സൽമാൻ ഖാനെ കൊല്ലാൻ ഗൂഢാലോചന; ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ
പാകിസ്താനിൽ നിന്നുള്ള ആയുധങ്ങൾ ഉപയോഗിച്ച് പ്രായപൂർത്തിയാവാത്തവരെ ഷാർപ്പ് ഷൂട്ടർമാരായി ഉപയോഗിക്കാനാണ് പ്രതികൾ ശ്രമിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാനെ കൊല്ലാൻ ഗൂഢാലോചന നടത്തിയതിന് ലോറൻസ് ബിഷ്‌ണോയി സംഘാംഗത്തിലെ ഒരാൾ കൂടി അറസ്റ്റിൽ. സുഖ എന്ന സുഖ്ബീർ ബൽബീർ സിങ് ആണ് പിടിയിലായത്. നവി മുംബൈയിലെ പൻവേൽ ടൗൺ പൊലീസ് സംഘം ഹരിയാനയിലെ പാനിപ്പത്തിൽനിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നവി മുംബൈയിലെത്തിച്ച ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
സൽമാൻ ഖാനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടപ്പാക്കാൻ ബിഷ്‌ണോയി സംഘാംഗങ്ങൾക്കൊപ്പം സിങ് പാകിസ്താനിൽ നിന്നുള്ള എകെ 47, എം 16, എകെ 92 തുടങ്ങിയ ആയുധങ്ങൾ ഉപയോഗിക്കാൻ പദ്ധതിയിട്ടിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഈ വർഷം ഏപ്രിൽ 14ന് സൽമാൻ ഖാൻ്റെ മുംബൈ ബാന്ദ്രയിലെ വീടിന് മുന്നില്‍ നടന്ന വധശ്രമം പരാജയപ്പെട്ടിരുന്നു.
ഇതിനു പിന്നാലെയാണ് ലോറന്‍സ് ബിഷ്‌ണോയിയാണ് വെടിവെപ്പ് ആസൂത്രണം ചെയ്തതെന്നും നടനെ കൊലപ്പെടുത്താനായിരുന്നു പദ്ധതിയെന്നും വ്യക്തമായത്. തുടര്‍ന്ന് കേസിലെ അഞ്ച് പ്രതികളെ നവി മുംബൈ പൊലീസ് പിടികൂടിയിരുന്നു. നടനെ കൊല്ലാൻ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് ബിഷ്ണോയിയും സംഘാംഗങ്ങളുമടക്കം 18 പേർക്കെതിരെ കഴിഞ്ഞ ഏപ്രിൽ 24ന് നവി മുംബൈ പൊലീസ് കേസെടുക്കുകയും ചെയ്തു.
ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയി, സഹോദരൻ അൻമോൽ, സാംപത് നെഹ്റ, ഗോൾഡീ ബ്രാർ, രോഹിത് ഗോധ്വാര തുടങ്ങിയവരെ പ്രതികളാക്കിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വെടിവെപ്പുമായി ബന്ധപ്പെട്ട് ബിഷ്‌ണോയി സംഘാംഗങ്ങളായ ധനഞ്ജയ് എന്ന അജയ് കശ്യപ്, ഗൗരവ് ഭാട്ടിയ, വാസ്പി ഖാൻ എന്ന വസീം ചിക്‌ന, റിസ്വാൻ ഖാൻ എന്ന ജാവേദ്, ദീപക് ഹവ സിങ് എന്ന ജോൺ എന്നിവരെയാണ് നേരത്തെ നവി മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.
വീടിനു മുന്നിലെ വെടിവെപ്പിനു പിന്നാലെ, ജൂണിൽ നവി മുംബൈയിലെ പനവേലിലുള്ള ഫാം ഹൗസിലേക്ക് പോകുന്നവഴി സല്‍മാന്‍ ഖാനെ കൊലപ്പെടുത്താനായിരുന്നു ഇവരുടെ അടുത്ത പദ്ധതിയെന്ന് പൊലീസ് പറയുന്നു. ഏപ്രിലിൽ നടന്‍റെ ബാന്ദ്രയിലെ വസതിക്കു നേരെ വെടിയുതിർത്തതിനു ശേഷമാണ് ഗൂഢാലോചന നടന്നതെന്നും പൊലീസ് പറഞ്ഞു. ഖാൻ്റെ ബാന്ദ്രയിലെ വസതി, പൻവേൽ ഫാം ഹൗസ്, സിനിമാ ഷൂട്ടിങ് ലൊക്കേഷനുകൾ എന്നിവിടങ്ങളിൽ നിരീക്ഷണത്തിനായി ലോറൻസ് ബിഷ്‌ണോയിയും സമ്പത് നെഹ്‌റയും 60- 70 വരെ അംഗങ്ങളെ നിയോഗിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി.
