'2024ലെ അങ്കം കെജ്‌രിവാളും മോദിയും തമ്മിൽ'; ബി.ജെ.പിയെ കടന്നാക്രമിച്ച് സിസോദിയ
''മദ്യനയമോ എക്സൈസ് ക്രമക്കേടുകളോ അല്ല ബി.ജെ.പിയുടെ പ്രശ്നം, അരവിന്ദ് കെജ്‌രിവാളാണ്. 2024ലെ തിരഞ്ഞെടുപ്പിൽ മോദിക്കെതിരെ കെജ്‌രിവാളിന്റെ പേര് ഉയർന്നുകേൾക്കുന്നുണ്ട്. അതിനാലാണ് അദ്ദേഹത്തെ തടയണമെന്ന് മോദി ആഗ്രഹിക്കുന്നതും.''
ന്യൂഡൽഹി: മദ്യനയ കേസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഡൽഹി സർക്കാരിന്റെ എക്‌സൈസ് നയത്തിൽ സി.ബി.ഐ നടത്തിയ റെയ്ഡുകൾ അഴിമതിയുമായി ബന്ധപ്പെട്ടതല്ലെന്ന് വാദിച്ച സിസോദിയ അരവിന്ദ് കെജ്‌രിവാളിന്റെ ദേശീയ രാഷ്ട്രീയത്തിലെ ഉയർച്ച തടയാനായിരുന്നു കേന്ദ്രനീക്കമെന്നും ആരോപിച്ചു.
സെൻട്രൽ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ നടത്തിയ പത്രസമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. വരും ദിവസങ്ങളിൽ താൻ അറസ്റ്റിലാകാൻ സാധ്യതയുണ്ടെന്നും എന്നാൽ ജയിലിൽ പോകാൻ ഭയമില്ലെന്നും സിസോദിയ വ്യക്തമാക്കി. മദ്യനയത്തിൽ യാതൊരു ക്രമക്കേടുകളുമില്ലെന്നും വളരെ മികച്ചൊരു നയമായിരുന്നു അതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'മദ്യനയമോ എക്സൈസ് ക്രമക്കേടുകളോ അല്ല ബി.ജെ.പിയുടെ പ്രശ്നം, അരവിന്ദ് കെജ്‌രിവാളാണ്. 2024ലെ തിരഞ്ഞെടുപ്പിൽ മോദിക്കെതിരെ ആരെന്ന ചോദ്യം ഉയർന്നിരുന്നു. ഇപ്പോൾ അതിന്റെ ഉത്തരം നമ്മുടെ പക്കലുണ്ട്. കെജ്‌രിവാളും മോദിയുമാകും നേർക്കുനേർ ഏറ്റുമുട്ടുക. ദേശീയതലത്തിൽ കെജ്‌രിവാളിന്റെ പേര് ഉയർന്നുകേൾക്കുന്നുണ്ട്. അതിനാലാണ് അദ്ദേഹത്തെ തടയണമെന്ന് മോദി ആഗ്രഹിക്കുന്നതും. കെജ്‌രിവാളിന്റെ മന്ത്രിമാർക്കും മറ്റ് എ.എ.പി നേതാക്കൾക്കുമെതിരെ കേന്ദ്ര ഏജൻസികളെ അഴിച്ചുവിട്ടിരിക്കുകയാണ്'; സിസോദിയ പറഞ്ഞു.
പല സംസ്ഥാനങ്ങളിലും എന്താണ് സംഭവിച്ചതെന്ന ബോധ്യം ജനങ്ങൾക്കുണ്ട്.അഴിമതിക്കെതിരെ പ്രവർത്തിക്കാൻ കേന്ദ്രസർക്കാരിന് താല്പര്യം ഉണ്ടായിരുന്നെങ്കിൽ സി.ബി.ഐ, ഇ.ഡി റെയ്ഡുകൾ ഗുജറാത്തിലായിരുന്നു നടക്കേണ്ടിയിരുന്നത്. ബിജെപി ഭരിക്കുന്ന ഗുജറാത്തിൽ പ്രതിവർഷം 10,000 കോടി രൂപയുടെ എക്സൈസ് അഴിമതിയാണ് നടക്കുന്നത്. തങ്ങൾക്കെതിരെ അന്വേഷണത്തിന് ഉത്തരവിടുന്നവർഅഴിമതിയിൽ പങ്കാളികളാണ്. മോദി ഉദ്‌ഘാടനം ചെയ്ത ബുന്ദേൽഖണ്ഡ് എക്‌സ്‌പ്രസ്‌വേ അഞ്ച് ദിവസത്തിനുള്ളിൽ തകർന്നതിനെ പറ്റി എന്ത് കൊണ്ട് അന്വേഷണം നടക്കുന്നില്ലെന്നും സിസോദിയ ചോദിച്ചു.
സിസോദിയയെ ഒന്നാം പ്രതിയാക്കിയാണ് സി.ബി.ഐ കേസെടുത്തിരിക്കുന്നത്. മദ്യ ലോബിയെ സഹായിക്കുന്നതിനായി നയത്തിൽ മാറ്റം വരുത്തിയെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കിയിട്ടുണ്ട്. മലയാളികളായ വിജയ് നായർ, അരുൺ രാമചന്ദ്രപിള്ള എന്നിവരും കേസിൽ പ്രതികളാണ്. ഇവർ മുഖേന സിസോദിയയുടെ സഹായികൾ കോടിക്കണക്കിനു രൂപ നേടിയെന്നാണ് കേസ്. തൃണമൂൽ കോൺഗ്രസ്, സി.പി.എം, എസ്പി, ടി.ആർ.എസ് എന്നീ പാർട്ടികൾ റെയ്ഡിനെ അപലപിച്ചു. എന്നാൽ, കോൺഗ്രസ് റെയ്ഡിനോട് പ്രതികരിച്ചില്ല
Adjust Story Font
16