ഉത്തരാഖണ്ഡിൽ മുസ്‌ലിംകളുടെ കടകൾക്ക് നേരെ വിഎച്ച്പിയുടെ വ്യാപക ആക്രമണം; അതിക്രമം ജയ് ശ്രീറാം മുഴക്കി
ഒഴിഞ്ഞുപോവണം എന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം മുസ്‌ലിംകളുടെ കടകളിൽ പോസ്റ്ററുകൾ പതിച്ചിരുന്നു.
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മുസ്‌ലിംകളുടെ കടകൾക്ക് നേരെ സംഘ്പരിവാർ സംഘടനകളുടെ വ്യാപക ആക്രമണം. വിഎച്ച്പി- ബജ്റംഗ്ദൾ പ്രവർത്തകരാണ് അതിക്രമം നടത്തിയത്. പ്രതിഷേധവുമായി എത്തിയ സംഘ്പരിവാർ പ്രവർത്തകർ പുരോല നഗരത്തിലെ കടകൾ അടിച്ചുതകർത്തു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പൊലീസ് സാന്നിധ്യത്തിലാണ് അതിക്രമം ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു.
ലവ് ജിഹാദ് ആരോപണത്തിന് പിന്നാലെയാണ് ആക്രമണം. മുസ്‌ലിംകൾ ഒഴിഞ്ഞുപോയില്ലെങ്കിൽ 20ന് റോഡ് ഉപരോധിക്കുമെന്ന് മുന്നറിയിപ്പ് നൽകി വിഎച്ച്പിയും ബജ്റംഗ്ദളും രംഗത്തെത്തിയിട്ടുണ്ട്. 15ാം തിയതിക്കുള്ളിൽ കടകൾ പൂട്ടി സ്ഥലം വിടണമെന്നാണ് ഭീഷണി. ഇക്കാര്യം ആവശ്യപ്പെട്ട് കഴിഞ്ഞദിവസം മുസ്‌ലിംകളുടെ കടകളിൽ പോസ്റ്ററുകൾ പതിച്ചിരുന്നു.
പ്രത്യേക സമുദായത്തെ ഒഴിപ്പിക്കണമെന്നും ഇല്ലെകിൽ പ്രദേശവാസികൾ ബലംപ്രയോഗിച്ച് നീക്കുമെന്നും പറഞ്ഞ് വിഎച്ച്പി, ബജ്രംഗ്ദൾ തെഹ്‌രി ഗഢ്‌വാൾ കമ്മിറ്റി ജില്ലാ മജിസ്ട്രേറ്റിന് കത്ത് അയയ്ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വ്യാപക അക്രമം ഉണ്ടായത്. ഇതേ തുടർന്ന് പലരും തങ്ങളുടെ കടകൾ പൂട്ടി പ്രദേശത്തു നിന്നും പലായനം ചെയ്തിട്ടുണ്ട്. കടകൾക്ക് സംരക്ഷണം നൽകാനോ അക്രമികൾക്കെതിരെ നടപടിയെടുക്കാനോ പൊലീസ് തയാറാവുന്നില്ലെന്ന വ്യാപക വിമർശനമുണ്ട്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് ലവ് ജിഹാദാണെന്ന് ആരോപിച്ച് ഉത്തരകാശിയിൽ സംഘർഷാവസ്ഥ ഉണ്ടായിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞദിവസം ഭീഷണി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററുകൾ പതിച്ചവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായി പൊലീസ് പറഞ്ഞിരുന്നു.
ഉത്തരകാശിയിൽ സമാധാനം പുനഃസ്ഥാപിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പറഞ്ഞിരുന്നു. ലവ് ജിഹാദ്, ലാൻഡ് ജിഹാജ് തുടങ്ങിയ കാരണങ്ങൾകൊണ്ടാണ് ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകുന്നതെന്നും വേണ്ടിവന്നാൽ അതിനെക്കുറിച്ചും അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Adjust Story Font
16