Quantcast

മീഡിയവൺ വിലക്കിന് സുപ്രിംകോടതിയുടെ സ്റ്റേ; കോടതിയിലെ വാദങ്ങൾ ഇങ്ങനെ

ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവർ അടങ്ങുന്ന ബെഞ്ചാണ് മീഡിയവൺ വിലക്ക് നീക്കി ഇടക്കാല ഉത്തരവിറക്കിയത്. മീഡിയവണിന് വേണ്ടി മുതിർന്ന അഭിഭാഷകരായ ദുഷ്യന്ത് ദവെ, മുകുൾ റോത്തഗി, ഹുഫൈസ അഹമ്മദി, ഹാരിസ് ബീരാൻ എന്നിവരാണ് ഹാജരായത്.

MediaOne Logo

Web Desk

  • Published:

    15 March 2022 2:46 PM GMT

മീഡിയവൺ വിലക്കിന് സുപ്രിംകോടതിയുടെ സ്റ്റേ; കോടതിയിലെ വാദങ്ങൾ ഇങ്ങനെ
X

മീഡിയവൺ സംപ്രേഷണത്തിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വിലക്ക് സുപ്രിംകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവർ അടങ്ങുന്ന ബെഞ്ചാണ് മീഡിയവൺ വിലക്ക് നീക്കി ഇടക്കാല ഉത്തരവിറക്കിയത്. മീഡിയവണിന് വേണ്ടി മുതിർന്ന അഭിഭാഷകരായ ദുഷ്യന്ത് ദവെ, മുകുൾ റോത്തഗി, ഹുഫൈസ അഹമ്മദി, ഹാരിസ് ബീരാൻ എന്നിവരാണ് ഹാജരായത്. മുകുൾ റോത്തഗി ലണ്ടനിൽനിന്ന് വീഡിയോ കോൺഫെറൻസിലൂടെയാണ് പങ്കെടുത്തത്. ദുഷ്യന്ത് ദവെയും ഹാരിസ് ബീരാനും കോടതിമുറിയിൽ എത്തിയിരുന്നു. കേന്ദ്രസർക്കാരിനു വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജു വീഡിയോ കോൺഫെറൻസിലും അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം നടരാജ് കോടതി മുറിയിലും എത്തി പങ്കെടുത്തു.

ദുഷ്യന്ത് ദവെ: മുദ്രവെച്ച കവറുകളിൽ നൽകുന്ന റിപ്പോർട്ടുകൾ അംഗീകരിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ഇന്ന് മറ്റൊരു കേസിൽ വ്യക്തമാക്കിയിരുന്നു. ''മുദ്രവെച്ച കവറുകൾ ഞങ്ങൾക്ക് തരേണ്ടതില്ല, അത് ഞങ്ങൾക്ക് ആവശ്യമില്ല'' എന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്. മുദ്രവെച്ച കവറുകൾ വിധിന്യായത്തിന് അടിസ്ഥാനമാകില്ല. ചാനലിന്റെ ലൈസൻസ് പുതുക്കുന്നത് സ്വാഭാവികമായി നടക്കേണ്ടതാണെന്ന് ഹൈക്കോടതി അംഗീകരിച്ചെങ്കിലും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉയർത്തിക്കാട്ടുകയായിരുന്നു. എന്നാൽ ലൈസൻസ് പുതുക്കുന്നതിന് സെക്യൂരിറ്റി ക്ലിയറൻസ് ആവശ്യമില്ല. കഴിഞ്ഞ 11 വർഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ചാനലാണിത്. ഇതുവരെ ഒരു സുരക്ഷാപ്രശ്നവും ഉയർന്നിട്ടില്ല. ചാനലിന്റെ പ്രതിമാസ വേതന ബില്ലുകൾ ഏകദേശം 85 ലക്ഷം രൂപയോളം വരുമെന്നും ദവെ ചൂണ്ടിക്കാട്ടി.

''ഈ തത്വം അംഗീകരിച്ചാൽ രാജ്യത്തെ ഒരു വാർത്താ ചാനലും സുരക്ഷിതമല്ല, ആരും സുരക്ഷിതരല്ല''- ദവെ പറഞ്ഞു. ഒരു സിനിമക്ക് വിലക്കേർപ്പെടുത്തിയ പശ്ചിമ ബംഗാൾ സർക്കാരിന് 20 ലക്ഷം രൂപ പിഴ ചുമത്തിയ ഡി.വൈ ചന്ദ്രചൂഡിന്റെ പഴയ വിധിയും അദ്ദേഹം ചൂണ്ടിക്കാട്ടി.

അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജു: ഞങ്ങൾക്ക് വിശദമായ ഒരു സത്യവാങ്മൂലം ഫയൽ ചെയ്യാൻ സമയം അനുവദിക്കണം. ചെറിയ സമയപരിധി അനുവദിച്ചാൽ മതി.

