Quantcast

സമരത്തിനിടെ മരിച്ച കർഷകൻ്റെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം

രണ്ട് ദിവസത്തേക്ക് അതിർത്തിയിൽ നിർത്തിവെച്ച ഡൽഹി ചലോ മാർച്ചിൻ്റെ അടുത്ത ഘട്ടം ഇന്ന് കർഷക നേതാക്കൾ പ്രഖ്യാപിക്കും

MediaOne Logo

Web Desk

  • Published:

    23 Feb 2024 7:57 AM GMT

Shubhkaran Singh
X

ശുഭ്കരൺ സിംഗ്

ജലന്ധര്‍: പഞ്ചാബ് ഹരിയാന അതിർത്തിയിലെ സമരത്തിനിടെ മരിച്ച കർഷകൻ്റെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് പഞ്ചാബ് സർക്കാർ. ഇരുപത്തി ഒന്നുകാരനായ ശുഭ്കരൺ സിംഗ് ഹരിയാന പോലീസ് നടപടിയിൽ കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യവ്യാപകമായി കരിദിനം ആചരിക്കുകയാണ് കർഷക സംഘടനകൾ. രണ്ട് ദിവസത്തേക്ക് അതിർത്തിയിൽ നിർത്തിവെച്ച ഡൽഹി ചലോ മാർച്ചിൻ്റെ അടുത്ത ഘട്ടം ഇന്ന് കർഷക നേതാക്കൾ പ്രഖ്യാപിക്കും.

ഹരിയാന പഞ്ചാബ് അതിർത്തിയായ ഖനൗരിൽ വെച്ചാണ് 21കാരനായ ശുഭ്കരൺ സിംഗ് ഹരിയാന പോലീസ് നടപടിക്കിടെ ബുധനാഴ്ച കൊല്ലപ്പെട്ടത്. തലയ്ക്ക് വെടിയേറ്റ് മരിച്ച കർഷകനെ രക്തസാക്ഷിയായി പ്രഖ്യാപിക്കണമെന്നും കുടുംബത്തിന് ഒരു കോടി രൂപ നഷ്ട പരിഹാരം നൽകണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്ന ഉറപ്പോടെ ആണ് മരിച്ച കർഷകൻ്റെ സഹോദരിക്ക് സർക്കാർ ജോലിയും കുടുംബത്തിന് ഒരു കോടി രൂപ ധനസഹായവും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ പ്രഖ്യാപിച്ചത്.

കുറ്റക്കാരായ ഹരിയാന പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ പഞ്ചാബ് സർക്കാർ നടപടി എടുക്കുന്നില്ല എന്ന് കർഷക സംഘടനകൾ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. പഞ്ചാബ് സർക്കാർ വഴങ്ങിയതോടെ മരിച്ച ശുഭ്കരൺ സിംഗിൻ്റെ പോസ്റ്റ്മോർട്ടം നടപടികളുമായി കുടുംബവും കർഷക സംഘടനകളും സഹകരിച്ചേക്കും. അതേസമയം പൊതുമുതൽ നശിപ്പിച്ചെന്ന് ആരോപിച്ച് കർഷക സംഘടനാ നേതാക്കൾക്ക് എതിരെ രാജ്യ സുരക്ഷാ നിയമപ്രകാരം കേസ് എടുക്കാനുള്ള തീരുമാനം ഹരിയാന പൊലീസ് പിൻവലിച്ചു.

സ്വത്തുവകകൾക്ക് സംഭവിക്കുന്ന നഷ്ടം കർഷക നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടി നികത്താൻ ആണ് ഹരിയാന പോലീസ് ആലോചിച്ചിരുന്നത്. സംയുക്ത കിസാൻ മോർച്ച കൂടി സമര രംഗത്ത് എത്തുന്നതോടെ കർഷക പ്രക്ഷോഭം കൂടുതൽ ശക്തി പ്രാപിക്കും. ഇന്ന് വൈകിട്ട് നടക്കുന്ന യോഗത്തിനു ശേഷം ഡൽഹി ചലോ മാർച്ചിൻ്റെ അടുത്ത ഘട്ടം കർഷക സംഘടനകൾ പ്രഖ്യാപിക്കും.

TAGS :

Next Story