ഒഡീഷ ട്രെയിൻ ദുരന്തം; മരണം 70 കവിഞ്ഞു, 400ലേറെ പേർക്ക് പരിക്ക്
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്
ന്യൂഡല്‍ഹി: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ മരണം 70 കവിഞ്ഞു. നാന്നൂറിലേറെ പേർ പരിക്കേറ്റ് ചികിത്സയിലാണ്. പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമായി തുടരുന്നു. സംഭവ സ്ഥലത്ത് 167 ആംബുലൻസുകൾ തയ്യാറാണെന്ന് ഒഡീഷ സർക്കാർ അറിയിച്ചു.
പശ്ചിമ ബംഗാളിലെ ഷാലിമാർ സ്റ്റേഷനിൽ നിന്ന് ഉച്ചയ്ക്ക് പുറപ്പെട്ട കോറമണ്ഡൽ എക്സ്പ്രസ്സ്, ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പാളം തെറ്റിയ കോറമണ്ഡൽ എക്സ്പ്രസ് ആദ്യം ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചു. പാളം തെറ്റിയ ബോഗികൾ പിന്നീട് മറ്റൊരു ട്രാക്കിലേക്ക് വീഴുകയും ഇതിലേക്ക് യശ്വന്ത്പൂർ- ഹൗറ ട്രെയിനും വന്നിടിക്കുകയും ചെയ്തു. കോറമണ്ഡൽ എക്സ്പ്രസിന്റെ 15 ബോഗികളാണ് പാളം തെറ്റിയത്. നിരവധി പേർ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്.
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപദി മുർമു, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, തുടങ്ങി നിരവധി പേർ അനുശോചനം രേഖപ്പെടുത്തി.
ഒഡീഷ ഫയർ സർവീസ് മേധാവി സുധാംശു സാരംഗിയാണ് രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. ദേശീയ ദുരന്ത നിവാരണസേനയുടെ 22 അംഗ സംഘം സ്ഥലത്തുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
Adjust Story Font
16