക്ക് അത്ര പരിചതമല്ല. റഷ്യ-യുക്രെയ്ൻ യുദ്ധത്തിലും ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യ യുദ്ധത്തിലും ഡ്രോണുകൾ ധാരാളം ഉപയോഗിക്കുന്നുണ്ട്. മണിപ്പൂരിനോട് അതിർത്തി പങ്കിടുന്ന മ്യാൻമറിൽ സായുധ സേനകൾ സൈന്യത്തെ നേരിടാൻ ഡ്രോൺ ഉപയോഗിക്കാറുണ്ട്. ഇതാണ് ഇപ്പോൾ അതിർത്തി കടന്ന് മണിപ്പൂരിലുമെത്തിയിരിക്കുന്നത്.
ഈ ഡ്രോണുകൾ വലിയ ഭീതിയാണ് സംസ്ഥാനത്ത് ഉയർത്തുന്നത്. ജനം ആശങ്കയിലൂടെയാണ് കടന്നുപോകുന്നത്. ഡ്രോണുകളെ പേടിച്ച് വീട്ടുകാർ രാത്രി ലൈറ്റുകൾ ഓഫാക്കുകയാണ്. പല സംഘടനകളും സംസ്ഥാനത്ത് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൂടാതെ ഡ്രോൺ ആക്രമണം ഭയന്ന് പൊലീസ് സ്റ്റേഷനുകളിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
മ്യാൻമറിലെ ചിൻ വിമതർ വാണിജ്യ, കൃഷി ആവശ്യത്തിനായുള്ള ഡ്രോണുകളെ ഏത് രീതിയിലാണ് ഉപയോഗിക്കുന്നതെന്ന് സുരക്ഷാ വിദഗ്ധർ നിരീക്ഷിക്കുന്നുണ്ട്. ഈ ചൈനീസ് നിർമിത ഡ്രോണുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി അതിർത്തി പ്രദേശങ്ങളിൽ ബോംബിടാനും സൈന്യത്തെ തുരത്താനുമാണ് ഇവർ ഉപയോഗിക്കുന്നത്. മ്യാൻമറിനുള്ളിൽ ശിഥിലമായ സ്വയംഭരണ പ്രദേശങ്ങൾ സൃഷ്ടിക്കുന്നതിൽ ഡ്രോൺ ആക്രമണങ്ങൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
മ്യാൻമറിലെ വിമത സായുധ വിഭാഗങ്ങൾക്കൊപ്പം ഇന്ത്യൻ സംഘങ്ങളും പോരാടുന്നതായി ഇന്റലിജന്റ്സ് ഏജൻസികൾക്ക് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. ഇത്തരം സംഘങ്ങൾക്ക് ഡ്രോൺ ഉപയോഗം സംബന്ധിച്ചും പരിശീലനം ലഭിച്ചിട്ടുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇതിനാൽ തന്നെ ഇന്ത്യ-മ്യാൻമറിൽ അതിർത്തിയിൽ അടിയന്തിരമായി കൂടുതൽ സുരക്ഷാ സേനയെ വിന്യസിക്കേണ്ടതുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
അന്തർദേശീയ ഭീഷണിയുടെ ആദ്യ ലക്ഷണം
മണിപ്പൂരിലേക്ക് നീളുന്ന അന്തർദേശീയ ഭീഷണിയുടെ ആദ്യ ലക്ഷണമാണ് ഡ്രോണുകൾ ഉപയോഗിച്ചുള്ള ബോംബാക്രമണം. ആയുധങ്ങളും ഡ്രോണുകളും ബോംബുകളുമെല്ലാം പ്രാദേശികമായി നിർമിക്കുന്നതല്ലെന്നും മ്യാൻമർ വഴിയാണ് ഇന്ത്യയിലേക്ക് വരുന്നതെന്നും ഇവയെക്കുറിച്ച് പഠിച്ച സുരക്ഷാ ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. അതിർത്തിയിൽ പലയിടത്തും സുരക്ഷാവേലിയില്ലാത്തത് ആയുധങ്ങൾ കടത്താൻ സഹായകരമാകുന്നുണ്ട്. അതിർത്തി മുഴുവനായി വേലികെട്ടി സംരക്ഷിക്കൽ ഉടൻ സാധ്യമല്ല. അതിനാൽ തന്നെ കൂടുതൽ സുരക്ഷാ സേനയെ വിന്യസിക്കുകയാണ് ഉടനടി ചെയ്യേണ്ടതെന്നും അധികൃതർ വ്യക്തമാക്കുന്നു.
നിലവിൽ സുരക്ഷാ സേനകൾക്ക് ഇത്തരത്തിലുള്ള ഡ്രോൺ ആക്രമണങ്ങളെ ചെറുക്കാനുള്ള പഴുതടച്ച സംവിധാനമില്ല എന്നതും വെല്ലുവിളിയാകുന്നുണ്ട്. സംഘർഷം വീണ്ടും രൂക്ഷമായതിന് പിന്നാലെ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചുചേർത്തിട്ടുണ്ട്. വ്യോമസേനയുടെ ഹെലികോപ്റ്ററിൽ ആകാശനിരീക്ഷണവും സജീവമാക്കി. ഡ്രോൺ വിരുദ്ധ സംവിധാനങ്ങൾ സ്ഥാപിച്ചതായി ഇൻസ്പപെക്ടർ ജനറൽ ഓഫ് പൊലീസ് കെ. കബിബ് അറിയിച്ചു.
കുകി വിഭാഗങ്ങളാണ് ഡ്രോൺ ആക്രമണത്തിന് പിന്നിലെന്ന് മെയ്തേയ്ക്കാർ ആരോപിക്കുന്നുണ്ട്. അതേസമയം, മണിപ്പൂരിൽ തുടരുന്ന സംഘർഷവും കൊലപാതകങ്ങളും തടയാനാവാത്ത കേന്ദ്ര സേനകൾക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി എംഎൽഎ രംഗത്തുവന്നു. കേന്ദ്ര സേനകളുടെ സാന്നിധ്യത്തിലും സംസ്ഥാനത്ത് അക്രമങ്ങൾ തുടരുന്നതിൽ ആശങ്ക പ്രകടിപ്പിച്ചും അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടിയാവശ്യപ്പെട്ടും ബിജെപി എംഎൽഎ രാജ്കുമാർ ഇമോ സിങ് ആണ് രംഗത്തുവന്നത്.
Adjust Story Font
16