ബീഹാറിൽ ഉദ്യോഗസ്ഥതലത്തിൽ വൻ അഴിച്ചുപണി; 22 ഐ.എ.എസ്, 79 ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം
നിതീഷ് കുമാർ എൻ.ഡി.എയുടെ ഭാഗമാകുമെന്ന അഭ്യൂഹങ്ങൾ വരുന്നതിനിടെയാണ് കൂട്ട സ്ഥലംമാറ്റം
പട്ന: ബീഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാഗഡ്ബന്ധൻ സർക്കാർ വീഴുമെന്ന അഭ്യൂഹങ്ങൾക്കിടെ ഉന്ന ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലംമാറ്റം. 22 ഐ.എ.എസ് ഓഫിസർമാരെയും 79 ഐ.പി.എസുകാരെയും 45 ബിഹാർ അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരെയുമാണ് വെള്ളിയാഴ്ച ബീഹാർ സർക്കാർ സ്ഥലം മാറ്റിയത്.
അഞ്ച് ജില്ലാ മജിസ്ട്രേറ്റുമാരെയും 17 എസ്.പിമാരെയുമടക്കമാണ് സ്ഥലംമാറ്റിയത്. പട്‌ന ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ചന്ദ്രശേഖർ സിങ്ങിനെ മുഖ്യമന്ത്രിയുടെ സെക്രട്ടേറിയറ്റിൽ സ്പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാർട്ടിയായ ജെ.ഡി.യു എൻ.ഡി.എ മുന്നണിയുടെ ഭാഗമാകുമെന്ന അഭ്യൂഹങ്ങൾ വരുന്നതിനിടെയാണ് കൂട്ടസ്ഥലംമാറ്റ വാർത്ത പുറത്തുവരുന്നത്.
ബി.ജെ.പിയുടെ പിന്തുണയിൽ രൂപീകരിക്കുന്ന സർക്കാരിൽ നിതീഷ് കുമാർ മുഖ്യമന്ത്രിയാകുമ്പോൾ രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനങ്ങൾ ബി.ജെ.പിക്ക് നൽകുമെന്നാണ് റിപ്പോർട്ട്. അതേസമയം, പതിവ് നടപടിക്രമങ്ങളുടെ ഭാഗമായാണ് സ്ഥലംമാറ്റമെന്നാണ് സർക്കാർ വിശദീകരിക്കുന്നത്.
Adjust Story Font
16