അയോധ്യക്കും കാശിക്കും പിന്നാലെ മഥുരയില്‍ ക്ഷേത്രത്തിനായി തയ്യാറെടുപ്പ് തുടങ്ങി: യു.പി ഉപമുഖ്യമന്ത്രി
മഥുരയിലെ പള്ളിക്കകത്ത് കൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന് അഖില ഭാരത് ഹിന്ദു മഹാസഭ പ്രഖ്യാപിച്ചിരുന്നു
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ മഥുരയില്‍ കൃഷ്ണജന്മഭൂമി ക്ഷേത്രമെന്ന പ്രചാരണം മുന്നോട്ടുവെച്ച് ബി.ജെ.പി. അയോധ്യയിലും കാശിയിലും ക്ഷേത്രങ്ങൾ നിർമാണത്തിലാണെന്നും മഥുരയിൽ ക്ഷേത്രം നിർമിക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങിയെന്നും യു.പി ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യ ട്വീറ്റ് ചെയ്തു.
മഥുരയിലെ ഷാഹി ഈദ്ഗാഹ് പള്ളിക്കകത്ത് കൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന് അഖില ഭാരത് ഹിന്ദു മഹാസഭ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ മഥുരയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഥുരയുടെ സമാധനാന്തരീക്ഷം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ജില്ലാ മജിസ്ട്രേറ്റ് നവനീത് സിങ് പറഞ്ഞു. എന്നാല്‍ ഡിസംബർ ആറിന് നടക്കുന്ന മഹാജലാഭിഷേകത്തിന് ശേഷം പ്രതിഷ്ഠ നടത്തുമെന്ന് ഹിന്ദു മഹാസഭ നേതാവ് രാജ്യശ്രീ ചൗധരി പറഞ്ഞു.
പള്ളി പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് നടത്തുമെന്ന് നാരായണി സേന എന്ന സംഘടനയും പ്രഖ്യാപിക്കുകയുണ്ടായി. തുടര്‍ന്ന് നാരായണി സേന സെക്രട്ടറി അമിത് മിശ്രയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. സംഘടനയുടെ ദേശീയ പ്രസിഡന്‍റ് മനീഷ് യാദവിനെയും തടഞ്ഞുവെച്ചു. കത്ര കേശവ് ദേവ് ക്ഷേത്രത്തിലെയും ഷാഹി ഈദ്ഗാഹിലെയും സുരക്ഷ ജില്ലാ മജിസ്ട്രേറ്റ് നവനീത് സിങും സീനിയർ പോലീസ് സൂപ്രണ്ട് ഗൌരവ് ഗ്രോവറും അവലോകനം ചെയ്തു.
മഥുരയിലെ ശ്രീകൃഷ്ണ ജന്മക്ഷേത്രത്തോട് ചേർന്നുള്ള ഷാഹി ഈദ് ഗാഹ് മസ്ജിദ് പൊളിച്ചുനീക്കണമെന്ന ആവശ്യം ഹിന്ദുത്വവാദികൾ ഏറെക്കാലമായി ഉന്നയിക്കുന്നുണ്ട്. ശ്രീകൃഷ്ണന്‍റെ ജന്മസ്ഥലം പള്ളി സ്ഥിതി ചെയ്യുന്ന ഭൂമിയിലാണെന്നാണ് ഇവരുടെ വാദം. എന്നാല്‍ ക്ഷേത്രത്തിന്‍റെ ഒരു ഭാഗം തകർത്താണ് പള്ളി നിര്‍മിച്ചതെന്ന അവകാശവാദം മഥുര സിവിൽ കോടതി കഴിഞ്ഞ വർഷം തള്ളിയിരുന്നു.
അയോധ്യയിലെ രാമക്ഷേത്രത്തിന് പിന്നാലെ അടുത്ത ലക്ഷ്യം കാശിയും മഥുരയുമാണെന്ന മുദ്രാവാക്യം സംഘപരിവാര്‍ നേരത്തെ തന്നെ മുഴക്കിയിരുന്നു. 'യെഹ് സിര്‍ഫ് ഝന്‍കി ഹെ, കാശി, മഥുര ബാക്കി ഹെ (ഇത് തുടക്കം മാത്രം, കാശിയും മഥുരയും വരാനുണ്ട്)' എന്നായിരുന്നു മുദ്രാവാക്യം. ഇതേ കാര്യമാണ് യു.പി നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ ഉപമുഖ്യമന്ത്രി ഉന്നയിക്കുന്നത്.
अयोध्या काशी भव्य मंदिर निर्माण जारी है
— Keshav Prasad Maurya (@kpmaurya1) December 1, 2021
मथुरा की तैयारी है #जय_श्रीराम #जय_शिव_शम्भू #जय_श्री_राधे_कृष्ण
Adjust Story Font
16