Quantcast

മൗലാനാ റാബി ഹസനി നദ്‍വി അന്തരിച്ചു

രാജ്യത്തെ പ്രശസ്ത ഇസ്‌ലാമിക മതകലാലയമായ ലഖ്‌നൗവിലെ ദാറുല്‍ ഉലൂം നദ്‌വത്തുൽ ഉലമ ചാൻസലറായിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-04-13 13:47:21.0

Published:

13 April 2023 11:27 AM GMT

MaulanaRabeyHasniNadvi, AllIndiaMuslimPersonalLawBoard
X

ലഖ്‌നൗ: ആൾ ഇന്ത്യ മുസ്‍ലിം പേഴ്‌സനൽ ലോ ബോർഡ് അധ്യക്ഷനും പ്രമുഖ പണ്ഡിതനുമായ മൗലാനാ റാബി ഹസനി നദ്‌വി അന്തരിച്ചു. 94 വയസായിരുന്നു. അസുഖബാധിതനായി ലഖ്‌നൗവിലെ ചികിത്സയിലായിരുന്നു അന്ത്യം.

രാജ്യത്തെ പ്രശസ്ത ഇസ്‌ലാമിക മതകലാലയമായ ലഖ്‌നൗവിലെ നദ്‌വത്തുൽ ഉലമയുടെ ചാൻസലറാണ്. ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമി തലവനുമായിരുന്നു. റിയാദ് ആസ്ഥാനമായുള്ള ആലമി റാബിതയേ അദബേ ഇസ്‌ലാമി വൈസ് പ്രസിഡന്റും മുസ്‌ലിം വേൾഡ് ലീഗ് സ്ഥാപകാംഗവുമാണ്.

1929 ഒക്ടോബർ ഒന്നിന് ഉത്തർപ്രദേശിലെ റായ്ബറേലിയിലുള്ള പ്രമുഖ പണ്ഡിത കുടുംബത്തിലാണ് ജനനം. ലോകപ്രശസ്ത ഇസ്‌ലാമിക പണ്ഡിതനായ അബുൽ ഹസൻ അലി നദ്‌വിയുടെ അനന്തരവനാണ്. റായ്ബറേലിയിലെ മക്തബിൽനിന്നാണ് പ്രാഥമിക മതപഠനം നടത്തിയത്. പിന്നീട് ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമയിൽ ഉപരിപഠനത്തിനു ചേർന്നു.

നദ്‌വയിൽനിന്ന് പഠനം പൂർത്തിയാക്കിയ റാബി ഹസനി 1952ൽ അവിടെ അസിസ്റ്റന്റ് പ്രൊഫസറായി നിയമിതനാകുകയും ചെയ്തു. 1955ൽ അറബി വിഭാഗം തലവനും 1970ൽ അറബിക് ഫാക്കൽറ്റി ഡീനുമായി. 1993ലാണ് നദ്‌വയുടെ വൈസ് ചാൻസലറായി നിയമിതനാകുന്നത്. 2000ത്തിൽ ചാൻസലറും അബുൽ ഹസൻ അലി നദ്‌വിയുടെ വിയോഗത്തെ തുടർന്ന് റെക്ടറുമായി. 2002ൽ ആൾ ഇന്ത്യ മുസ്‌ലിം പേഴ്‌സനൽ ലോ ബോർഡ് അധ്യക്ഷനായി. മുജാഹിദുൽ ഇസ്‌ലാം ഖാസിമി അന്തരിച്ച ഒഴിവിലായിരുന്നു നിയമനം. പിന്നീട് പതിറ്റാണ്ടിലേറെക്കാലം സ്ഥാനത്ത് തുടര്‍ന്നു.

ജോർദാൻ തലസ്ഥാനമായ അമ്മാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ ഇസ്‌ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്റർ യു.എസിലെ ജോർജ്ടൗൺ യൂനിവേഴ്‌സിറ്റിയുമായി സഹകരിച്ചു എല്ലാ വർഷവും പുറത്തിറക്കാറുള്ള 'ദ 500 മോസ്റ്റ് ഇൻഫ്‌ളുവൻഷ്യൽ മുസ്‌ലിംസ്' പട്ടികയിൽ സ്ഥിരംസാന്നിധ്യമാണ് റാബി ഹസനി. അറബി ഭാഷയ്ക്കു നൽകിയ സംഭാവനയ്ക്ക് രാഷ്ട്രപതിയുടെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ കൗൺസിൽ ഉത്തർപ്രദേശ് പുരസ്‌കാരവും നേടിയിട്ടുണ്ട്.

Summary: All India Muslim Personal Law Board president Maulana Rabey Hasni Nadvi passes away

TAGS :

Next Story