ചോദ്യപേപ്പർ മാത്രമല്ല സോൾവ് ചെയ്‌ത ഉത്തരക്കടലാസും കൈമാറി; 40 ലക്ഷം വരെ ഈടാക്കിയതായി റിപ്പോർട്ട്
മുപ്പതോളം വിദ്യാർഥികൾക്ക് ചോദ്യപേപ്പറും സോൾവ് ചെയ്ത ഉത്തരക്കടലാസുകളും ലഭിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്
പാറ്റ്‌ന: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ ബന്ധപ്പെട്ട് ബിഹാറിൽ അറസ്റ്റിലായ മൂന്ന് പേരുടെ പക്കൽ എല്ലാ ചോദ്യപേപ്പറുകളുടെയും ഉത്തരക്കടലാസുകളുടെയും പകർപ്പുകൾ ഉണ്ടായിരുന്നതായി റിപ്പോർട്ട്. മാനവ വിഭവശേഷി മന്ത്രാലയ വൃത്തങ്ങളാണ് ഈ വിവരം അറിയിച്ചത്. കേസുമായി ബന്ധപ്പെട്ട് ബിഹാറിൽ ഇതുവരെ 13 പേരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് നീറ്റ് പരീക്ഷാർത്ഥികളുടെ അഡ്മിറ്റ് കാർഡുകളുടെ ഫോട്ടോകോപ്പി, ഐഫോൺ 15 പ്ലസ്, വൺ പ്ലസ് മൊബൈൽ എന്നിവ പൊലീസ് കണ്ടെടുത്തു.
അറസ്റ്റിലായ സിക്കന്ദർ യാദ്വേന്ദു, അഖിലേഷ് കുമാർ, ബിട്ടു കുമാർ എന്നിവരെ പൊലീസ് വിശദമായി ചോദ്യംചെയ്തു. നാലുപേർക്കാണ് ഇവർ ചോദ്യപേപ്പർ വിതരണം ചെയ്തതെന്നാണ് അറിയാൻ കഴിഞ്ഞത്. ഗൂഢാലോചന കേസിൽ വിദ്യാർത്ഥികളായ സഞ്ജീവ് സിംഗ്, റോക്കി, നിതീഷ്, അമിത് ആനന്ദ് എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുപ്പതോളം വിദ്യാർത്ഥികൾക്ക് ചോദ്യപേപ്പറും സോൾവ് ചെയ്ത ഉത്തരക്കടലാസുകളും ലഭിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഓരോ വിദ്യാർത്ഥികളിൽ നിന്നും 30 മുതൽ 40 ലക്ഷം രൂപ വരെയാണ് ഈടാക്കിയിരുന്നത്. സംഭവത്തിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. മേയ് അഞ്ചിന് നടന്ന നീറ്റ് യു.ജി പരീക്ഷയിലെ ക്രമക്കേട് അന്വേഷണം ഇന്നലെയാണ് സിബിഐ ഏറ്റെടുത്തത്.
Adjust Story Font
16