Quantcast

മണിപ്പൂര്‍ സംഘര്‍ഷം: അടിയന്തരവാദം കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രിംകോടതി

ഹരജി പരിഗണിക്കുന്നത് ജൂലൈ മൂന്നിലേക്ക് മാറ്റി

MediaOne Logo

Web Desk

  • Updated:

    2023-06-20 07:25:42.0

Published:

20 Jun 2023 6:14 AM GMT

Manipur Violence Supreme Court Refuses Urgent Listing
X

ഡല്‍ഹി: മണിപ്പൂരിലെ സംഘര്‍ഷത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതിയില്‍. എന്നാല്‍ അടിയന്തരവാദം കേള്‍ക്കാന്‍ സുപ്രിംകോടതി വിസമ്മതിച്ചു. ഹരജി പരിഗണിക്കുന്നത് ജൂലൈ മൂന്നിലേക്ക് മാറ്റി. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എം.എം സുന്ദ്രേഷ് എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ചാണ് കേസ് പരിഗണിച്ചത്.

മണിപ്പൂർ ട്രൈബൽ ഫോറമാണ് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചത്. മണിപ്പൂരിലെ അക്രമം തടയാൻ സുപ്രിംകോടതിക്ക് മാത്രമേ കഴിയൂ എന്ന് ഹരജിക്കാർ വാദിച്ചു. കുകി വിഭാഗത്തിനായി അഡ്വ. ഗോൺസാൽവസാണ് ഹാജരായത്. കുകികളുടെ സംരക്ഷണത്തിന് സായുധസേനയെ വിന്യസിക്കണമെന്നായിരുന്നു ആവശ്യം. അക്രമം തടയുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടും 70 ഗോത്ര വിഭാഗക്കാർ കൊല്ലപ്പെട്ടതായി ഗോൺസാൽവസ് വാദിച്ചു. കോടതി അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ഇനിയും ഗോത്ര വിഭാഗക്കാർ കൊല്ലപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

സുരക്ഷാ ഏജന്‍സികള്‍ സ്ഥലത്തുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മറുപടി നല്‍കി. മണിപ്പൂരിലേത് ക്രമസമാധാന പ്രശ്നമാണെന്നും സേനയെ വിന്യസിക്കാന്‍ കോടതി ഉത്തരവിടേണ്ടതില്ലെന്നുമാണ് ഹരജിക്കാരുടെ ആവശ്യത്തോട് കോടതി പ്രതികരിച്ചത്.

അതേസമയം മണിപ്പൂര്‍ സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി മൗനം തുടരുകയാണ്. മണിപ്പൂരിൽ നിന്നുള്ള പ്രതിപക്ഷ പ്രതിനിധി അംഗങ്ങളെ കാണാൻ സമയം അനുവദിച്ചില്ല. പ്രധാനമന്ത്രിയെ കാണാൻ കഴിഞ്ഞ ആറു ദിവസമായി സംഘം ഡൽഹിയിലുണ്ട്. പ്രധാനമന്ത്രി ഇന്ന് വിദേശ പര്യടനത്തിനായി പുറപ്പെടും.

Summary- The Supreme Court vacation bench declined to urgently list the Interlocutory Application (IA) filed by the Manipur Tribal Forum in the vacations. The bench turned down a plea to hear the matter tomorrow or day after tomorrow and listed it on July 3

TAGS :

Next Story