കലാപത്തിനിടെ മൈ ഹോം ഇന്ത്യ പരിപാടിയിൽ പങ്കെടുത്തു; മണിപ്പൂരി നടിക്ക് മൂന്നു വർഷം വിലക്ക്
സിനിമയില്‍ അഭിനയിക്കുന്നതിനും പൊതുചടങ്ങില്‍ പങ്കെടുക്കുന്നതിനും വിലക്കേര്‍പ്പെടുത്തി
ഇംഫാൽ: മണിപ്പൂർ കലാപത്തിനിടെ മൈ ഹോം ഇന്ത്യ ന്യൂഡൽഹിയിൽ സംഘടിപ്പിച്ച സൗന്ദര്യമത്സരത്തിൽ പങ്കെടുത്ത വിഖ്യാത മണിപ്പൂരി നടിയും ഗായികയുമായ സോമ ലൈശ്രാമിന് മൂന്നു വർഷം സിനിമാ വിലക്ക്. സംസ്ഥാനത്തെ പ്രമുഖ സംഘടനയായ കൻഗ്ലെയ്പാക് കൻബ ലുപ് (കെകെഎൽ) ആണ് വിലക്കേർപ്പെടുത്തിയത്. നടിയുടേത് ക്രിമിനൽ കുറ്റമാണ് എന്നും മണിപ്പൂരിനെ ഒരു സാധാരണ സംസ്ഥാനമായി പ്രദർശിപ്പിക്കുന്ന നടപടിയാണെന്നും കെകെഎൽ കുറ്റപ്പെടുത്തി.
ദ നോർത്ത് ഈസ്റ്റ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് സെപ്ംബർ 16ന് ന്യൂഡൽഹിയിലെ താൽക്കത്തോറ സ്‌റ്റേഡിയത്തിലായിരുന്നു സൗന്ദര്യമത്സരം. പരിപാടിയിൽ സംബന്ധിക്കരുതെന്ന് കെകെഎൽ അടക്കമുള്ള മീതെയ് സമുദായ സംഘടനകൾ നേരത്തെ നടിയോട് അഭ്യർത്ഥിച്ചിരുന്നതായി വിവരമുണ്ട്. സിനിമാ സംഘടനകളായ ഫിലിം ഫോറം മണിപ്പൂരും ഫിലിം ആക്ടേഴ്‌സ് ഗിൽഡ് മണിപ്പൂരും സമാന അഭ്യർത്ഥന നടത്തിയിരുന്നു. എന്നാൽ നടി അംഗീകരിച്ചില്ല.
കലാപത്തിൽ ജീവനും ജീവനോപാധിയും നഷ്ടപ്പെട്ടവരോടുള്ള അനാദരവാണ് സോമയുടെ തീരുമാനമെന്ന് കെകെഎൽ കുറ്റപ്പെടുത്തി. പൊതുചടങ്ങുകളിൽ പങ്കെടുക്കുന്നതിനും നടിക്ക് വിലക്കുണ്ട്.
അതിനിടെ, ദ നോർത്ത് ഈസ്റ്റ് ഫെസ്റ്റിവലിൽ മണിപ്പൂരിലെ കലാപത്തെ കുറിച്ച് സംസാരിച്ച ഭാഗങ്ങൾ സോമ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. 'എല്ലാവർക്കുമറിയുന്ന പോലെ എന്റെ മാതൃസംസ്ഥാനമായ മണിപ്പൂർ നാലു മാസമായി കത്തിക്കൊണ്ടിരിക്കുകയാണ്. ആളുകൾ വെടിയേറ്റു കൊല്ലപ്പെട്ടു. വീടുകൾ അഗ്നിക്കിരയാക്കി. നാലു മാസമായി ഇന്റർനെറ്റ് നിരോധിച്ചു. ദേശീയമാധ്യമങ്ങൾ ഞങ്ങൾക്കു നേരെ കണ്ണടച്ചു. എനിക്കിപ്പോൾ വാക്കുകളില്ല. ഈ വേദി എന്റെ സംസ്ഥാനത്തിന്റെ ശബ്ദം ഉയർത്താനുള്ള അവസരമായി വിനിയോഗിക്കുകയാണ്.' - എന്നിങ്ങനെയായിരുന്നു അവരുടെ പ്രസംഗം.
Adjust Story Font
16