രേഖ ജുൻജുൻവാല രണ്ടാഴ്ചകൊണ്ട് നേടിയത് 1000 കോടി രൂപ; സാധ്യമാക്കിയത് ടൈറ്റൻ ഓഹരി
അന്തരിച്ച ട്രേഡറും, ഇൻവെസ്റ്ററുമായിരുന്ന രാകേഷ് ജുൻജുൻവാലയുടെ ഭാര്യയാണ് രേഖ ജുൻജുൻവാല
പ്രമുഖ നിക്ഷേപക രേഖ ജുൻജുൻവാല രണ്ട് ആഴ്ച കൊണ്ട് 1000 കോടി രൂപ ലാഭം നേടിയതായി റിപ്പോർട്ട്. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ടൈറ്റൻ കമ്പനിയുടെ ഓഹരികളാണ് ഇത് സാധ്യമാക്കിയത്. ആയിരക്കണക്കിന് കോടികളുടെ ആസ്തിയുള്ള ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീകളിൽ ഒരാളാണ് രേഖ ജുൻജുൻവാല.
വെള്ളിയാഴ്ചത്തെ ട്രേഡിങ് സെഷനിൽ ഓഹരി വില 0.89 ശതമാനം ഇടിഞ്ഞ് 2,500 രൂപയിൽ ആണെങ്കിലും 2023 ഫെബ്രുവരി രണ്ടിന് ഏകദേശം 2,310 ലെവലിൽ ക്ലോസ് ചെയ്ത ശേഷം ടൈറ്റൻ ഓഹരിയിൽ കൂടുതൽ ട്രേഡിങ് നടന്നിട്ടുണ്ട്. ഈ സമയത്ത്, ടാറ്റ ഗ്രൂപ്പിലെ കിടിലൻ സ്റ്റോക്ക് 2,310 ലെവലിൽ നിന്ന് 2,535 രൂപ വരെയായി ഉയർന്നിരുന്നു. ഇത് ടൈറ്റൻ കമ്പനി ലിമിറ്റഡിന്റെ ഷെയർഹോൾഡറായ രേഖാ ജുൻജുൻവാലയുടെ ആസ്തി 1,000 കോടി രൂപയിലധികം ഉയരാൻ കാരണമായി. ടൈറ്റന്റെ പെയ്ഡ് അപ്പ് ഷെയറുകളുടെ 5.17 ശതമാനം രേഖ ജുൻജുൻവാലയുടെ കൈവശമാണ്.
ആരാണ് രേഖ ജുൻജുൻവാല?
അന്തരിച്ച ട്രേഡറും, ഇൻവെസ്റ്ററുമായിരുന്ന രാകേഷ് ജുൻജുൻവാലയുടെ ഭാര്യയാണ് രേഖ ജുൻജുൻവാല. കമ്പനിയിൽ അദ്ദേഹത്തിന് 3.85 ശതമാനം ഓഹരിയുണ്ടായിരുന്നപ്പോൾ രേഖയ്ക്ക് 1.69 ശതമാനം ഓഹരിയുണ്ടായിരുന്നു. ഇന്ത്യയിലെ അതിസമ്പന്നരിൽ ഒരാളായിരുന്നു രാകേഷ് ജുൻജുൻവാല. 2022-ൽ ഇന്ത്യയിലെ ഏറ്റവും വലിയ 30-ാമത്തെ സമ്പന്നനായ വ്യക്തിയാണ് അദ്ദേഹമെന്ന് ഫോർബ്‌സ് പറയുന്നു. 62-ാം വയസ്സിൽ രാകേഷ് ജുൻജുൻവാല അന്തരിച്ചു.
രേഖ ജുൻജുൻവാലയുടെ ഏകദേശ ആസ്തി 47,650 കോടി രൂപയാണ്. തന്റെ ആകാശ എയർലൈൻസ് സർവീസ് ആരംഭിച്ച് ഒരാഴ്ച്ച കഴിഞ്ഞപ്പോളാണ് രാകേഷ് ജുൻജുൻവാല അന്തരിച്ചത്. ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്: നിഷ്ത, ആര്യമാൻ, ആര്യവീർ. 1987ലാണ് അവർ വിവാഹിതരായത്.
Adjust Story Font
16