മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയത് ഒറ്റപ്പെട്ട സംഭവമല്ല-ചീഫ് ജസ്റ്റിസ്
സ്ത്രീകൾ സഹായം ചോദിച്ചുചെന്നപ്പോൾ ആൾക്കൂട്ടത്തിനിടയിലേക്ക് എറിഞ്ഞുകൊടുക്കുകയാണ് പൊലീസ് ചെയ്തതെന്ന് കപിൽ സിബൽ കോടതിയില്‍
ന്യൂഡൽഹി: മണിപ്പൂരിൽ രണ്ട് യുവതികളെ നഗ്നരാക്കി നടത്തിയ സംഭവം ഒറ്റപ്പെട്ടതല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. ആക്രമണത്തിനിരയായ യുവതികളുടെ ഹരജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേക സംവിധാനം വേണമെന്നും അദ്ദേഹം പറഞ്ഞു.
ഇരകൾക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആണ് ഹാജരായത്. അക്രമികൾക്ക് പൊലീസ് എല്ലാ സഹകരണവും ചെയ്തതിനു തെളിവുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീകൾ സഹായം ചോദിച്ചുചെന്നപ്പോൾ ആൾക്കൂട്ടത്തിനിടയിലേക്ക് എറിഞ്ഞുകൊടുക്കുകയാണ് പൊലീസ് ചെയ്തതെന്നും കപിൽ സിബൽ പറഞ്ഞു. വിഡിയോയിൽ പുറത്തുവന്നവർ മാത്രമല്ല ലൈംഗികമായി ആക്രമിക്കപ്പെട്ടതെന്നു മുതിർന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സിങ്ങും ചൂണ്ടിക്കാട്ടി. നിരവധി സ്ത്രീകൾ ലൈംഗികാതിക്രമത്തിനിരയായതിന് വ്യക്തമായ തെളിവുകളുണ്ടെന്നും അവർ പറഞ്ഞു.
''പൊലീസ് അക്രമികൾക്ക് എല്ലാ സഹകരണവും ചെയ്തിട്ടുണ്ടെന്നതിനു തെളിവുകളുണ്ട്. പൊലീസിനോട് സഹായം തേടിയപ്പോൾ ആൾക്കൂട്ടത്തിലേക്ക് എറിഞ്ഞിട്ടുകൊടുക്കുകയാണു ചെയ്തതെന്നതെന്ന് ഇരകളുടെ മൊഴികളും സത്യവാങ്മൂലങ്ങളും പറയുന്നുണ്ട്. പിന്നീട് എന്താണ് ചെയ്തതെന്ന് കണ്ടല്ലോ. ഇതിൽ ഒരു സ്ത്രീയുടെ അച്ഛനും സഹോദരനും കൊല്ലപ്പെട്ടിട്ടുണ്ട്. അവരുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. മേയ് 18ന് ഒരു എഫ്.ഐ.ആറും എടുത്തില്ല. കോടതി സ്വമേധയാ ഇടപെട്ടപ്പോഴാണ് എന്തെങ്കിലുമൊക്കെ സംഭവിച്ചത്. ഇതുപോലെ ഒരുപാട് സംഭവങ്ങളുണ്ടാകും. അതുകൊണ്ട് ഒരു സ്വതന്ത്ര ഏജൻസി ഇത് അന്വേഷണിക്കണം.'-കപിൽ സിബൽ ആവശ്യപ്പെട്ടു.
പുറത്തുവന്ന വിഡിയോയിൽ മാത്രമല്ല സ്ത്രീകൾ ആക്രമിക്കപ്പെട്ടതെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. വേറെയും ഒരുപാട് സംഭവങ്ങളുണ്ട്. അതുകൊണ്ട് ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ എന്ന വിശാലമായ വിഷയം കൈകാര്യം ചെയ്യാൻ നമുക്കൊരു സംവിധാനം വേണം. ജൂലൈ മൂന്നിനുശേഷം എത്ര എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
Summary: This video came to light is not the only assault on women. Number of other such incidents...so this is not an isolated incident: Supreme Court Chief Justice DY Chandrachud
Adjust Story Font
16