Quantcast

മാർഗരറ്റ് ആൽവ പ്രതിപക്ഷത്തിന്‍റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

മുന്‍ കേന്ദ്രമന്ത്രിയും വിവിധ സംസ്ഥാനങ്ങളില്‍ ഗവര്‍ണറുമായിരുന്നു മാര്‍ഗരറ്റ് ആല്‍വ

MediaOne Logo

Web Desk

  • Updated:

    2022-07-17 13:13:48.0

Published:

17 July 2022 11:25 AM GMT

മാർഗരറ്റ് ആൽവ പ്രതിപക്ഷത്തിന്‍റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി
X

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മാർഗരറ്റ് ആൽവ പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. എൻ.സി.പി അധ്യക്ഷൻ ശരത് പവാറിന്റെ വസതിയിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലാണ് സ്ഥാനാർത്ഥിയെ തിരഞ്ഞെടുത്തത്. യോഗത്തിനുശേഷം പവാർ തന്നെയാണ് മാർഗരറ്റിന്റെ പേര് പ്രഖ്യാപിച്ചത്.

കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ആർ.ജെ.ഡി, എസ്.പി, ഇടതുപാർട്ടികൾ, എൻ.സി.പി അടക്കം 17 പാർട്ടികളാണ് പ്രതിപക്ഷ യോഗത്തിൽ പങ്കെടുത്തത്. പ്രതിപക്ഷയോഗത്തിൽ ഐകകണ്‌ഠ്യേനെയാണ് മാർഗരറ്റിനെ തിരഞ്ഞെടുത്തതെന്ന് പവാർ പറഞ്ഞു. ചൊവ്വാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

എ.ഐ.സി.സി ജോയിന്റ് സെക്രട്ടറിയായിരുന്ന മാർഗരറ്റ് ആൽവ മുൻ രാജ്യസഭാ സ്പീക്കർ വയലെറ്റ് ആൽവയുടെ മരുമകളാണ്. രാജീവ് ഗാന്ധി സർക്കാരിൽ മന്ത്രിയായിരുന്നു. മംഗളൂരു സ്വദേശിയായ മാർഗരറ്റ് കർണാടകയിലെ കോൺഗ്രസിന്റെ കരുത്തയായ നേതാവാണ്. 1974ൽ രാജ്യസഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് രാജീവ് ഗാന്ധി മന്ത്രിസഭയിൽ പാർലമെന്റരി കാര്യം, യുവജന-കായിക-വനിതാ-ശിശുക്ഷേമം, മാനവവിഭവശേഷി തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.

ബംഗാൾ ഗവർണർ ജഗദീപ് ധൻഘഡ് ആണ് എൻ.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. ഇന്നലെ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയാണ് പ്രഖ്യാപനം നടത്തിയത്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായുള്ള പരസ്യപോരിലൂടെ വാർത്തകളിൽ നിറഞ്ഞയാളാണ് ജഗദീപ് ധൻഘഡ്. 2019ലാണ് ബംഗാൾ ഗവർണർ പദവി ഏറ്റെടുക്കുന്നത്. രാജസ്ഥാൻ സ്വദേശിയാണ്. നേരത്തെ ജനതാദൾ അംഗമായിരുന്ന ജഗദീപ് 1989-91 കാലയളവിൽ ലോക്സഭാ അംഗമായിരുന്നു. 1993ൽ രാജസ്ഥാനിലെ കിഷൻഗഢ് മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട് നിയമസഭയിലുമെത്തി.

വെങ്കയ്യ നായിഡുവിന്റെ കാലാവധി തീരുന്ന ഒഴിവിലേക്കാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്. ആഗസ്റ്റ് 10നാണ് നായിഡുവിന്റെ കാലാവധി തീരുന്നത്. ജൂലൈ 19 ആണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി. വോട്ടെടുപ്പ് ആഗസ്റ്റ് ആറിനു നടക്കും. തിങ്കളാഴ്ചയാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്. എൻ.ഡി.എ സ്ഥാനാർത്ഥിയായ ദ്രൗപദി മുർമുവും പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥി യശ്വന്ത് സിൻഹയും തമ്മിലാണ് മത്സരം നടക്കുന്നത്.

Summary: Ex-union minister Margaret Alva is Opposition's vice presidential candidate

TAGS :

Next Story