Quantcast

സിസോദിയ സി.ബി.ഐ ഓഫീസില്‍; നേതാക്കള്‍ വീട്ടുതടങ്കലിലെന്ന് എ.എ.പി

സിസോദിയയെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയെന്ന് എ.എ.പി

MediaOne Logo

Web Desk

  • Updated:

    2023-02-26 05:44:55.0

Published:

26 Feb 2023 4:46 AM GMT

delhi liquor policy case cbi to question Manish Sisodia AAP Leaders Allege House Arrest
X

മനീഷ് സിസോദിയ

ഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സി.ബി.ഐക്ക് മുന്നിൽ ഹാജരായി. രാവിലെ 11 മണിക്ക് ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സി.ബി.ഐ നോട്ടീസ് നൽകിയിരുന്നു. സിസോദിയയുടെ വീടിന് മുൻപിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ചോദ്യംചെയ്യലിന്‍റെ പശ്ചാത്തലത്തിൽ നേതാക്കളെ വീട്ടുതടങ്കലില്‍ ആക്കിയിരിക്കുകയാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. സഞ്ജയ് സിങ് എം.എല്‍.എയാണ് ആരോപണം ഉന്നയിച്ചത്.

സി.ബി.ഐ ഓഫീസിലെത്തും മുന്‍പ് സിസോദിയ മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ട് സന്ദര്‍ശിച്ചു- "ഇന്ന് വീണ്ടും സി.ബി.ഐ ഓഫീസിലേക്ക് പോകും. ​​അന്വേഷണത്തോട് പൂർണമായി സഹകരിക്കും. ലക്ഷക്കണക്കിന് കുട്ടികളുടെ സ്നേഹവും കോടിക്കണക്കിന് ജനങ്ങളുടെ അനുഗ്രഹവും ഞങ്ങൾക്കൊപ്പമുണ്ട്. കുറച്ച് മാസം ജയിലിൽ കിടക്കേണ്ടി വന്നാലും എനിക്ക് പ്രശ്നമില്ല. രാജ്യത്തിന് വേണ്ടി തൂക്കിലേറ്റപ്പെട്ട ഭഗത് സിങ്ങിന്റെ അനുയായിയാണ് ഞാൻ" എന്നാണ് സിസോദിയ ട്വീറ്റ് ചെയ്തത്.

ഫെബ്രുവരി 19നാണ് സി.ബി.ഐ സിസോദിയയെ ഒടുവില്‍ ചോദ്യംചെയ്തത്. ധനമന്ത്രി കൂടിയായ സിസോദിയ ബജറ്റ് തയ്യാറാക്കാന്‍ ഒരാഴ്ചത്തെ സമയം സി.ബി.ഐയോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം സി.ബി.ഐ അംഗീകരിക്കുകയായിരുന്നു.

പുതിയ മദ്യനയത്തിനെതിരെ ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ വി.കെ സക്സേനയാണ് കഴിഞ്ഞ വര്‍ഷം സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത്. ലെഫ്റ്റനന്‍റ് ഗവര്‍ണറുടെ തീരുമാനത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് എ.എ.പി ആരോപിച്ചു. ഇടനിലക്കാരെയും വ്യാപാരികളെയും ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് ഡൽഹി മദ്യനയം തങ്ങൾക്കനുകൂലമാക്കാൻ വ്യവസായികളുടെയും രാഷ്ട്രീയക്കാരുടെയും 'ദക്ഷിണേന്ത്യന്‍ ലോബി' ശ്രമിച്ചെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. ഭാരത രാഷ്ട്ര സമിതി നേതാവും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളുമായ കെ കവിതയുടെ മുൻ ചാർട്ടേഡ് അക്കൗണ്ടന്‍റ് ബുച്ചിബാബു ഗോരന്തലയെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.

Summary- Delhi Deputy Chief Minister Manish Sisodia will go to the Central Bureau of Investigation (CBI) office today for questioning in the liquor policy case. Mr Sisodia is expected to reach the CBI's headquarters in central Delhi's Lodhi Road at 11 am.

TAGS :

Next Story