Quantcast

ഉദാരവത്കരണ വിപ്ലവത്തിന്റെ പിതാവ്; സാമ്പത്തികത്തകർച്ചയിൽ നിന്നും ഇന്ത്യയെ രക്ഷിച്ച സിങ്

1991ൽ സാമ്പത്തിക തകർച്ചയിലേക്ക് വീണ രാജ്യത്തെ കുതിച്ചുയർത്തിയ നേതാവ്.

MediaOne Logo

Web Desk

  • Updated:

    2024-12-26 19:47:36.0

Published:

26 Dec 2024 7:03 PM GMT

ഉദാരവത്കരണ വിപ്ലവത്തിന്റെ പിതാവ്; സാമ്പത്തികത്തകർച്ചയിൽ നിന്നും ഇന്ത്യയെ രക്ഷിച്ച സിങ്
X

ഇന്ത്യൻ സാമ്പത്തികവ്യവസ്ഥയ്ക്ക് എക്കാലത്തെയും മികച്ച പരിഷ്‌കരണങ്ങൾ നൽകിയാണ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് വിടവാങ്ങുന്നത്. രാജ്യത്തെ ഉദാരവത്കരണത്തിന്റെ പിതാവായ അദേഹം സാമ്പത്തിക മേഖലയ്ക്കുപരി പ്രധാനമന്ത്രി പദവിയിലും മികച്ച സംഭാവനകളാണ് നൽകിയത്. സാമ്പത്തിക ശാസ്ത്രജ്ഞൻ എന്നതിലുപരി മികച്ച അക്കദമീഷ്യൻ, രാഷ്ട്രീയ വിദഗ്ധൻ, രാഷ്ട്രീയ നേതാവ് എന്ന നിലയിലും അദേഹം കഴിവ് തെളിയിച്ചു.സൗമ്യവും ശാന്തവുമായ സ്വഭാവം കൊണ്ടും ചെറുപുഞ്ചിരി കൊണ്ടും രാജ്യത്തെ ഭരിച്ച ഏറ്റവും മികച്ച പ്രധാനമന്ത്രിമാരിൽ ഒരാളായ മൻമോഹൻ സിങ്ങിന്റെ സാമ്പത്തിക നയങ്ങൾ രാജ്യത്തെ വൻ സാമ്പത്തിക ഞെരുക്കങ്ങളിൽ നിന്നും കരകയറ്റുന്നതിനും അഭിവൃദ്ധിക്കും കാരണമായിട്ടുണ്ട്.

1932 സെപ്തംബർ 26ന് ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബ്, ഗാഹിൽ (ഇന്നത്തെ പാകിസ്താൻ) ജനിച്ച മൻമോഹൻ സിങ് 1948ൽ വിഭജനശേഷമാണ് ഇന്ത്യയിലെത്തുന്നത്. 1952ൽ പഞ്ചാബ് സർവകലാശാലയിൽ നിന്നും ബിരുദം നേടിയ അദേഹം 1954ൽ ഹോഷിരാപൂരിൽ നിന്നും ബിരുദാനന്തര ബിരുദവും കരസ്തമാക്കി. എല്ലാ ക്ലാസുകളിലും ഒന്നാമനായായിരുന്നു മൻമോഹൻ സിങ് തന്റെ വിദ്യാഭ്യാസകാലം പൂർത്തിയാക്കിത്.

1957ൽ കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ട്രിപ്പോസും ഒക്‌സ്‌ഫോർഡ് സർവകലാശാലയിൽ തന്റെ ഡിഫിലും മൻമോഹൻ സിങ് പൂർത്തിയാക്കി. 1962ൽ രാജ്യത്തെ കയറ്റുമതിയെക്കുറിച്ച് നടത്തിയ പഠനത്തിനാണ് മൻമോഹൻ സിങിന് ഡോക്ടറേറ്റ് ലഭിച്ചത്.

1963 മുതൽ 65 വരെ കാലഘട്ടത്തിൽ ഐക്യരാഷ്ട്ര സഭയുടെ വ്യാപാര വികസന വകുപ്പിൽ സേവനമനുഷ്ടിച്ച മൻമോഹൻ സിങ്ങിൻ്റെ കഴിവുകൾ കണ്ടെത്തിയത് അന്നത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രിയായിരുന്ന ലളിത് നാരായൺ മിശ്രയായിരുന്നു. അദേഹം സിങ്ങിനെ വിദേശ വ്യാപാര മന്ത്രാലയത്തിന്റെ ഉപദേശകനായി നിയമിച്ചു.

