നിർണായക പ്രവർത്തക സമിതി യോഗത്തിൽ മൻമോഹൻ സിങ്ങും ആന്റണിയുമില്ല
57 മുതിർന്ന നേതാക്കളാണ് യോഗത്തിൽ പങ്കെടുക്കുന്നത്
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യാൻ ചേരുന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പങ്കെടുക്കില്ല. അനാരോഗ്യം മൂലമാണ് 89കാരനായ സിങ് പങ്കെടുക്കാതിരിക്കുന്നതെന്ന് എൻഡിടിവി റിപ്പോർട്ടു ചെയ്യുന്നു.
കേരളത്തിൽനിന്നുള്ള മുതിർന്ന നേതാവും മുൻ പ്രതിരോധ മന്ത്രിയുമായ എകെ ആന്റണി അടക്കം മറ്റു മൂന്നു പേരും യോഗത്തിനില്ല. 57 മുതിർന്ന നേതാക്കളാണ് യോഗത്തിൽ പങ്കെടുക്കുന്നത്.
ഇന്ന് രാവിലെ സോണിയാ ഗാന്ധിയുടെ വീട്ടിൽ നടന്ന യോഗത്തിലും ഡോ.സിങ് പങ്കെടുത്തിരുന്നില്ല. മല്ലികാർജ്ജുൻ ഖാർഗെ, ആനന്ദ് ശർമ്മ, കെ സുരേഷ്, ജയ്‌റാം രമേശ് തുടങ്ങിയ നേതാക്കൾ യോഗത്തിനെത്തിയിരുന്നു.
അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ തിരുത്തൽവാദികളുടെ സമ്മർദത്തിൻറെ ഫലമായിട്ടാണ് ഇന്ന് പ്രവർത്തക സമിതി യോഗം ചേരുന്നത്. ജി 23 നേതാക്കളുടെ പ്രതിഷേധം കനത്തതോടെ സോണിയ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും രാജിസന്നദ്ധത അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. വാർത്ത അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാലയും പിന്നാലെയെത്തി.
അതിനിടെ, ജി 23 നേതാക്കൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ പേര് നിർദേശിച്ചു. മുകുൾ വാസ്‌നികിനെ അധ്യക്ഷനാക്കണമെന്നാണ് നിര്‍ദേശം.
നിലവിൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയാണ് മുകുൾ വാസ്‌നിക്. കേന്ദ്രമന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. 2009-14 വരെ മഹാരാഷ്ട്രയിലെ രാംടെക് മണ്ഡലത്തെ പ്രതിനിധീകരിച്ചു. എൻ.എസ്.യുവിൻറെയും യൂത്ത് കോൺഗ്രസിൻറെയും ദേശീയ അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.
Adjust Story Font
16