Quantcast

തമിഴ്നാട്ടിൽ ഇതരസംസ്ഥാന തൊഴിലാളികൾക്ക് നേരെ ആക്രമണം; ഹിന്ദു മുന്നണി പ്രവർത്തകരുൾപ്പെടെ നാല് പേർ അറസ്റ്റിൽ

പ്രതികൾ മുമ്പും ഇതര സംസ്ഥാന തൊഴിലാളികളെ മർദിച്ചിരുന്നതായി പരാതിക്കാരൻ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    14 March 2023 3:05 PM GMT

Migrant workers attacked in TN Hindu Munnani men among four arrested
X

ചെന്നൈ: തമിഴ്നാട്ടിൽ കുടിയേറ്റ തൊഴിലാളികൾക്ക് നേരെ അതിക്രമം നടക്കുന്നു എന്ന സംഘ്പരിവാർ‌ വ്യാജ പ്രചരണങ്ങളിൽ നടപടിക്ക് പിന്നാലെ, ഇതര സംസ്ഥാന തൊഴിലാളികളെ ആക്രമിച്ചതിന് ഹിന്ദു മുന്നണി പ്രവർത്തകരുൾപ്പെടെ നാല് പേർ അറസ്റ്റിൽ. കോയമ്പത്തൂരിലെ എടയാർ തെരുവിലെ മഹാളിയമ്മൻ ക്ഷേത്രത്തിന് സമീപമാണ് പശ്ചിമബം​ഗാൾ സ്വദേശികളായ തൊഴിലാളികൾ ആക്രമിക്കപ്പെട്ടത്.

സംഭവത്തിൽ സൂര്യപ്രകാശ്, പ്രകാശ്, പ്ര​ഗദീഷ്, വേൽമുരുകൻ എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഇവരിൽ സൂര്യപ്രകാശും പ്രകാശും ഹിന്ദു മുന്നണി പ്രവർത്തകരാണെന്ന് പൊലീസ് അറിയിച്ചു. പ്രതികൾക്കെതിരെ ഐപിസി 294 (ബി), 323 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. പരാതിക്കാരനായ ​ഗൗതം സിയമേൽ കാഠുവ, സുഹൃത്തുക്കളായ തൻമയ് ജാന, ജകത് എന്നിവർ എടയാർ തെരുവിലൂടെ നടന്നുപോവുകയായിരുന്നു. ഈ സമയം എതിരേ വന്ന സൂര്യപ്രകാശും പ്രകാശും അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നെന്ന് പരാതിയിൽ പറയുന്നു. സ്വർണപ്പണിക്കാരനായ ​ഗൗതം ആറ് വർഷമായി കോയമ്പത്തൂരിലാണ് താമസം.

പിന്നീട്, സൂര്യപ്രകാശും സുഹൃത്തുക്കളും സമാനമായ മറ്റൊരു അക്രമത്തിലും ഉൾപ്പെട്ടിരുന്നതായി ​ഗൗതമിന് മനസിലായി. പശ്ചിമബം​ഗാൾ സ്വദേശികളായ മോനോ, ഷെയ്ഖ് ശവാൻ എന്നിവരെ നേരത്തെ ഇവർ മർദിച്ചിരുന്നു എന്നാണ് ആരോപണം.

അതേസമയം, ആക്രമണത്തിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി ഇതര തൊഴിലാളികൾ വെറൈറ്റി ഹാൾ റോഡ് പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടുകയും പ്രതികൾക്കെതിരെ നടപടിയാവശ്യപ്പെടുകയും ചെയ്തു. ഇവരോട് പിരിഞ്ഞുപോവാനും അക്രമികൾക്കെതിരെ പരാതി നൽകാനും പൊലീസ് ആവശ്യപ്പെട്ടു. പരാതി ലഭിച്ചതോടെ കേസെടുക്കുകയായിരുന്നു.