1972ൽ അദേഹം ധനകാര്യ മന്ത്രാലയത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവായും 1976ൽ സെക്രട്ടറിയായും സേവനമനുഷ്ടിച്ചു. 1980 മുതൽ 82 വരെ ആസൂത്രണ കമ്മീഷനിൽ സേവനമനുഷ്ടിച്ച അദേഹത്തെ 1982ൽ അന്നത്തെ ധനമന്ത്രിയായിരുന്ന പ്രണബ് മുഖർജി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണറായി നിയമിച്ചു. 1985 വരെ ഈ സേവനമനുഷ്ടിച്ച അദേഹം 1987വരെ ആസൂത്രണ കമ്മീഷന്റെ ഉപാധ്യക്ഷ സ്ഥാനവും വഹിച്ചു.

തുടർന്ന് ജനീവ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വതന്ത്ര സാമ്പത്തിക നയ കമ്മീഷന്റെ സെക്രട്ടറി ജനറലായും അദേഹം സേവനമനുഷ്ടിച്ചു.

സാമ്പത്തിക ശാസ്തജ്ഞനിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് മൻമോഹൻ സിങ് കാലെടുത്ത് വെച്ചത് 1990കളോടെയായിരുന്നു. ജനീവയിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ അദേഹത്തെ അന്നത്തെ പ്രധാനമന്ത്രി വി.പി സിങ് തന്റെ ഉപദേശകനാക്കുകയായിരുന്നു.

തുടർന്ന് 91ൽ പ്രധാനമന്ത്രിയായ നരസിംഹ റാവു മൻമോഹൻ സിങ്ങിനെ തന്റെ മന്ത്രിസഭയിലെ ധനകാര്യ മന്ത്രിയാക്കി.

1991ൽ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ വളരെ പരിതാപകരമായിരുന്നു. ധനക്കമ്മി മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 8.5 ശതമാനമായിരുന്നു അന്ന്.

അന്താരാഷ്ട്ര നാണ്യ നിധിയിൽ നിന്നും പണം കടം വാങ്ങാൻ ശ്രമിച്ച ഇന്ത്യയ്ക്ക് മുന്നിൽ നിരവധി മാനദണ്ഡങ്ങളായിരുന്നു നിരത്തപ്പെട്ടത്. അതുവരെ സംസ്ഥാനങ്ങളുടെ കീഴിലുള്ള സാമ്പത്തിക നടത്തിപ്പുകളുടെ അവകാശം കേന്ദ്രത്തിന് കീഴിൽ കൊണ്ടുവരാനും ലൈസൻസ് രാജ് അടക്കമുള്ള ഇന്ത്യൻ സാമ്പത്തിക നയങ്ങൾ ഒഴിവാക്കാനും ആവശ്യപ്പെട്ടത് ഇവയിൽ ചിലതായിരുന്നു.

മാനദണ്ഡങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അതിവഗുരുതരാവസ്ഥയിലെത്തുമെന്ന് പ്രധാനമന്ത്രിയോട് പറഞ്ഞത് മൻമോഹൻ സിങ്ങായിരുന്നു. എന്നാൽ സംസ്ഥാനങ്ങളും പാർട്ടിയിലെ വലിയൊരു വിഭാഗം നേതാക്കളും മാനദണ്ഡങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി വന്നു.

വിമർശനങ്ങൾക്കിടയിൽ കുടുങ്ങിയ പ്രധാനമന്ത്രിയോട് മാനദണ്ഡങ്ങൾ കർശനമായി നടപ്പിലാക്കാൻ നിർബന്ധിച്ചത് മൻമോഹൻ സിങ്ങും പി. ചിദംബരവുമായിരുന്നു.

രാജ്യത്തെ സാമ്പത്തിക വ്യവസ്ഥ കൂടുതൽ ശക്തിപ്പെടുത്തുന്ന രീതിയിലായിരുന്നു മൻമോഹൻ സിങ്ങിന്റെ പരിഷ്‌കാരങ്ങൾ. കയറ്റുമതി തീരുവ കുറച്ചതും, പെർമിറ്റ് രാജ് നിരോധിച്ചതും സാമ്പത്തിക സ്വാതന്ത്രൃം സംസ്ഥാനങ്ങളിൽ നിന്ന് മാറ്റി കേന്ദ്രത്തിന് കീഴിലാക്കിയതും രാജ്യത്തെ സാമ്പത്തിക മേഖലയിൽ അഭിവൃദ്ധിക്ക് കാരണമായി.

