Quantcast

വിവാഹം കഴിഞ്ഞാലും മകള്‍ മകള്‍ തന്നെ: കര്‍ണാടക ഹൈക്കോടതി

സൈനിക് വെൽഫെയർ ബോർഡ് മാർഗനിർദേശം റദ്ദാക്കിയാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം

MediaOne Logo

Web Desk

  • Published:

    5 Jan 2023 11:42 AM GMT

വിവാഹം കഴിഞ്ഞാലും മകള്‍ മകള്‍ തന്നെ: കര്‍ണാടക ഹൈക്കോടതി
X

ബംഗളൂരു: വിവാഹിതരായ ആൺമക്കളെപ്പോലെ, വിവാഹിതരായ പെൺമക്കളും മുൻ സൈനിക ഉദ്യോഗസ്ഥരുടെ മക്കൾക്കുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാണെന്ന് കർണാടക ഹൈക്കോടതി. സൈനിക് വെൽഫെയർ ബോർഡ് മാർഗനിർദേശം റദ്ദാക്കിയാണ് ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്.

ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വിധിച്ചതിങ്ങനെ- "വിവാഹിതനോ അവിവാഹിതനോ ആയാലും മകന്‍ മകനായി തുടരുന്നു. എങ്കില്‍ മകളും എന്നും മകള്‍ തന്നെയാണ്. വിവാഹിതയോ അവിവാഹിതയോ എന്നത് വിഷയമല്ല. വിവാഹം കഴിഞ്ഞാലും മകന്‍ എന്ന സ്ഥാനത്തിന് മാറ്റമില്ലെങ്കില്‍ മകളുടെ സ്ഥാനത്തിനും മാറ്റമില്ല".

2001ൽ ഓപറേഷൻ പരാക്രമിനിടെ വീരമൃതു വരിച്ച സുബേദാർ രമേഷ് ഖണ്ഡപ്പയുടെ മകൾ പ്രിയങ്ക പാട്ടീലിന്‍റെ ഹരജിയിലാണ് കോടതി വിധി. സൈനിക് വെൽഫെയർ ബോർഡ് ആശ്രിത കാര്‍ഡ് നിഷേധിച്ചതിനെ തുടര്‍ന്ന് 2021ലാണ് പ്രിയങ്ക കോടതിയെ സമീപിച്ചത്. വിവാഹിതയാണെന്ന കാരണം പറഞ്ഞാണ് പ്രിയങ്കയ്ക്ക് സൈനിക് വെൽഫെയർ ബോർഡ് ആശ്രിത കാര്‍ഡ് നിഷേധിച്ചത്. മുൻ സൈനിക ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾക്ക് ആനുകൂല്യങ്ങൾ, ക്ഷേമ പദ്ധതികൾ, അവസരങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനായി നൽകുന്ന തിരിച്ചറിയൽ കാർഡാണിത്.

അച്ഛൻ വീരമൃത്യു വരിക്കുമ്പോള്‍ പ്രിയങ്കയ്ക്ക് 10 വയസ്സായിരുന്നു പ്രായം. 2020ൽ കർണാടകയിലെ സർക്കാർ കോളജുകളിലെ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തില്‍ സംവരണം ലഭിക്കാന്‍ ആശ്രിത കാര്‍ഡ് ഉപയോഗിക്കാന്‍ പ്രിയങ്ക ആഗ്രഹിച്ചു. എന്നാല്‍ വിവാഹിതയാണെന്ന കാരണം പറഞ്ഞ് സൈനിക് വെൽഫെയർ ബോർഡ് ഇത് നിഷേധിക്കുകയായിരുന്നു. ഈ തീരുമാനം സമത്വം ഉറപ്പുവരുത്തുന്ന ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വിവാഹിതകളെ ഒഴിവാക്കുന്നത് പതിറ്റാണ്ടുകൾക്ക് മുമ്പ് നിലനിന്നിരുന്ന വാര്‍പ്പുമാതൃകയുടെ ഭാഗമാണെന്നും അത് തുടരാൻ അനുവദിച്ചാൽ സ്ത്രീകളുടെ സമത്വത്തിലേക്കുള്ള യാത്രയ്ക്ക് തടസ്സമാണെന്നും ജസ്റ്റിസ് നാഗപ്രസന്ന നിരീക്ഷിച്ചു.

TAGS :

Next Story