കുകി വിഭാഗത്തിന്റെ കൂട്ടസംസ്കാരം; കേന്ദ്രത്തിനും മണിപ്പൂർ സർക്കാരിനും സൈന്യത്തിനും നോട്ടീസ് അയച്ച് ഹൈക്കോടതി
മെയ്തെയ് സംഘടനകൾ നൽകിയ കോടതിയലക്ഷ്യ ഹരജിയിലാണ് നോട്ടീസയച്ചത്
ഇംഫാല്‍: മണിപ്പൂർ കലാപത്തിൽ കേന്ദ്രത്തിനും മണിപ്പൂർ സർക്കാരിനും സൈന്യത്തിനും നോട്ടീസ് അയച്ച് മണിപ്പൂർ ഹൈക്കോടതി. കുകി വിഭാഗത്തിന്റെ കൂട്ട സംസ്കാരവുമായി ബന്ധപ്പെട്ട് മെയ്തെയ് സംഘടനകൾ നൽകിയ കോടതിയലക്ഷ്യ ഹരജിയിലാണ് നോട്ടീസയച്ചത്. കുകികളുടെ സംസ്കാര സ്ഥലത്ത് തൽസ്ഥിതി തുടരണമെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി മെയ്തെയ് സംഘടനകൾ നൽകിയ ഹരജിയിലാണ് മണിപ്പൂർ ഹൈക്കോടതിയുടെ നടപടി. കേന്ദ്ര സർക്കാരിന് പുറമെ സംസ്ഥാന പൊലീസിനും അസം റൈഫിൾസിനും നോട്ടീസ് അയച്ചിട്ടുണ്ട്.
മെയ് മൂന്നിന് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയിൽ പൊലീസ് ഇന്നലെയാണ് കേസെടുത്തതെന്ന് ആരോപണമുയർന്നു. കലാപം ആരംഭിച്ചിട്ട് ഇന്ന് ദിവസത്തിലേക്ക് എത്തുമ്പോഴും മണിപ്പൂരിൽ ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുകയാണ്. ഇതിനിടെ കലാപം ആരംഭിച്ച മെയ് മൂന്നിന് ആറ് കുകി യുവാക്കള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തെന്നു മെയ്തെയ് വിഭാഗത്തിൽപ്പെട്ട യുവതി പരാതി നൽകി. സംഭവത്തിൽ ബീഷ്ണുപൂർ പൊലീസ് ഇന്നലെ മാത്രമാണ് സീറോ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. പിന്നാലെ തുടരന്വേഷണത്തിനായി സംഭവം നടന്ന ചുരാചന്ദ്പൂരിലെ വനിത പൊലീസ് സ്റ്റേഷനിലേക്ക് കേസ് മാറ്റിയതായി പൊലീസ് അറിയിച്ചു.
അതേസമയം, അസം റൈഫിൾസും മണിപ്പുർ പൊലീസും തമ്മിൽ സംഘർഷം രൂക്ഷമായി തുടരുകയാണ്. സംഘർഷ മേഖലകളിൽ നിന്ന് അസം റൈഫിള്‍സിനെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മെയ്‌തെയ് വിഭാഗം കത്തയച്ചു. കുകികളുമായി അസം റൈഫിള്‍സ് സഹകരിക്കുന്നെന്നാണ് മെയ്‌തെയ് വിഭാഗത്തിന്റെ ആരോപണം.
Adjust Story Font
16