പാകിസ്താനിൽ നിന്നുള്ള ആയുധങ്ങൾ ഉപയോഗിച്ച് പ്രായപൂർത്തിയാവാത്തവരെ ഷാർപ്പ് ഷൂട്ടർമാരായി ഉപയോഗിക്കാനാണ് പ്രതികൾ ശ്രമിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തന്നെയും കുടുംബാംഗങ്ങളെയും കൊല്ലുക എന്ന ഉദ്ദേശത്തോടെയാണ് ലോറൻസ് ബിഷ്‌ണോയി സംഘം തൻ്റെ വസതിക്ക് നേരെ വെടിയുതിർത്തതെന്ന് ഖാൻ പൊലീസിനോട് പറഞ്ഞിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഈ മൊഴി രേഖപ്പെടുത്തിയിരുന്നു. ബൈക്കിലെത്തിയ രണ്ടു പേരാണ് ഏപ്രില്‍ 14ന് സല്‍മാന്‍ ഖാന്റെ ബാന്ദ്രയിലെ വീടിന് മുന്നില്‍നിന്ന് വെടിയുതിര്‍ത്തത്.
അതേസമയം, എൻസിപി നേതാവും മഹാരാഷ്ട്ര മുൻ മന്ത്രിയുമായ ബാബ സിദ്ദീഖിയുടെ കൊലപാതകത്തിൽ സുഖ്ബീർ സിങ്ങിന് പങ്കുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ബോളിവുഡ് താരം സൽമാൻ ഖാനുമായുള്ള അടുപ്പമാണ് ബാബാ സിദ്ദീഖിയുടെ കൊലയ്ക്ക് കാരണമെന്ന് ബിഷ്ണോയി സംഘാംഗമായ ശുഭം ലോങ്കർ സമൂഹമാധ്യമ അക്കൗണ്ടിലൂടെ അറിയിച്ചിരുന്നു. കൊലപാതകത്തിന്റെ ഉത്തരാവാദിത്തം ബിഷ്ണോയ് സംഘം ഏറ്റെടുക്കുകയും ചെയ്തിരുന്നു. സിദ്ദീഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇയാളെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ലോറന്‍സ് ബിഷ്ണോയി സംഘത്തിന്‍റെ സ്ഥിരം നോട്ടപ്പുള്ളിയാണ് സല്‍മാന്‍ ഖാന്‍. കത്ത് വഴിയും ഇ-മെയില്‍ വഴിയും താരത്തിന് നിരവധി തവണ വധഭീഷണികള്‍ ലഭിച്ചിരുന്നു. താരത്തിന് ഭീഷണിയുണ്ടെന്ന് മനസിലാക്കിയ മുംബൈ പൊലീസ് ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷയും ഏർപ്പെടുത്തിയിരുന്നു. ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ നിന്ന് താരത്തിന് ഭീഷണി കത്ത് ലഭിച്ചതിനെ തുടർന്നാണ് മഹാരാഷ്ട്ര സർക്കാർ സുരക്ഷ ഏര്‍പ്പെടുത്തിയത്.
2022ല്‍ സല്‍മാനും പിതാവിനും വധഭീഷണി കത്ത് ലഭിച്ചിരുന്നു. അക്രമികൾ വെടിവച്ചു കൊലപ്പെടുത്തിയ പഞ്ചാബ് ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസവാലയുടെ അവസ്ഥയുണ്ടാകുമെന്നായിരുന്നു ഭീഷണിക്കത്തിലുണ്ടായിരുന്നത്. ജൂൺ അഞ്ചിന് ബാന്ദ്രയിൽനിന്നാണ് കത്ത് ലഭിച്ചത്. സൽമാൻ പ്രഭാത സവാരിക്കു പോകുന്ന വഴിയിൽനിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കത്ത് കണ്ടെടുക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് താരം സ്വയം സുരക്ഷ ശക്തമാക്കിയിരുന്നു. തന്‍റെ ടൊയോട്ട ലാൻഡ് ക്രൂയിസർ എസ്‌യുവി കവചവും ബുള്ളറ്റ് പ്രൂഫ് ഗ്ലാസും ഉപയോഗിച്ച് നവീകരിച്ചു. തോക്ക് കൈവശം വയ്ക്കാനും സല്‍മാന് മുംബൈ പൊലീസ് അനുമതി നല്‍കിയിരുന്നു.
Adjust Story Font
16