Quantcast

മദ്യനയക്കേസ്; മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും

ഡൽഹിയിലെ സി.ബി.ഐ കോടതിയാണ്, കസ്റ്റഡികാലാവധി ഇന്ന് അവസാനിക്കാനിരിക്കെ ഹരജി പരിഗണിക്കുന്നത്

MediaOne Logo

Web Desk

  • Published:

    4 March 2023 1:23 AM GMT

Manish Sisodia
X

മനീഷ് സിസോദിയ

ഡല്‍ഹി: മദ്യനയ കേസിൽ സി.ബി.ഐ അറസ്റ്റ് ചെയ്ത ഡൽഹി മുൻ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഡൽഹിയിലെ സി.ബി.ഐ കോടതിയാണ്, കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ ഹരജി പരിഗണിക്കുന്നത്. മദ്യനയ കേസിൽ പ്രതിരോധത്തിലായ ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയ വിശദീകരണ പരിപാടികളും ഇന്ന് ആരംഭിക്കും.

ഡൽഹി റോസ് അവന്യൂ കോടതിയാണ് മനീഷ് സിസോദിയയുടെ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കുന്നത്. തനിക്കെതിരെ അന്വേഷണ സംഘത്തിന് തെളിവ് ലഭിക്കാത്ത സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാണ് സിസോദിയയുടെ വാദം. നേരത്തെ സുപ്രീം കോടതിയെ മനീഷ് സിസോദിയ ജാമ്യാപേക്ഷയുമായി സമീപിച്ചിരുന്നെങ്കിലും ഹരജിയിൽ ഇടപെടാൻ കഴിയില്ലെന്നും വിചാരണ കോടതിയെ സമീപിക്കാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചിരുന്നു. വിചാരണ കോടതി സി.ബി.ഐക്ക് അനുവദിച്ച അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയാണ്.

കസ്റ്റഡി നീട്ടി നൽകാൻ ആവശ്യപ്പെടാൻ ആണ് അന്വേഷണ സംഘത്തിൻ്റെ നീക്കം. മന്ത്രിയുടെ അറസ്റ്റോടെ പ്രതിരോധത്തിലായ പാർട്ടിയെ രക്ഷിക്കാൻ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ ആണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നേതാക്കളോട് നിർദ്ദേശിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിൽ നുക്കഡ് സഭകൾ എന്ന് വിളിക്കപ്പെടുന്ന ഗൃഹസന്ദർശനം ഉൾപ്പടെയുള്ള പരിപാടികളാണ് ആംആദ്മി പാർട്ടി ആവിഷ്കരിച്ചിരിക്കുന്നത്. നാളെ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചും 6,7 തിയതികളിൽ പോളിംഗ് ബൂത്തുകൾ കേന്ദ്രീകരിച്ചും ആം ആദ്മി പാർട്ടി രാഷ്ട്രീയ വിശദീകരണ പരിപാടികൾ നടത്തും. അതേസമയം 'ഐ ലവ് മനീഷ് സിസോദിയ' എന്ന ക്യാംപയിൻ സ്കൂൾ കുട്ടികളെ ബലം പ്രയോഗിച്ച് ആംആദ്മി പാർട്ടി നടത്തുകയാണ് എന്ന് ബി.ജെ.പി ആരോപണം ഉന്നയിച്ചിട്ടുണ്ട്.

TAGS :

Next Story