മണിപ്പൂർ; അക്രമികളുടെ വെടിയേറ്റ ഒരാൾ കൂടി മരിച്ചു
മുസ്‌ലിം വിഭാഗമായ മെയ്തെയ് പംഗലുകൾക്ക് നേരെ നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി
ഇംഫാൽ: മണിപ്പൂർ തൗബാൽ ജില്ലയിലെ ലിലോങ് ചിങ്ജാവോയിൽ ആയുധധാരികൾ നടത്തിയ വെടിവെപ്പിൽ ഒരാൾകൂടി മരിച്ചു. ഇതൊടെ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. തൗബാലിൽ മുസ്‌ലിം വിഭാഗമായ മെയ്തെയ് പംഗലുകൾ താമസിക്കുന്നിടത്ത് പൊലീസ് യൂണിഫോമിലെത്തിയ ആക്രമികൾ നടത്തിയ വെടിവെപ്പിൽ ഗ്രാമവാസികളായ മുഹമ്മദ് ദൗലത്ത് (30), എം. സിറാജുദ്ദീൻ (50), മുഹമ്മദ് അസദ് ഖാൻ (40), മുഹമ്മദ് ഹുസൈൻ (22) എന്നിവർ തിങ്കളാഴ്ച മരിച്ചിരുന്നു. പരിക്കേറ്റ് ചികിത്സയിലായിരുന്നവരിലൊരാളാണ് മരിച്ചത്. വെടിവെപ്പിൽ 10 പേർക്ക് പരിക്കേറ്റിരുന്നു.
പീപ്പിൾസ് ലിബറേഷൻ ആർമി (പി.എൽ.എ)യുടെ രാഷ്ട്രീയ വിഭാഗമായ റവല്യൂഷനറി പീപ്പിൾസ് ഫ്രന്റ് (ആർ.പി.എഫ്) പ്രവർത്തകരാണ് ലിലോങ് ചിങ്ജാവോ പ്രദേശത്ത് ജനക്കൂട്ടത്തിന് നേരെ വെടിയുതിർത്തത്. യു.എ.പി.എ പ്രകാരം നിരോധിക്കപ്പെട്ട സംഘടനയാണിത്.ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് റവല്യൂഷണറി പീപ്പിൾസ് ഫ്രണ്ട് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
സംഭവത്തിൽ പ്രദേശത്ത് പ്രതിഷേധം ശക്തമാണ്. മണിപ്പൂരിൽ നടക്കുന്ന സംഘർഷത്തിൽ പങ്കാളികളല്ലാത്ത പംഗൽ വിഭാഗക്കാർക്ക് നേരെ ഇതാദ്യമായാണ് ആക്രമണം. അതുകൊണ്ട് വിഷയം ഗൗരവമായി സർക്കാർ അന്വേഷിക്കണം എന്നാണ് ആവശ്യം. അതെ സമയം കലാപം തുടരുന്ന മണിപ്പൂരിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് പൊലീസും കേന്ദ്രസേനയും.കഴിഞ്ഞ ദിവസം നടന്ന അക്രമങ്ങളിലെ പ്രതികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.
ഒരിടവേളക്ക് ശേഷം മണിപ്പൂരിൽ വീണ്ടും സംഘർഷവും കൊലപാതകം ഉണ്ടായതോടെ കർശന ജാഗ്രത പുലർത്താനാണ് സർക്കാർ പൊലീസിനും കേന്ദ്രസേനക്കും നിർദ്ദേശം നൽകിയിരിക്കുന്നത്. സംഘർഷങ്ങൾ തടയാൻ ആവശ്യമായിട്ടുള്ള നടപടികൾ സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്. വാഹന പരിശോധനകൾ ഉൾപ്പെടെ പൊലീസ് ആരംഭിച്ചിട്ടുണ്ട്.
Adjust Story Font
16