അതുവരെ രാജ്യം പിന്തുടർന്ന് വന്നിരുന്ന സോഷ്യലിസ്റ്റ് സാമ്പത്തിക രീതികളിൽ നിന്നും മുതലാളിത്ത രീതികളെക്കുറിച്ച് ചിന്തിപ്പിക്കുന്നതിനും മൻമോഹൻ സിങ്ങിന്റെ നയങ്ങൾ കാരണമായി. സ്വാകാര്യ ബിസിനസുകൾ രാജ്യത്ത് വൻതോതിൽ വർധിച്ചു. ഇത് കൂടാതെ വിദേശനിക്ഷേപത്തിന് മേൽ ചുമത്തിയിരുന്ന കർശന മാനദണ്ഡങ്ങളിൽ അയവ് വരുത്താനും പൊതുമേഖല കമ്പനികളുടെ സ്വകാര്യവത്കരണത്തിനും തന്റെ കാലഘട്ടത്തിൽ മൻമോഹൻ സിങ് നയങ്ങൾ കൊണ്ടുവന്നു. മൻമോഹൻ സിങ്ങിന്റെ നയങ്ങൾക്ക് പിന്നാലെ കൂപ്പുകുത്തിയ രാജ്യത്തിന്റെ സാമ്പത്തിക നില കുതിച്ചുയർന്നു.

തുടർന്ന് 1998 മുതൽ 2004 വരെ ബിജെപി അധികാരത്തിലേറിയപ്പോൾ രാജ്യസഭയിലെ പ്രതിപക്ഷനേതാവായും മൻമോഹൻ സിങ് തുടർന്നു.

2004ലെ പൊതുതെരഞ്ഞെടുപ്പിന് പിന്നാലെയാണ് മൻമോഹൻ സിങ് രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റെടുക്കുന്നത്. യുപിഎ സർക്കാരിന്റെ അപ്രതീക്ഷിത നീക്കമായിരുന്നു. ഒരിക്കലും നേരിട്ടുള്ള തെരഞ്ഞെടുപ്പിൽ വിജയിക്കാതിരുന്ന മൻമോഹൻ സിങ്ങിനെ പ്രധാനമന്ത്രിയാക്കൽ. അഴിമതിയുടെ കളങ്കമില്ലാത്ത അധികാരമോഹമില്ലാത്ത ശുദ്ധ രാഷ്ട്രീയക്കാരനെന്നാണ് മൻമോഹൻ സിങ്ങിനെ അന്ന് ബിബിസി വിശേഷിപ്പിച്ചത്.

തുടർന്ന് തന്റെ സാമ്പത്തികമന്ത്രി പി. ചിദംബരത്തോടൊപ്പം ചേർന്ന അദേഹം രാജ്യത്തിന്റെ സാമ്പത്തിക മേഖലയിൽ മികച്ച വളർച്ച കൈവരിച്ചു. 2007ൽ രാജ്യത്തെ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജിഡിപി വളർച്ചാനിരക്കായ ഒമ്പത് ശതമാനത്തിൽ എത്തിച്ചതും മൻമോഹൻ സിങിന്റെ നേട്ടങ്ങളുടെ പട്ടികയിലെ പൊൻതൂവലാണ്. 2005ൽ അദേഹം നടപ്പിലാക്കിയ ദേശീയ തൊഴിലുറപ്പ് നിയമം ലക്ഷക്കണക്കിന് ജനതയെ പട്ടിണിയിൽ നിന്ന് കരകയറ്റി.

അരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, സുരക്ഷ, ആഭ്യന്തരം എന്നീ മേഖലകളിലും മൻമോഹൻ സിങ് സർക്കാർ മികച്ച നേട്ടം കൈവരിച്ചു. 2005ൽ വിവരാവകാശ നിയമവും മൻമോഹൻ സിങ്ങിന്റെ ഭരണകാലത്തെ ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്നായിരുന്നു.

2009 മുതൽ 2014 വരെയുളള കാലഘട്ടത്തിലും മൻമോഹൻ സിങ് പ്രധാനമന്ത്രിയായി തുടർന്നു. എന്നാൽ യുപിഎ സർക്കാർ നിരവധി അഴിമതികളുട നിഴലിൽ വന്ന ഈ കാലഘട്ടത്തോടെ മൻമോഹൻ സിങ് സജീവ രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിൽക്കാൻ തുടങ്ങി.

2014ൽ എൻഡിഎ സർക്കാറിന് യുപിഎ സർക്കാർ വഴിമാറിയതോടെ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച മൻമോഹൻ സിങ് തുടർന്ന പ്രധാനമായും രാജ്യസഭാ എംപി എന്ന പദവി മാത്രമേ സ്വീകരിച്ചുള്ളു. 2024ൽ അദേഹം തന്റെ എംപി സ്ഥാനവും രാജിവെച്ചു.

മരണം വരെ രാജ്യത്തിനായി സേവനമനുഷ്ടച്ച മൻമോഹൻ സിങ് മുൻ പ്രധാനമന്ത്രി, സാമ്പത്തിക ശാസ്ത്രജ്ഞൻ എന്നതിലുപരി രാജ്യത്തെ ഭാവി തലമുറയ്ക്ക് ദൃഢനിശ്ചയത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ആസൂത്രണത്തിന്റെയും പാത നോക്കിപഠിക്കാനുള്ള മാതൃക കൂടിയാണ്.

TAGS :

Next Story