മണിപ്പൂർ; ഡിജിപിയോട് സുപ്രിംകോടതിയിൽ നേരിട്ട് ഹാജരാകാൻ നിർദേശം
സർക്കാർ നൽകിയ വിവരങ്ങൾ അവ്യക്തമെന്ന് നിരീക്ഷിച്ച കോടതി കേസുകൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചു
ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ സംസ്ഥാന പൊലീസ് മേധാവിയോട് സുപ്രിം കോടതിയിൽ നേരിട്ട് ഹാജരാകാൻ നിർദേശം. ഡിജിപി നേരിട്ട് ഹാജരായി അക്രമങ്ങളിൽ മറുപടി നൽകണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. തിങ്കളാഴ്ച രണ്ടുമണിക്ക് ഹാജരാകാനാണ് നിർദേശം. സർക്കാർ നൽകിയ വിവരങ്ങൾ അവ്യക്തമെന്ന് നിരീക്ഷിച്ച കോടതി കേസുകൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചു
വിഷയത്തിൽ വാദം പുനരാരംഭിച്ചപ്പോഴാണ് സുപ്രിംകോടതി മണിപ്പൂർ ഡിജിപിയോട് ഹാജരാകാൻ നിർദേശിച്ചത്. മണിപ്പൂരിൽ നഗ്നരാക്കി നടത്തിക്കുകയും ലൈംഗികാതിക്രമത്തിന് വിധേയരാക്കുകയും ചെയ്ത യുവതികളുടെ പേരുകൾ ആരുമായും പങ്കിടരുതെന്നും മാധ്യമങ്ങൾക്കും പേര് നൽകരുതെന്നും സുപ്രിംകോടതി കർശന നിർദേശം നൽകിയിട്ടുണ്ട്. സർക്കാർ റിപ്പോർട്ടിൽ ഇരകളുടെ പേരെഴുതിയത് തെറ്റെന്ന ഹരജിക്കാരന്റെ വാദത്തിലാണ് റിപ്പോർട്ട് പുറത്തു വിടരുതെന്ന് കോടതി കർശന നിർദേശം വെച്ചത്.
കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ വലിയ കാലതാമസം നേരിട്ടതായി കോടതി ചൂണ്ടിക്കാട്ടി. മണിപ്പൂരിൽ നിയമമില്ലേയെന്നാണ് കോടതി ചോദിച്ചത്. നടന്നത് ഗുരുതരമായ സംഭവമാണെന്നും ക്രമസമാധാനം തകർന്നിടത്ത് എങ്ങനെ നീതി നടപ്പാക്കുമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് വിമർശിച്ചു. കേസിൽ സിബിഐ റിപ്പോർട്ട് വെള്ളിയാഴ്ച സമർപ്പിക്കാമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.
Adjust Story Font
16