Quantcast

എന്‍റെ നാട് കത്തിക്കൊണ്ടിരിക്കുകയാണ്, ഞങ്ങളെ സഹായിക്കൂ; അഭ്യര്‍ഥനയുമായി മേരി കോം

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‍നാഥ് സിംഗ് എന്നിവരെ ടാഗ് ചെയ്തുകൊണ്ടാണ് ബോക്സിംഗ് താരത്തിന്‍റെ ട്വീറ്റ്

MediaOne Logo

Web Desk

  • Updated:

    2023-05-04 08:05:58.0

Published:

4 May 2023 7:28 AM GMT

Mary Kom
X

മേരി കോം

ഇംഫാല്‍: മണിപ്പൂരിലെ സംഘര്‍ഷാവസ്ഥയില്‍ സഹായം തേടി ബോക്സിംഗ് താരം മേരി കോം. തന്‍റെ നാടു കത്തുകയാണെന്നും സഹായിക്കണമെന്നും മേരി ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‍നാഥ് സിംഗ് എന്നിവരെ ടാഗ് ചെയ്തുകൊണ്ടാണ് ബോക്സിംഗ് താരത്തിന്‍റെ ട്വീറ്റ്.

മണിപ്പൂരിലെ അക്രമങ്ങളുടെ ദൃശ്യവും മേരി ട്വിറ്ററില്‍ പങ്കുവച്ചു. "മണിപ്പൂരിലെ സ്ഥിതിഗതികൾ അത്ര സുഖകരമല്ല. ഇന്നലെ രാത്രി മുതൽ സ്ഥിതി വഷളായി. മണിപ്പൂരിൽ സമാധാനവും സുരക്ഷയും നിലനിർത്താനും സ്ഥിതിഗതികൾ കൈകാര്യം ചെയ്യാനും സംസ്ഥാന-കേന്ദ്ര സർക്കാരുകളോടും ഞാൻ അഭ്യർത്ഥിക്കുന്നു'' മേരി കോം എ.എന്‍.ഐയോട് പറഞ്ഞു. ഈ അക്രമത്തിൽ ചിലർക്ക് അവരുടെ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടത് ദൗർഭാഗ്യകരമാണ്. ഈ സാഹചര്യം എത്രയും വേഗം സാധാരണ നിലയിലാകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതുവരെ 7,500 പേരെ അക്രമബാധിത പ്രദേശങ്ങളിൽ നിന്ന് സൈന്യം രക്ഷപ്പെടുത്തി.ഇവരെ ഷെൽട്ടറിലേക്ക് മാറ്റി, കൂടുതൽ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി പ്രതിരോധ വക്താവ് അറിയിച്ചു.സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ഫ്‌ളാഗ് മാർച്ചുകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മണിപ്പൂരിൽ, ചുരാചന്ദ്പൂർ ജില്ലയിലെ ടോർബംഗ് ഏരിയയിൽ ഓൾ ട്രൈബൽ സ്റ്റുഡന്റ് യൂണിയൻ മണിപ്പൂർ (ATSUM) ആഹ്വാനം ചെയ്ത ആദിവാസി ഐക്യദാർഢ്യ മാർച്ചിലാണ് ബുധനാഴ്ച അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഗോത്ര വര്‍ഗക്കാരല്ലാത്ത മെയ്തി സമുദായത്തെ പട്ടിക വർഗ ലിസ്റ്റിൽ ഉൾപ്പെടുത്തിയതിനെതിരെയാണ് പ്രതിഷേധം. ആയിരക്കണക്കിന് പ്രക്ഷോഭകർ റാലിയിൽ പങ്കെടുത്തു, ഗോത്രവർഗക്കാരും ആദിവാസികളല്ലാത്തവരും തമ്മിൽ സംഘർഷമുണ്ടായി. സംഘർഷം വൈകാതെ മറ്റ് ജില്ലകളിലേക്കും വ്യാപിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഘർഷ മേഖലയിൽ സൈന്യത്തെയും അസം റൈഫിൾസിനെയും വിന്യസിച്ചു. പ്രശ്നബാധിത മേഖലയിൽ അഞ്ചു ദിവസത്തേക്ക് ഇന്‍റര്‍നെറ്റും വിച്ഛേദിച്ചു.സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസ് നിരവധി റൗണ്ട് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

സ്ഥിതിഗതികൾ ശാന്തമാക്കാൻ, ഗോത്രവർഗക്കാർ അല്ലാത്ത ഇംഫാൽ വെസ്റ്റ്, കച്ചിംഗ്, തൗബൽ, ജിരിബാം, ബിഷ്ണുപൂർ ജില്ലകളിലും ഗോത്രവർഗക്കാർ കൂടുതലുള്ള ചുരാചന്ദ്പൂർ, കാങ്‌പോക്പി, തെങ്‌നൗപാൽ ജില്ലകളിലും കർഫ്യൂ ഏർപ്പെടുത്തി.“വിലപ്പെട്ട ജീവൻ നഷ്ടപ്പെട്ടു. സംഭവം സമൂഹത്തിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള തെറ്റിദ്ധാരണയുടെ ഫലമാണ്”.മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗ് വ്യാഴാഴ്ച പറഞ്ഞു.സംസ്ഥാനത്തെ ജനസംഖ്യയുടെ 53 ശതമാനമാണ് മെയ്തികള്‍.

TAGS :

Next Story