കിടപ്പ് രോഗിയെന്ന പേരിൽ ജാമ്യം; നരോദ പാട്യ കേസിലെ പ്രതി ബി.ജെ.പിക്കായി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവം
നരോദ പാട്യ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മനോജ് കുൽക്കർണിയാണ് മകൾ പായൽ കുൽക്കർണി മത്സരിക്കുന്ന നരോദ മണ്ഡലത്തിൽ പ്രചാരണത്തിനിറങ്ങിയത്.
അഹമ്മദാബാദ്: നരോദ പാട്യ കൂട്ടക്കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മനോജ് കുൽക്കർണി ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കായി പ്രചാരണരംഗത്ത് സജീവം. മകൾ പായൽ കുൽക്കർണി മത്സരിക്കുന്ന നരോദ മണ്ഡലത്തിലാണ് മനോജ് പ്രചാരണത്തിനിറങ്ങിയത്.
പൂർണമായും കിടപ്പ് രോഗിയാണെന്നും ജയിലിൽ കഴിയാനാവില്ലെന്നും റിപ്പോർട്ട് നൽകിയാണ് ഇയാൾ ജാമ്യം നേടിയത്. 2016 മുതൽ നിരവധി തവണ ജാമ്യത്തിലിറങ്ങിയ മനോജ് ഇപ്പോൾ സ്ഥിരം ജാമ്യത്തിലാണ്. ഗുജറാത്ത് കലാപത്തിൽ ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ട കൂട്ടക്കൊല നടന്ന സ്ഥലമാണ് നരോദ പാട്യ. ഇതിന് നേതൃത്വം നൽകിയത് മനോജ് കുൽക്കർണി അടക്കമുള്ളവരായിരുന്നു.
അനസ്തറ്റിസ്റ്റ് ആയി ജോലി ചെയ്തിരുന്ന പായൽ കുൽക്കർണിക്ക് രാഷ്ട്രീയരംഗത്ത് മുൻപരിചയമില്ല. സിറ്റിങ് എം.എൽ.എ ആയ ബൽറാം തവാനിയെ മാറ്റിയാണ് പായലിനെ മത്സരിപ്പിക്കാൻ ബി.ജെ.പി തീരുമാനിച്ചത്. പായലിന്റെ സ്ഥാനാർഥിത്വം കലാപകാരികൾക്കുള്ള ബി.ജെ.പിയുടെ സമ്മാനമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
തവാനി അടക്കമുള്ള അടക്കമുള്ള ബി.ജെ.പി നേതാക്കൾ മനോജ് കുൽക്കർണിക്ക് ഊഷ്മള സ്വീകരണമാണ് നൽകിയത്. കൂട്ടക്കൊല നടന്ന നരോദ പാട്യ ഉൾപ്പെടുന്ന മണ്ഡലത്തിലാണ് കേസിൽ ശിക്ഷിക്കപ്പെട്ടയാളുടെ മകളെ ബി.ജെ.പി സ്ഥാനാർഥിയാക്കിയത്. ഗുജറാത്ത് കലാപത്തിനിടെ 97 പേരാണ് നരോദ പാട്യയിൽ കൂട്ടക്കൊലക്ക് ഇരയായത്. മനോജ് കുൽക്കർണി അടക്കം 32 പ്രതികളാണ് കേസിൽ ശിക്ഷിക്കപ്പെട്ടത്. ശിക്ഷിക്കപ്പെട്ടതിന് ശേഷം മനോജ് കൂടുതൽ സമയവും ജയിലിന് പുറത്തായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.
മനോജ് കുൽക്കർണിയുടെ ജാമ്യം റദ്ദാക്കാൻ നരോദ പാട്യയിൽ കൂട്ടക്കൊലക്ക് ഇരയായവരുടെ ബന്ധുക്കൾ എത്രയും വേഗം ഹൈക്കോടതിയെ സമീപിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര പറഞ്ഞു.
Manoj Kukrani convicted in Naroda Patiya, "largest single incident of mass murder" in Guj riots.
— Mahua Moitra (@MahuaMoitra) November 17, 2022
Got HC bail in Sep 2016 pleading "totally bedridden".
Now campaigning openly for daughter Payal - BJP candidate from Naroda.
Victims' kin needs to move HC asap for bail cancellation
Adjust Story Font
16