'അനീതിക്കെതിരെയുള്ള ശബ്ദത്തിൽ രക്തസാക്ഷികൾ പ്രതിഫലിക്കുന്നു'; 'ശഹീദ് ദിവസി'ൽ രാഹുൽ ഗാന്ധിയുടെ പ്രതികരണം
2022ലെ ശഹീദ് ദിവസ് ഇന്ന് ആചരിക്കുന്ന സാഹചര്യത്തിലാണ് ട്വിറ്ററിൽ രാഹുൽ ഗാന്ധിയുടെ കുറിപ്പ്
ഭഗത് സിങ്ങും സുഖ്ദേവും രാജ്ഗുരുവും പ്രതിനിധീകരിക്കുന്നത് അനശ്വരമായി തുടരുന്ന ആശയങ്ങളെയാണെന്നും അനീതിക്കെതിരെ ശബ്ദമുയരുമ്പോഴെല്ലാം ആ ശബ്ദത്തിൽ ഈ രക്തസാക്ഷികളുടെ പ്രതിഫലനം ഉണ്ടാകുമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 2022ലെ ശഹീദ് ദിവസ് ഇന്ന് ആചരിക്കുന്ന സാഹചര്യത്തിലാണ് ട്വിറ്ററിൽ രാഹുൽ ഗാന്ധിയുടെ പ്രതികരണം.
ബ്രിട്ടീഷ് ഭരണകൂടം വധശിക്ഷക്ക് വിധേയരാക്കിയ ഭഗത് സിംഗ്, സുഖ്‌ദേവ്, രാജ്ഗുരു എന്നിവരുടെ സ്മരണ പുതുക്കിയാണ് ശഹീദ് ദിവസ് ആചരിക്കുന്നത്. 1928 ഡിസംബറിൽ, ലാലാ ലജ്പത് റായിയുടെ മരണത്തിന് പ്രതികാരം ചെയ്യാൻ ലാഹോറിൽ വെച്ച് ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ ജെയിംസ് സ്‌കോട്ടിനെ വധിക്കാൻ ഭഗത് സിംഗ്, സുഖ്‌ദേവ്, രാജ്ഗുരു എന്നിവർ പദ്ധതിയിട്ടിരുന്നു. ഈ കുറ്റം ചുമത്തിയാണ് ഇവരെ വധിച്ചത്.
ജന്മനാടിനായി ജീവൻ നൽകിയവരെ എന്നുമോർക്കുമെന്നും അവരുടെ ഓർമകൾ എന്നും പ്രചോദനമാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു. കൊൽക്കത്തയിലെ ബിപ്ലബി ഭാരത് ഗാലറി ഇന്ന് വൈകീട്ട് ആറു മണിക്ക് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഭഗത് സിങടക്കമുള്ള സ്വാതന്ത്ര്യ സമരപോരാളികളുടെ സംഭാവനകൾ പങ്കുവെക്കുന്നതാണ് ഗാലറി.
'രക്തസാക്ഷി ദിനത്തിൽ, ഭാരതത്തിന്റെ അമര പുത്രരായ വീർ ഭഗത് സിങ്, സുഖ്‌ദേവ്, രാജ്ഗുരു എന്നിവർക്ക് സല്യൂട്ട്. മാതൃഭൂമിക്കായുള്ള അവരുടെ ജീവത്യാഗം രാജ്യത്തെ ജനങ്ങൾക്ക് ഊർജമാകും. ജയ് ഹിന്ദ്' ഹിന്ദിയിലെഴുതിയ മറ്റൊരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു.
ഈ മൂന്നു രക്തസാക്ഷികളുടെയും രാജ്യസ്‌നേഹം വൈദേശിക ഭരണകാലത്തും ഇപ്പോഴും ഊർജം പകരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വിറ്ററിൽ കുറിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് തുടങ്ങിയവരും രക്തസാക്ഷികളെ അനുസ്മരിച്ചു.
'Martyrs are reflected in the voice against injustice'; Rahul Gandhi's response in 'Shaheed Diwas'
Adjust Story Font
16