Quantcast

രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചൊരു കൂടിക്കാഴ്ച; ഉദ്ധവിനെയും ഷിൻഡയേയും ഒരേദിവസം കണ്ട് ആനന്ദ് അംബാനി

തെരഞ്ഞെടുപ്പ് സഖ്യങ്ങളെക്കുറിച്ചും സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ചുമൊക്കെ സംസ്ഥാനത്ത് ചർച്ചകൾ കൊഴുക്കുമ്പോഴാണ് ആനന്ദ് അംബാനിയുടെ കൂടിക്കാഴ്ചയും വരുന്നത്.

MediaOne Logo

Web Desk

  • Updated:

    2024-10-03 04:26:08.0

Published:

3 Oct 2024 4:22 AM GMT

Anant Ambani
X

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനി ഒരേദിവസം ശിവസേന നേതാക്കളായ ഉദ്ധവ് താക്കറയേയും ഏക്‌നാഥ് ഷിൻഡയേയും കണ്ടത് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചു. ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീയിലെത്തിയാണ് ആനന്ദ് അംബാനി അദ്ദേഹത്തെ കണ്ടത്. പിന്നാലെയാണ് മുഖ്യമന്ത്രി കൂടിയായ ഏക്‌നാഥ് ഷിൻഡയെ കണ്ടത്.

കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുടെ മഹാരാഷ്ട്ര സന്ദർശനത്തിനിടെയാണ് ഈ കൂടിക്കാഴ്ച എന്നതും കൗതുകമായി. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ഈ വർഷാവസാനത്തോടെ നടക്കുമെന്നിരിക്കെ പലതരത്തിലുള്ള 'തിയറികളാണ്' ആനന്ദ് അംബാനിയുടെ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ ക്രമീകരണങ്ങളെയും തന്ത്രങ്ങളെയും ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങൾക്കും ഈ കൂടിക്കാഴ്ച കാരണമായി. കൂടിക്കാഴ്ചയുടെ ഉദ്ദേശ്യം എന്തായിരുന്നുവെന്ന് ആരും വ്യക്തമാക്കിയിട്ടില്ലെങ്കിലും പല തരത്തിലുള്ള ചർച്ചകളാണ് മഹാരാഷ്ട്രയിൽ നടക്കുന്നത്.

ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് ആനന്ദ് അംബാനി, ഉദ്ധവ് താക്കറയുടെ മാതോശ്രീയിൽ എത്തുന്നത്. ഏകദേശം ഒന്നരമണിക്കൂറോളമാണ് കൂടിക്കാഴ്ച നീണ്ടുനിന്നത്. ഒരു മണിയോട് അടുത്താണ് മുഖ്യമന്ത്രിയുടെ വസതിയായ വർഷ ബംഗ്ലാവിലെത്തി ഏക്‌നാഥ് ഷിൻഡെയെ കാണുന്നത്. രണ്ടായി നിൽക്കുന്ന ശിവസേനക്കാരെ ഒന്നാക്കാനാണോ ആനന്ദ് അംബാനിയെ രംഗത്ത് ഇറക്കിയതെന്ന് ഒരുകൂട്ടർ ചോദിക്കുമ്പോൾ തന്റെ പുതിയ പ്രൊജക്ടുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനാണ് അദ്ദേഹം സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളെ കണ്ടത് എന്നാണ് ചിലർ ഉയർത്തുന്നത്.

അംബാനി കുടുംബം രാഷ്ട്രീയത്തിൽ നേരിട്ട് ഇടപെടാറില്ലെന്നും കുടുംബപരമായ മറ്റുകാര്യങ്ങൾക്കാകാം കൂടിക്കാഴ്ച എന്ന് വിശ്വസിക്കുന്നവരും കുറവല്ല. എന്നിരുന്നാലും, രാത്രി വൈകിയുള്ള ഈ കൂടിക്കാഴ്കൾ രാഷ്ട്രീയ ചർച്ചകൾക്ക് തിരികൊളുത്തിക്കഴിഞ്ഞു. സമൂഹമാധ്യമങ്ങളിലടക്കം ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സർക്കാർ മാറുമെന്നും അതിനാലാണ് ഉദ്ധവിനെ ആദ്യം സന്ദർശിച്ചത് എന്നും ചിലർ പറയുന്നു.

അതേസമയം ഉദ്ധവ് താക്കറെയുമായി അടുപ്പം പുലര്‍ത്തുമ്പോഴും മഹാവികാസ് അഘാഡിയുടെ ഭാഗമായ കോണ്‍ഗ്രസ്, അംബാനിയുമായി അത്ര രസത്തിലല്ല. അംബാനിയെ അവസരം കിട്ടുമ്പോഴെല്ലാം രാഹുല്‍ഗാന്ധി വിമര്‍ശിക്കാറുണ്ട്. അടുത്തിടെ, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, ആനന്ത് അംബാനിയുടെ വിവാഹച്ചെലവിൻ്റെ പേരിൽ രാഹുൽ ഗാന്ധി ബിജെപിയെ ലക്ഷ്യമിട്ടിരുന്നു. വിവാഹത്തിന് അംബാനി കോടികൾ മുടക്കിയപ്പോൾ കർഷകർ കടക്കെണിയിലാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശം.

അതേസമയം മഹാരാഷ്ട്ര സംസ്ഥാന നിയമസഭയിലക്കേുള്ള തെരഞ്ഞെടുപ്പ് അടുത്ത മാസം പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. നേരത്തെ ഹരിയാനക്കൊപ്പം പ്രഖ്യാപിക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പാണ് വൈകുന്നത്. സംസ്ഥാനത്തെ വെള്ളപ്പൊക്കവും അതുമൂലം വോട്ടർപട്ടിക പുതുക്കുന്നതിനുള്ള കാലതാമസവും ഉത്സവ സീസണുമൊക്കെയാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് വൈകാനുള്ള കാരണായി തെരഞ്ഞെടുപ്പ് കമ്മീഷവൻ വ്യക്തമാക്കിയിരുന്നത്. എന്നാൽ ബിജെപിക്ക് വേണ്ടി തെരഞ്ഞെടുപ്പ് മനപ്പൂർവം വൈകിപ്പിക്കുകയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

തെരഞ്ഞെടുപ്പ് സഖ്യങ്ങളെക്കുറിച്ചും സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ചുമൊക്കെ സംസ്ഥാനത്ത് ചർച്ചകൾ കൊഴുക്കുമ്പോഴാണ് ആനന്ദ് അംബാനിയുടെ കൂടിക്കാഴ്ചയും വരുന്നത്.

TAGS :

Next Story