Quantcast

സി.കെ നാണു വിളിച്ച ജെ.ഡി.എസ് ദേശീയ യോഗത്തിൽ അംഗങ്ങൾ പങ്കെടുക്കരുതെന്ന് ദേവഗൗഡ

ജെ.ഡി.എസിന്റെ ദേശീയ വൈസ് പ്രസിഡന്റാണ് സി.കെ നാണു

MediaOne Logo

Web Desk

  • Updated:

    2023-11-12 06:48:53.0

Published:

12 Nov 2023 6:20 AM GMT

Members should not attend JDS national meet called by CK Nanu: HD Devegowda
X

ബെംഗളൂരു: സി.കെ നാണു വിളിച്ച ജെ.ഡി.എസ് ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ അംഗങ്ങൾ പങ്കെടുക്കരുതെന്ന് ദേശീയ അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ. യോഗം വിളിക്കാൻ സി.കെ നാണുവിന് ദേശീയ അധ്യക്ഷൻ അനുമതി നൽകിയിട്ടില്ലെന്നും യോഗം പാർട്ടി ഭരണഘടനയുടെ ലംഘനമാണെന്നും വാർത്താകുറിപ്പിലൂടെ ദേവഗൗഡ വ്യക്തമാക്കി. ജെ.ഡി.എസിന്റെ ദേശീയ വൈസ് പ്രസിഡന്റാണ് സി.കെ നാണു. ഈ മാസം 15-ന് തിരുവനന്തപുരത്താണ് അദ്ദേഹം ദേശീയ എക്സിക്യൂട്ടീവ് വിളിച്ചിരിക്കുന്നത്. സി.എം ഇബ്രാഹീം അടക്കമുള്ള മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.

എൻ.ഡി.എ സഖ്യത്തിന്റെ ഭാഗമാകാനുള്ള ജെ.ഡി.എസ് തീരുമാനത്തിന് പിന്നാലെ കർണാടക അധ്യക്ഷ സ്ഥാനത്ത് നിന്ന് സി.എം. ഇബ്രാഹിമിനെ നീക്കിയിരുന്നു. എച്ച്.ഡി. ദേവഗൗഡയാണ് ഇക്കാര്യം അറിയിച്ചിരുന്നത്. സംസ്ഥാന പ്രവർത്തക സമിതി പിരിച്ചുവിട്ടതായും മുൻ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയെ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റായി നിയമിച്ചതായും ദേവഗൗഡ അറിയിച്ചു.

പാർട്ടിയെ ശക്തിപ്പെടുത്താൻ പഴയ കമ്മിറ്റിയെ പിരിച്ചുവിട്ടെന്നും തന്റെ നേതൃത്വത്തിൽ പുതിയ സംസ്ഥാന കമ്മിറ്റി നിലവിൽ വന്നെന്നും എച്ച്.ഡി കുമാരസ്വാമി പറഞ്ഞു. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി-ജെഡിഎസ് സഖ്യത്തെ ഇബ്രാഹിം ശക്തമായി എതിർത്തതിന് പിന്നാലെയാണ് പാർട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നീക്കിയിരുന്നത്. എന്നാൽ എൻ.ഡി.എ സംഖ്യത്തെ എതിർക്കുന്നവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം താനാണ് യഥാർത്ഥ ജെ.ഡി.എസിന്റെ പ്രസിഡൻറെന്നും പാർട്ടിയിലെ ഭൂരിപക്ഷം നേതാക്കളും അണികളും തനിക്കൊപ്പമാണെന്നും സി.എം ഇബ്രാഹിം അവകാശപ്പെട്ടിരുന്നു.

പാർട്ടി കുടുംബസ്വത്തല്ല. എൻ.ഡി.എയുടെ ഭാഗമാകാനുള്ള തീരുമാനം പാർട്ടിയുടേതല്ല. അത് കുമാരസ്വാമിയുടെ സ്വന്തം നിലക്കുള്ള തീരുമാനം മാത്രമാണ്. ഭൂരിപക്ഷം നേതാക്കളും തന്നോടൊപ്പമുണ്ട്. 28 ജില്ലകളിൽനിന്നുള്ള നേതാക്കളും കഴിഞ്ഞ ദിവസത്തെ യോഗത്തിൽ പങ്കെടുത്തിരുന്നുവെന്നും സി.എം ഇബ്രാഹിം അവകാശപ്പെട്ടു. എൻ.ഡി.എക്കൊപ്പം പോയാൽ അംബാസഡർ, ഗവർണർ സ്ഥാനങ്ങൾ തനിക്കും വാഗ്ദാനം ചെയ്തിരുന്നതായും സി.എം ഇബ്രാഹിം പറഞ്ഞിരുന്നു.

അതേസമയം, ജെ.ഡി.എസ് ദേശീയ എക്സിക്യൂട്ടീവ് യോഗം വിളിച്ച സി.കെ നാണുവിന്റെ നടപടി അപ്രായോഗികമെന്ന് സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ പറഞ്ഞിരുന്നത്. സംസ്ഥാന നേതൃത്വത്തെ വിശ്വാസത്തിലെടുക്കാതെ യോഗം ചേരാനാകില്ലെന്നും യോഗവുമായി സഹകരിക്കില്ലെന്നും ലോഹ്യ പറഞ്ഞു.

എൻ.ഡി.എക്കൊപ്പം ചേരാനുള്ള ദേവഗൗഡയുടെ നിലപാട് സംസ്ഥാന നേതൃത്വം തള്ളിയതാണ്. ഇത് സംബന്ധിച്ച് നാല് തവണ യോഗം ചേർന്ന് ചില കാര്യങ്ങൾ ആലോചിച്ചിട്ടുണ്ട്. എങ്കിലും ഇത്തരമൊരു യോഗം വിളിക്കാൻ സംസ്ഥാന നേതൃത്വം തീരുമാനിച്ചിട്ടില്ലെന്നും ലോഹ്യ പറഞ്ഞു. യോഗം വിളിച്ചതിനെക്കുറിച്ച് അറിയില്ലെന്ന് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസും പറഞ്ഞിരുന്നു.

ദേശീയ നേതൃത്വം ബി.ജെ.പി സഖ്യത്തിനൊപ്പം ചേർന്നതിനെ തുടർന്ന് ജെ.ഡി.എസിൽ പ്രതിസന്ധി രൂപപ്പെട്ടിരുന്നു. ദേശീയ നേതൃത്വം എൻ.ഡി.എയിൽ ചേർന്നെങ്കിലും സംസ്ഥാനത്ത് എൽ.ഡി.എഫിൽ തുടരുകയെന്ന നിലപാടാണ് ജെ.ഡി.എസ് സ്വീകരിച്ചിരുന്നത്. ഇതിനിടെയാണ് സി.കെ നാണു ദേശീയ എക്സിക്യൂട്ടീവ് യോഗം വിളിച്ചിരിക്കുന്നത്.

TAGS :

Next Story