ബി.എസ്.പി ദേശീയ കോ-ഓർഡിനേറ്റർ പദവിയിൽ മരുമകൻ ആകാശ് ആനന്ദിനെ തിരിച്ചെത്തിച്ച് മായാവതി
ലോക്സഭാ തെരഞ്ഞെടുപ്പിനിടയിൽ ബി.ജെ.പിയെ വിമർശിച്ചതിന് പിന്നാലെയാണ് ആകാശ് ആനന്ദിനെ പദവികളിൽ നിന്ന് മായാവതി നീക്കിയത്
ലഖ്നൗ: സഹോദര പുത്രനായ ആകാശ് ആനന്ദിനെ വീണ്ടും ബി.എസ്.പിയുടെ ദേശീയ കോ-ഓർഡിനേറ്ററായി നിയമിച്ച് മായാവതി. ബിജെപിയെ വിമർശിച്ചതിനെ തുടർന്ന് കോ-ഓർഡിനേറ്റർ സ്ഥാനത്ത് നിന്നും പിൻഗാമി സ്ഥാനത്തു നിന്നും നേരത്തെ മാറ്റി നിർത്തിയിരുന്നു.
പൊതുതെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാനായി ലഖ്നൗവിൽ ചേർന്ന പാർട്ടി ഭാരവാഹികളുടെ യോഗത്തിലാണ് പദവികൾ തിരിച്ചു നൽകിയതായി മായാവതി പ്രഖ്യാപിച്ചത്. യോഗത്തിൽ സഹോദരൻ ആനന്ദ് കുമാറും ആകാശ് ആനന്ദും പങ്കെടുത്തിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിനിടയിൽ മെയിലാണ് ദേശീയ കോ-ഓർഡിനേറ്റർ സ്ഥാനത്തുനിന്നും ആകാശ് ആനന്ദിനെ മായാവതി നീക്കിയത്. രാഷ്ട്രീയ പക്വത പ്രാപിക്കുന്നതുവരെ സ്ഥാനങ്ങളിൽ നിന്ന് നീക്കുകയാണെന്നായിരുന്നു മായാവതിയുടെ വിശദീകരണം.
‘ബി.ജെ.പി സർക്കാർ ഒരു ബുൾഡോസർ സർക്കാരും രാജ്യദ്രോഹികളുടെ സർക്കാരുമാണ്. യുവാക്കളെ പട്ടിണിക്കിടുകയും പ്രായമായവരെ അടിമകളാക്കുകയും ചെയ്യുന്ന പാർട്ടി തീവ്രവാദ സർക്കാരാണ്. താലിബാൻ സർക്കാരിന് സമാനമാണിതെന്നും യു.പിയിലെ തെരഞ്ഞെടുപ്പ് റാലിയിൽ ആനന്ദ് പ്രസംഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആകാശിനെതിരെ നടപടിയെടുത്തത്. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് അന്ന് ആനന്ദിനെതിരെ കേസെടുത്തിരുന്നു. അതെ സമയം 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ 10 ലോക്‌സഭാ സീറ്റുകൾ നേടിയ മായാവതിയുടെ ബി.എസ്.പിക്ക് 2024 ൽ രാജ്യത്തെവിടെയും അക്കൗണ്ട് തുറക്കാനായില്ല.
Adjust Story Font
16