മണിപ്പൂരിൽ യുവതികളെ നഗ്നരാക്കി നടത്തി ബലാത്സംഗം ചെയ്ത കേസ് സി.ബി.ഐക്ക് കൈമാറും
വീഡിയോ പകർത്തിയ മൊബൈൽ ഫോൺ കണ്ടെടുത്തു
ഡല്‍ഹി: മണിപ്പൂരിൽ രണ്ട് യുവതികളെ നഗ്നരാക്കി നടത്തി ബലാത്സംഗം ചെയ്ത കേസ് സി.ബി.ഐക്ക് കൈമാറുന്നു. സംഭവത്തില്‍ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
യുവതികളെ നഗ്നരാക്കി നടത്തിയ കേസിന്‍റെ വിചാരണ മണിപ്പൂരിന് പുറത്തു നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രിംകോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കും. വീഡിയോ പകർത്തിയ മൊബൈൽ ഫോൺ കണ്ടെടുത്തു. വീഡിയോ ചിത്രീകരിച്ചയാളെ അറസ്റ്റ് ചെയ്തതായി സൂചനയുണ്ട്.
അതിനിടെ മണിപ്പൂരിൽ കുകി, മെയ്തെയ് വിഭാഗങ്ങളുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തി. ഇന്‍റലിജൻസ് ബ്യൂറോ മുൻ അഡീഷനൽ ഡയറക്ടര്‍ അക്ഷയ് മിശ്രയുടെ നേതൃത്വത്തിലാണ് ചർച്ച നടന്നത്. മണിപ്പൂരിൽ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ ഇരുവിഭാഗത്തിന്റെ പ്രതിനിധികളുമായി ചർച്ച നടത്തിയത്. സംസ്ഥാനത്തെ അക്രമങ്ങൾ ഉടനടി അവസാനിപ്പിക്കുന്നതിനുള്ള വഴികൾ കണ്ടെത്തുന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രത്യേക ഭരണത്തിനുള്ള കുകി ആവശ്യം ഇപ്പോൾ ചർച്ച ചെയ്യുന്നില്ലെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാൻ സർക്കാരിനോട് ആവശ്യപ്പെടാമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി ഒക്രം ഇബോബി സിങ് പറഞ്ഞു. സഭയിൽ വിശദമായി ചർച്ച ചെയ്ത് ശാശ്വതമായ പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണിപ്പൂർ സംഘർഷത്തിൽ ഇത്രയും നാൾ പ്രധാനമന്ത്രി മൗനം പാലിച്ചത് എന്തുകൊണ്ടാണെന്നും പാർലമെന്റിൽ മണിപ്പൂരിനെക്കുറിച്ച് ഉന്നയിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും പ്രധാനമന്ത്രി ഉത്തരം പറയണമെന്നും ഒക്രം ഇബോബി സിങ് പറഞ്ഞു. ഇന്ന് ചുരാചന്ദ്പൂർ ജില്ലയിലെ കാങ്‌വായില്‍ വെടിവെപ്പുണ്ടായി. ഗ്രാമത്തിന് കാവൽ നിന്ന രണ്ടു പേർക്കാണ് വെടിയേറ്റത്.
Adjust Story Font
16