Quantcast

എ.സി പൊട്ടിത്തെറിച്ച് ഭർത്താവ് 'മരിച്ചു', മനോവിഷമത്തിൽ ഭാര്യ ജീവനൊടുക്കി ; ഭർത്താവ് ജീവനോടെ ആശുപത്രിയിൽ

ശരീരമാസകലം പൊള്ളലേറ്റതിനാൽ മുഖം തിരിച്ചറിയാൻ സാധിക്കാത്ത നിലയിലായിരുന്നു

MediaOne Logo

Web Desk

  • Published:

    7 Jan 2024 4:02 AM GMT

Odisha AC Blast,Odisha,latest national news,
X

ഒഡീഷ്യ: ഭർത്താവ് മരിച്ചെന്ന് തെറ്റിദ്ധരിച്ച് ശവസംസ്‌കാരത്തിന് പിന്നാലെ ജീവനൊടുക്കി ഭാര്യ. പക്ഷേ മരിച്ചെന്ന് കരുതിയ ഭർത്താവിനെ പിന്നീട് ആശുപത്രിയിൽ ജീവനോടെ കണ്ടെത്തി. ഒഡീഷ്യയിലാണ് നടുക്കുന്ന സംഭവം നടന്നത്. ഒഡീഷയിലെ ഒരു ആശുപത്രിയിൽ എസി പൊട്ടിത്തെറിച്ച് 34 കാരനായ ദിലീപ് സാമന്തരായ് എന്നയാൾ മരിച്ചെന്നായിരുന്നു വിവരം. പിന്നീട് ഇയാളുടേതെന്ന് പറഞ്ഞ് മൃതദേഹവും കുടുംബത്തിന് വിട്ടു നൽകി. പൊട്ടിത്തെറിയിൽ ശരീരമാസകലം പൊള്ളലേറ്റതിനാൽ മുഖം തിരിച്ചറിയാൻ സാധിക്കാത്ത നിലയിലായിരുന്നു. തുടർന്ന് മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു.

ഭർത്താവിന്റെ മരണത്തിൽ മനോവിഷമത്തിലായിരുന്ന ഭാര്യ സോന (24) പിന്നീട് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിന് ശേഷമാണ് നേരത്തെ വിട്ടുനൽകിയ മൃതദേഹം ദിലീപിന്റേതല്ലെന്നും ഇയാൾ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണെന്നും അധികൃതർ അറിയിക്കുന്നത്.

ഡിസംബർ 29 നായിരുന്നു പൊട്ടിത്തെറി നടന്നത്. നാലുപേരായിരുന്നു ആ സമയത്ത് എ.സി നന്നാക്കിക്കൊണ്ടിരുന്നത്. ശ്രീതം,ജ്യോതി രഞ്ജൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ദിലീപാണ് എന്നുകരുതിയാണ് ജ്യോതി രഞ്ജന്റെ മൃതദേഹം വീട്ടുകാർക്ക് വിട്ടുകൊടുത്തത്. ജനുവരി 31 നാണ് മൃതദേഹം വീട്ടുകാർ സംസ്‌കരിച്ചത്. പുതുവത്സരദിനത്തിൽ ദിലീപിന്റെ ഭാര്യ സോനയെയും മരിച്ച നിലയിൽ കണ്ടെത്തി. എന്നാൽ പിന്നീടാണ് സംസ്‌കരിക്കാൻ വിട്ടുനൽകിയത് ദിലീപിന്റെ സഹപ്രവർത്തകൻ ജ്യോതിരഞ്ജന്റെതാണെന്ന് തിരിച്ചറിയുന്നത്. ഇതോടെ ദിലീപിന്റെ കുടുംബം ആശുപത്രിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് സോനയുടെ മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ പ്രതിഷേധിച്ചു.

അതേസമയം, ഭർത്താവിന് ഗുരുതരമായ പൊള്ളലേറ്റിരിക്കുകയാണെന്ന് കരുതി ആശുപത്രിയിൽ കൂട്ടിരുന്ന ജ്യോതി രഞ്ജന്റെ ഭാര്യ അർപിത മുഖിയെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ കുഴങ്ങുകയാണ് ബന്ധുക്കൾ. എന്നാൽ തങ്ങളുടെ ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സ്വകാര്യ കമ്പനിയുടെ എ.സി മെക്കാനുക്കുമാരാണ് മരിച്ചത്. കമ്പനിയാണ് മരിച്ചവരെ തിരിച്ചറിഞ്ഞതെന്നും അതനുസരിച്ചാണ് മൃതദേഹം വിട്ടുനൽകിയതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

TAGS :

Next Story