"പശ്ചിമബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ ആക്രമിച്ച സംഭവത്തിൽ പരാതി പരാതി ലഭിച്ച ഉടൻ തന്നെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കുറ്റവാളികളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. അക്രമികൾ ഉപയോഗിച്ച ബൈക്കുകളും പിടിച്ചെടുത്തു"- കോയമ്പത്തൂർ പൊലീസ് കമ്മീഷണർ വി ബാലകൃഷ്ണൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

സുരക്ഷ ഉറപ്പാക്കാൻ പൊലീസ് കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവരുടെ സംഘടനയുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും അ​ദ്ദേഹം പറഞ്ഞു. കുടിയേറ്റ തൊഴിലാളികൾക്ക് പൊലീസ് ഹെൽപ്പ് ലൈൻ നമ്പരുകളുള്ള കാർഡുകൾ നൽകിയിട്ടുണ്ടെന്നും ആവശ്യമെങ്കിൽ 100 ​​എന്ന നമ്പറിൽ വിളിക്കാനും തൊഴിലാളികളോട് പറഞ്ഞിട്ടുണ്ട്. ദുരിതബാധിതരായ കുടിയേറ്റ തൊഴിലാളികളെ സഹായിക്കാൻ കൺട്രോൾ റൂമിൽ ഹിന്ദി സംസാരിക്കുന്ന ഉദ്യോഗസ്ഥർ ഉണ്ടെന്നും അദ്ദേഹം ഉറപ്പ് നൽകി.

അതേസമയം, പ്രകാശും സൂര്യയും ഹിന്ദുമുന്നണിയുടെ ഭാഗമാണെന്ന് കമ്മീഷണർ വ്യക്തമാക്കി. ഇവരുടെ സംഘടനാ ബന്ധം സ്ഥിരീകരിക്കുന്ന തെളിവുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു മുന്നണി നടത്തുന്ന യോഗങ്ങളിൽ താൻ പതിവായി പങ്കെടുക്കാറുണ്ടെന്ന് അന്വേഷണത്തിനിടെ പ്രകാശ് പറഞ്ഞു. താനും സംഘടനയുടെ ഭാഗമാണെന്ന് മറ്റൊരു പ്രതിയായ സൂര്യയും പറഞ്ഞതായി പൊലീസ് അറിയിച്ചു.

എന്നാൽ, അക്രമികൾ തങ്ങളുടെ പ്രവർത്തകരാണെന്ന വാദം ഹിന്ദു മുന്നണി നിരസിച്ചു. ഇരുവർക്കും സംഘടനയിൽ പദവികളൊന്നും ഇല്ലെന്നും ഹിന്ദുമുന്നണി നേതാവായ എസ്. സതീശ് പറഞ്ഞു. 1980ൽ ആർ.എസ്.എസ് അം​ഗമായിരുന്ന രാമഗോപാലൻ സ്ഥാപിച്ച ഹിന്ദു മുന്നണി, തിരുനെൽവേലി ജില്ലയിലെ മീനാക്ഷിപുരത്ത് മതപരിവർത്തനത്തെ എതിർത്തതിന്റെ പേരിലാണ് ആദ്യം വാർത്തകളിൽ ഇടംനേടുന്നത്.

നേരത്തെ, ബീഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ തമിഴ്നാട്ടില്‍ ആക്രമിക്കപ്പെട്ടെന്ന വ്യാജ പ്രചാരണവുമായി ബി.ജെ.പി- സംഘ്പരിവാർ കേന്ദ്രങ്ങൾ രം​ഗത്തെത്തിയിരുന്നു. ബിഹാറിലാണ് ഇതു സംബന്ധിച്ച് കൂടുതൽ പ്രചരണം നടന്നത്. ഈ പ്രചരണം തള്ളി ബിഹാർ പൊലീസും തമിഴ്നാട് പൊലീസും രം​ഗത്തെത്തിയിരുന്നു.

വ്യാജ പ്രചരണവുമായി ബന്ധപ്പെട്ട് തമിഴ്നാട് ബി.ജെ.പി അധ്യക്ഷന്‍ കെ. അണ്ണാമലൈക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇരു വിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാക്കുന്ന തരത്തില്‍ പ്രകോപന പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് ക്രൈംബ്രാഞ്ച് സൈബര്‍ വിഭാഗം ബി.ജെ.പി അധ്യക്ഷനെതിരെ കേസെടുത്തത്.

തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിന് ബിഹാറിലെ ജാമുയി ജില്ലയിൽ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ചില വീഡിയോകളും വാർത്തകളും തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമാണെന്ന് ബിഹാർ പൊലീസ് കണ്ടെത്തിയിരുന്നു. ബീഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ കോയമ്പത്തൂരിലേയും തിരുപ്പൂരിലേയും കുടിയേറ്റ കേന്ദ്രങ്ങൾ സന്ദർശിക്കുകയും ചെയ്തിരുന്നു.

TAGS :

Next Story