562 ദിവസത്തിന് ശേഷം മൗലാനാ കലീം സിദ്ദീഖിക്ക് ജാമ്യം
2021 സെപ്തംബർ 22ന് യുപി ഭീകരവിരുദ്ധ സേനയാണ് ഇദ്ദേഹത്തെ അറസ്റ്റു ചെയ്തത്.
അലഹബാദ്: മതപരിവർത്തന നിരോധന നിയമപ്രകാരം യുപി ഭരണകൂടം ജയിലിലടച്ച ഇസ്‌ലാമിക പണ്ഡിതൻ മൗലാനാ കലീം സിദ്ദീഖിക്ക് ജാമ്യം. 562 ദിവസങ്ങൾക്ക് ശേഷമാണ് അലഹബാദ് ഹൈക്കോടതി സിദ്ദീഖിക്ക് ജാമ്യം അനുവദിച്ചത്. 2021 സെപ്തംബർ 22ന് യുപി ഭീകരവിരുദ്ധ സേനയാണ് ഇദ്ദേഹത്തെ മീററ്റിൽ വച്ച് അറസ്റ്റു ചെയ്തത്.
'നിയമവിരുദ്ധ മതപരിവർത്തന റാക്കറ്റിലെ' കണ്ണി എന്നാരോപിച്ചാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിയിരുന്നത്. മതപരിവര്‍ത്തനത്തിനായി വന്‍തോതില്‍ വിദേശപണം സിദ്ദീഖി സ്വീകരിച്ചെന്നും എടിഎസ് ആരോപിക്കുന്നു. 2020ലെ നിർബന്ധിത മതപരിവർത്തന നിരോധന നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വഞ്ചന (420), ക്രിമിനൽ ഗൂഢാലോചന (120ബി), വ്യത്യസ്ത മത-സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തൽ (153എ, 153ബി) തുടങ്ങിയ വകുപ്പുകളാണ് സിദ്ദീഖിക്കെതിരെ ചുമത്തിയിട്ടുള്ളത്.
പടിഞ്ഞാറൻ ഉത്തർപ്രദേശിലെ അറിയപ്പെടുന്ന മതപണ്ഡിതനായ സിദ്ദീഖി ഗ്ലോബൽ പീസ് സെന്റർ, ജാമിഅ ഇമാം വലിയുള്ള ട്രസ്റ്റ് എന്നിവയുടെ പ്രസിഡണ്ടാണ്. സിദ്ദീഖിക്ക് വേണ്ടി അഭിഭാഷകരായ എസ്എം റഹ്‌മാൻ ഫൈസ്, ബ്രിജ് മോഹൻ സഹായ്, സിയാഉൽ ഖയ്യൂം ജീലാനി എന്നിവർ കോടതിയിൽ ഹാജരായി.
സിദ്ദീഖിയുടെ അറസ്റ്റിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ബിജെപി സർക്കാർ മുസ്‌ലിംകളെ ലക്ഷ്യം വച്ച് പീഡിപ്പിക്കുകയാണ് എന്നാണ് എസ്പി നേതാവ് ഷഫീഖുർറഹ്‌മാൻ ബർഖ് പ്രതികരിച്ചിരുന്നത്.
Adjust Story Font
16