വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന് വിവാഹിതയായ സ്ത്രീക്ക് അവകാശപ്പെടാനാവില്ലെന്ന് കോടതി
യുവാവിനെതിരെ രജിസ്റ്റർ ചെയ്ത കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി
ബംഗളൂരു: വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്ന വിവാഹിതയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റർ ചെയ്ത കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി. മറ്റൊരാൾ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്ന് വിവാഹിതയായ സ്ത്രീക്ക് പറയാനാകില്ലെന്ന് ജസ്റ്റിസ് നാഗപ്രസന്ന നിരീക്ഷിച്ചു.
താൻ വിവാഹിതയാണെന്നും കുട്ടിയുണ്ടെന്നും പരാതിക്കാരി സമ്മതിച്ചിട്ടുണ്ട്. വിവാഹിതയായ സ്ത്രീയെ മറ്റൊരാൾ വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചെന്ന് പറയുന്നതിന് അടിസ്ഥാനമില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ തന്നെയും മകളെയും ഭർത്താവ് ഉപേക്ഷിച്ചതാണെന്ന് പരാതിക്കാരി പറഞ്ഞു. ജോലിചെയ്യുന്ന സ്ഥലത്തുവെച്ചാണ് യുവാവിനെ പരിചയപ്പെട്ടത്. വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ചാണ് ഇയാള്‍ ബന്ധം തുടങ്ങിയത്. എന്നാല്‍ വിവാഹ വാഗ്ദാനത്തിൽ നിന്ന് യുവാവ് പിന്മാറിയപ്പോഴാണ് ഹരജി നല്‍കിയതെന്നും പരാതിക്കാരി കോടതിയില്‍ വ്യക്തമാക്കി.
എന്നാൽ താൻ പരാതിക്കാരിയെ സഹായിക്കുകയാണ് ചെയ്തതെന്നും വിവാഹിതയായതിനാൽ വിവാഹവാഗ്ദാനം നൽകിയിട്ടില്ലെന്നും യുവാവ് വാദിച്ചു. യുവതി നിയമപരമായി വിവാഹമോചനം നേടിയിട്ടില്ല. ആ വിവാഹബന്ധം നിലനിൽക്കെ താന്‍ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്ന് പറയാനാകില്ലെന്നും യുവാവ് വാദിച്ചു. ഈ വാദം മുഖവിലക്കെടുത്താണ് കോടതി യുവാവിന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്.
മലേഷ്യയില്‍ താമസിക്കുന്ന യുവാവ് തനിക്ക് പണം അയച്ചിരുന്നുവെന്നും പിന്നീട് തന്‍റെ കോളുകള്‍ എടുക്കാതെയായെന്നും പരാതിക്കാരി കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഇരുവരും തമ്മില്‍ നിയമപരമായ ബന്ധമില്ലെന്നിരിക്കെ കുറച്ച് പണം അയച്ചതിന്‍റെ പേരില്‍ ബന്ധം തുടരണമെന്ന് പറയാനാവില്ലെന്ന് കോടതി വ്യക്തമാക്കി. യുവാവിനെതിരായ കേസ് റദ്ദാക്കുകയും ചെയ്തു.
Adjust Story Font
16