വിവാഹപ്രായ ഏകീകരണബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും
ബില്ല് സ്റ്റാന്റിംഗ് കമ്മറ്റിയുടെ പരിഗണനക്ക് വിടുമെന്നാണ് പ്രതിപക്ഷ കക്ഷികൾ കരുതിയിരുന്നത്
വിവാഹപ്രായ ഏകീകരണബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. ബില്ലിന്റെ കരട് ഒരു മണിക്കൂർ മുമ്പാണ് എംപിമാർക്ക് നൽകിയത്. ബിൽ ഉച്ചയ്ക്ക് ശേഷം ലോക്സഭയിൽ എത്താൻ സാധ്യതയുണ്ടെന്ന് ഇ ടി മുഹമ്മദ് ബഷീർ എം.പി സൂചന നല്‍കിയിരുന്നു. ബില്ല് സ്റ്റാന്റിംഗ് കമ്മറ്റിയുടെ പരിഗണനക്ക് വിടുമെന്നാണ് പ്രതിപക്ഷ കക്ഷികൾ കരുതിയിരുന്നത്. ബില്ല് ഇന്ന് പാസാക്കുന്നതോടെ ഏഴ് വ്യക്തിനിയമങ്ങൾ പരിഷ്‌കരിക്കും. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ബജറ്റ് സമ്മേളനത്തിലേക്ക് ബില്ല് മാറ്റുമെന്നാണ് പ്രതിപക്ഷ കക്ഷികള്‍ കരുതിയിരുന്നത്.
സ്ത്രീകളുടെ വിവാഹ പ്രായപരിധി പതിനെട്ടിൽ നിന്നും 21 ആക്കി വർധിപ്പിക്കുന്ന ബിൽ ആണ് ഇന്ന് ഉച്ചക്ക് ശേഷം ലോക്സഭയില്‍ പാസാക്കാന്‍ പോകുന്നത്. സമാജ് വാദി പാർട്ടി ,സി.പി.ഐ,സി.പി.എം എന്നിവർ ബില്ലിനെതിരെ കടുത്ത വിമർശനം ഉന്നയിച്ച് നേരത്തെ രംഗത്ത് വന്നിരുന്നു. പുരുഷന്മാരുടെ വിവാഹപ്രായ പരിധി 18ലേക്ക് താഴ്ത്തണം എന്നും അഭിപ്രായമുണ്ട്.
2020 സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി മോദി നടത്തിയ പ്രഖ്യാപനമായിരുന്നു ഇത്. കഴിഞ്ഞയാഴ്ച നടന്ന കേന്ദ്രമന്ത്രിസഭായോഗമാണ് വിവാഹ പ്രായം ഏകീകരിക്കാനുള്ള നടപടികൾക്ക് അംഗീകാരം നൽകിയത്. വിദഗ്ധരുമായി വിപുലമായ കൂടിയാലോചനകൾ നടത്തിയ ശേഷമാണ് തീരുമാനമെടുത്തത്. 16 ഓളം സർവകലാശാലയിൽ നിന്ന് വിദ്യാർഥികളുടെ അഭിപ്രായമെടുത്തിരുന്നു. വിവാഹപ്രായം 22ഓ 22ഓ വയസാക്കി വർധിപ്പിക്കണമെന്നായിരുന്നു വിദ്യാർഥികളിൽ കൂടുതലുംആവശ്യപ്പെട്ടിരുന്നത്. വിദ്യാർഥികൾക്ക് പുറമെ രക്ഷിതാക്കൾ,അധ്യാപകർ തുടങ്ങി പലരുടെയും അഭിപ്രായങ്ങൾ ഇക്കാര്യത്തിൽ എടുത്തിരുന്നു. നിലവിൽ വിവാഹപ്രായം 18 ആണെങ്കിൽ കൂടി ഉത്തരേന്ത്യയിലെല്ലാം 16 ാം വയസിൽ തന്നെ പെൺകുട്ടികളെ കല്യാണം കഴിച്ചയക്കുന്നുണ്ട്. വിവാഹ പ്രായപരിധി 21 ആക്കുന്നതോടെ പെൺകുട്ടികൾക്ക് പഠിക്കാനും അവരുടെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാനും സ്വന്തം കാലിൽ നിൽക്കാനും സാധിക്കാനുള്ള അവസരമുണ്ടാകും.
Adjust Story Font
16