ബി.ജെ.പി സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു; ബെംഗളൂരുവിൽ ബലിമൃഗങ്ങൾക്കായുള്ള ചന്ത സജീവം
ബക്രീദ് ദിവസങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ മുന്നറിയിപ്പ് നൽകിയിരുന്നു.
ബെംഗളൂരു: ബലിപെരുന്നാളിനോട് അനുബന്ധിച്ച് ബെംഗളൂരു നഗരത്തിലും പരിസരങ്ങളിലും ബലി മൃഗങ്ങൾക്കായുള്ള ചന്ത സജീവമായി. മുൻവർഷങ്ങളെ അപേക്ഷിച്ച് വലിയ തിരക്കാണ് ഇത്തവണ ആടു മാടുകൾക്കായുള്ള ചന്തകളിൽ അനുഭവപ്പെടുന്നത്.
പെരുന്നാൾ ദിനം അടുക്കുന്തോറും ചന്തകളിൽ തിരക്കേറുകയാണ്. വിൽപ്പനക്കുള്ള ബലി മൃഗങ്ങളെ ചമയിച്ചൊരുക്കി കൊണ്ടുവരുന്നവരെയും കാണാം. ബെംഗളൂരുവിൽ നിന്നെന്ന പോലെ അയൽ ഗ്രാമങ്ങളിൽനിന്നുള്ള കാലിക്കച്ചവടക്കാരും കർഷകരും മൃഗങ്ങളുമായി എത്തിത്തുടങ്ങിയതോടെയാണ് വിപണി സജീവമായത്.
മുൻവർഷങ്ങളിൽ ബി.ജെ.പി സർക്കാർ ഏർപ്പെടുത്തിയിരുന്ന വലിയ നിയന്ത്രണങ്ങൾ പിൻവലിച്ചതോടെയാണ് മൃഗവിപണി ഉണർന്നത്. കാലിക്കച്ചവടത്തിന്റെയോ കശാപ്പിന്റെയോ പേരിൽ ബക്രീദ് ദിവസങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കർണാടക ഗ്രാമ വികസന വകുപ്പ് മന്ത്രി പ്രിയങ്ക് ഖാർഗെ കഴിഞ്ഞ ദിവസം കൽബുർഗിയിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെ കാലിക്കച്ചവടക്കാരും ആത്മവിശ്വാസത്തിലാണ്.
Adjust Story Font
16