ഇടക്കാല ഉത്തരവ് വേണമെന്ന് ചൂണ്ടിക്കാട്ടി ദവെ സർക്കാരിന്റെ ആവശ്യത്തെ എതിർക്കുന്നു.

ജസ്റ്റിസ് ചന്ദ്രചൂഡ്: മുദ്രവെച്ച കവറിലെ വിവരങ്ങൾ പുറത്തുവിടുന്നതിൽ എന്താണ് തടസ്സം? ഫയലിലെ വിവരങ്ങൾ അവർക്ക് നൽകിയാലല്ലേ അവരുടെ ഭാഗം അവർക്ക് വിശദീകരിക്കാനാവൂ. അവരൊരു വാർത്താ ചാനലാണ്. നിങ്ങൾ ബിസിനസ് ചെയ്യാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുകയാണ്. സെൻസിറ്റീവ് സ്വഭാവമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിലക്ക് എന്നാണ് നിങ്ങൾ ഹൈക്കോടതിയിൽ പറഞ്ഞത്. ഫയലിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നാണ് ഡിവിഷൻ ബെഞ്ച് പറഞ്ഞത്. ഇത് അപകടകരമാണ്.

ദുഷ്യന്ത് ദവെ: ഞങ്ങളെ പ്രവർത്തിക്കാൻ അനുവദിച്ചാൽ ആകാശം ഇടുഞ്ഞുവീഴില്ല. ഞങ്ങൾ സർക്കാരിനെ അട്ടിമറിക്കാൻ പോവുന്നില്ല. ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട ആളുകളാണ് ഈ ചാനൽ നടത്തുന്നത് എന്നതുകൊണ്ട് നിസ്സാരമായി ആറാഴ്ചയാണ് ഇത് പൂട്ടിയിട്ടത്. അല്ലാതെ മറ്റെന്താണ്? ഒരിക്കൽപോലും മാനദണ്ഡങ്ങൾ മറികടന്ന് ഞങ്ങൾ പ്രവർത്തിച്ചിട്ടില്ല.

ജസ്റ്റിസ് ചന്ദ്രചൂഡ്: മുദ്രവെച്ച കവറിൽ രേഖകൾ കൈമാറുന്ന ശൈലിയോട് എനിക്ക് വിയോജിപ്പാണ്. ഞങ്ങൾ ഈ രേഖകൾ പരിശോധിക്കുന്നതിൽ നിങ്ങൾക്ക് എതിർപ്പുണ്ടോ?

ദുഷ്യന്ത് ദവെ: ഇല്ല

അഡീഷണൽ സോളിസിറ്റർ ജനറൽ കെഎം നടരാജ്: സംപ്രേഷണ വിലക്ക് ശരിവെച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ജഡ്ജിക്കെതിരെ യൂട്യൂബ് ചാനലിലൂടെ രൂക്ഷമായി വിമർശിച്ചു. ഭരണസ്ഥാപനങ്ങൾക്ക് പോലും ഈ ഹരജിക്കാർ ഭീഷണിയാണ്. ജഡ്ജിമാരെ ഭീഷണിപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല.

ദുഷ്യന്ത് ദവെ: ഭീഷണിപ്പെടുത്തുന്നത് ഞങ്ങളല്ല. ആ ആരോപണത്തിന്റെ പേരിൽ ഞങ്ങളെ അടച്ചുപൂട്ടാൻ നിങ്ങൾക്ക് കഴിയില്ല.

ജസ്റ്റിസ് ചന്ദ്രചൂഡ്: കോടതി വിധികളെ വിമർശിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. ഞങ്ങൾ കോടതിമുറിക്ക് പുറത്തുള്ള ചേംബറിൽ ഇരുന്ന് പരിശോധിച്ച ശേഷം മടങ്ങിവരാം.

ഏകദേശം 10 മിനിട്ടുകൾക്ക് ശേഷം ജഡ്ജിമാർ കോടതിമുറിയിൽ തിരിച്ചെത്തി. ഇടക്കാല ഉത്തരവ് പ്രഖ്യാപിക്കുന്നു.

ഉത്തരവിലെ പ്രധാന ഭാഗങ്ങൾ:

മീഡിയവൺ സംപ്രേഷണ വിലക്ക് സ്റ്റേ ചെയ്തു. വിലക്കിനു മുമ്പുള്ള രീതിയിൽ ചാനലിന് പ്രവർത്തിക്കാം. കോടതിയിൽ ഹാജരാക്കിയ രേഖകൾ ഹരജിക്കാർക്ക് കൈമാറാമോ എന്ന കാര്യത്തിൽ ഉൾപ്പെടെ കേന്ദ്രസർക്കാർ രണ്ടാഴ്ചക്കുള്ളിൽ സത്യവാങ്മൂലം ഫയൽ ചെയ്യണം.


TAGS :

Next Story