'ആചാരങ്ങളില്ലാതെ നടന്ന ഹിന്ദുവിവാഹത്തിന് നിയമസാധുതയില്ല'- അലഹബാദ് ഹൈക്കോടതി
തട്ടിപ്പിലൂടെ വിവാഹം നടത്തി എന്ന് കാട്ടി യുവതി നൽകിയ പരാതിയിലാണ് ഹൈക്കോടതിയുടെ തീർപ്പ്
ലഖ്നൗ: ആചാരങ്ങളില്ലാതെ നടന്ന ഹിന്ദു വിവാഹം നിയമപരമായി കണക്കാക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി. വിവാഹസർട്ടിഫിക്കറ്റിന്റെ മാത്രം അടിസ്ഥാനത്തിൽ, ലഖ്‌നൗ സ്വദേശിനിയായ യുവതിയുടെ വിവാഹം സാധുവാക്കിയ കുടുംബക്കോടതിയുടെ ഉത്തരവ് തള്ളിയാണ് കോടതിയുടെ സുപ്രധാന വിധി. ജസ്റ്റിസ് രാജൻ റോയ്, ജസ്റ്റിസ് ഓം പ്രകാശ് ബിർള എന്നിവരാണ് വിധി പ്രഖ്യാപിച്ചത്.
തട്ടിപ്പിലൂടെ വിവാഹം നടത്തി എന്ന് കാട്ടി യുവതി നൽകിയ പരാതിയിലാണ് ഹൈക്കോടതിയുടെ തീർപ്പ്. ധർമ ഗുരു എന്നറിയപ്പെടുന്ന മതാചാര്യന്റെ അനുയായികളായിരുന്നു യുവതിയും കുടുംബവും. തന്റെ ആശ്രമത്തിലെ സ്ഥിരാംഗങ്ങൾ ആക്കുന്നതിന് ഇയാൾ ഇടയ്ക്ക് ഇവരെക്കൊണ്ട് മുദ്രപ്പത്രങ്ങളിൽ ഒപ്പുവയ്പ്പിച്ചിരുന്നു. എന്നാലിത് യുവതിയെ വിവാഹം ചെയ്തതിന്റെ രേഖകളാണെന്നും ആര്യ സമാജത്തിൽ വെച്ച് യുവതിയുടെയും തന്റെയും വിവാഹം നടന്നുവെന്നും വാദിച്ച് ഇയാൾ യുവതിയുടെ പിതാവിനെ സമീപിച്ചു.
എന്നാൽ ധർമ ഗുരുവിന്റെ വാദങ്ങൾ എതിർത്ത കുടുംബം കോടതിയെ സമീപിക്കുകയായിരുന്നു. യുവതിയെ കബളിപ്പിച്ച് പേപ്പറിൽ ഒപ്പുവയ്ക്കുകയായിരുന്നുവെന്ന വാദം എന്നാൽ കുടുംബക്കോടതി അംഗീകരിച്ചില്ല. വിവാഹത്തിൽ തനിക്കുള്ള അവകാശം അംഗീകരിക്കണമെന്ന ധർമ ഗുരുവിന്റെ വാദം കോടതി കണക്കിലെടുക്കുകയും ഇയാൾ നൽകിയ രേഖകൾ വെച്ച് വിവാഹം സാധുവായി പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്നാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്.
ആചാരാനുഷ്ഠാനപ്രകാരമല്ല നടന്നത് എന്നത് കൊണ്ടു തന്നെ വിവാഹത്തിന് നിയമസാധുതയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹിന്ദുമതാചാരപ്രകാരമുള്ള ചടങ്ങുകൾ ഇല്ലാത്തതിനാൽ ആര്യ സമാജത്തിൽ നിന്നുള്ള വിവാഹ സർട്ടിഫിക്കറ്റ് അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
Adjust Story Font
16