ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള മൗലാനാ ആസാദ് സ്‌കോളർഷിപ്പ് നിർത്തലാക്കും: സ്മൃതി ഇറാനി
ടി.എൻ പ്രതാപൻ എം.പിയുടെ ചോദ്യത്തിന് മറുപടിയായി ലോകസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ന്യൂഡൽഹി: ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള മൗലാനാ ആസാദ് ഫെല്ലോഷിപ്പ് കേന്ദ്ര സർക്കാർ നിർത്തലാക്കുന്നു. 2023 മുതൽ ഫെല്ലോഷിപ്പ് നിർത്തലാക്കാൻ തീരുമാനിച്ചതായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. ടി.എൻ പ്രതാപൻ എം.പിയുടെ ചോദ്യത്തിന് മറുപടിയായി ലോകസഭയിലാണ് ഇക്കാര്യം അറിയിച്ചത്. വിവിധ ഫെല്ലോഷിപ്പുകൾ ന്യൂനപക്ഷ വിദ്യാർഥികൾക്ക് ലഭിക്കുന്നതിനാലാണ് നിർത്തലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 2022-23 അധ്യയന വർഷം മുതൽ ഫെല്ലോഷിപ്പ് തുടരേണ്ടതില്ലെന്നാണ് തീരുമാനം. ന്യൂനപക്ഷ പ്രീ മെട്രിക് സ്‌കോളർഷിപ്പും കേന്ദ്രം അടുത്തിടെ നിർത്തിയിരുന്നു.
''മൗലാനാ ആസാദ് സ്‌കോളർഷിപ്പ് സ്‌കീം നടപ്പിലാക്കിയത് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ (യു.ജി.സി) ആണ്. യു.ജി.സി നൽകിയ ഡാറ്റ പ്രകാരം 2014-15 നും 2021-22 നും ഇടയിൽ 6,722 ഉദ്യോഗാർത്ഥികളെ സ്‌കീമിന് കീഴിൽ തിരഞ്ഞെടുക്കുകയും 738.85 കോടി രൂപയുടെ ഫെലോഷിപ്പുകൾ വിതരണം ചെയ്യുകയും ചെയ്തു. സർക്കാർ നടപ്പിലാക്കുന്ന ഉന്നത വിദ്യാഭ്യാസത്തിനായുള്ള മറ്റ് വിവിധ ഫെലോഷിപ്പ് സ്‌കീമുകൾ ന്യൂനപക്ഷ വിദ്യാർഥികൾക്ക് ലഭിക്കുന്നതിനാൽ 2022-23 മുതൽ മൗലാനാ ആസാദ് സ്‌കോളർഷിപ്പ് നിർത്തലാക്കാൻ സർക്കാർ തീരുമാനിച്ചു''-സ്മൃതി ഇറാനി പറഞ്ഞു.
Adjust Story Font
16