വിവാഹത്തിന് സമ്മർദം ചെലുത്തി; ലിവ്-ഇൻ പങ്കാളിയെ കഴുത്തുഞെരിച്ച് കൊന്ന വിവാഹിതൻ അറസ്റ്റിൽ
ഭാര്യയും മക്കളുമുള്ള പ്രതിയോട് അവരെ ഉപേക്ഷിച്ച് തന്നെ വിവാഹം കഴിക്കണമെന്ന് വേദമതി വർമ ആവശ്യപ്പെട്ടിരുന്നു.
റായ്പൂർ: തന്നെ വിവാഹം കഴിക്കാൻ സമ്മർദം ചെലുത്തിയ ലിവ്-ഇൻ പങ്കാളിയെ കഴുത്തുഞെരിച്ച് കൊന്ന വിവാഹിതനായ ആൾ അറസ്റ്റിൽ. ഛത്തീസ്ഗഢിലെ ദുർഗ് ജില്ലയിലാണ് സംഭവം. ദുർഗാ ധൃത്‌ലഹരെ എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ ലിവ്-ഇൻ പങ്കാളിയായ വേദമതി വർമ (46)യാണ് കൊല്ലപ്പെട്ടത്.
ഭാര്യയും മക്കളുമുള്ള പ്രതിയോട് അവരെ ഉപേക്ഷിച്ച് തന്നെ വിവാഹം കഴിക്കണമെന്ന് വേദമതി വർമ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തെ ചൊല്ലി ഇരുവരും നിരന്തരം വഴക്കിടാറുണ്ടായിരുന്നു. ഒടുവിൽ കലി പൂണ്ട ഇയാൾ പങ്കാളിയെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
വീട്ടിൽ നൈലോൺ കയർ കഴുത്തിൽ മുറുക്കി കൊല്ലപ്പെട്ട നിലയിലാണ് വേദമതി വർമയെ കണ്ടെത്തിയത്. വേദമതി വിവാഹമോചിതയാണെന്നും ഇവരുടെ മക്കൾ വിവാഹിതരാണെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. തുടക്കത്തിൽ, ഒറ്റയ്ക്ക് താമസിച്ചിരുന്ന അവർ പിന്നീട് ജമുലിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലിക്കു കയറി.
തുടർന്ന്, ഈ കമ്പനിയിൽ സുരക്ഷാ ജീവനക്കാരനായിരുന്ന പ്രതിയുമായി അടുപ്പത്തിലാവുകയായിരുന്നു. വിവാഹിതനായ ദുർഗ കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നതെങ്കിലും കുറച്ച് നാളായി വേദമതിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്.
കൊലയ്ക്ക് ശേഷം ദുർഗാ ധൃത്‌ലഹരെയെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Adjust Story Font
16