Quantcast

'ഞാൻ ഞെട്ടിപ്പോയി, മണിപ്പൂരിലെ ക്രമസമാധാനം പൂർണമായും തകര്‍ന്നു': തന്‍റെ വീടിന് ആള്‍ക്കൂട്ടം തീയിട്ടതിനെ കുറിച്ച് കേന്ദ്രമന്ത്രി

മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി മൗനം വെടിയണമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2023-06-16 08:45:40.0

Published:

16 Jun 2023 8:44 AM GMT

minister r k ranjan singh about violence in manipur
X

ഇംഫാല്‍: മണിപ്പൂരിലെ ക്രമസമാധാനം പൂർണമായും തകര്‍ന്നെന്ന് കേന്ദ്രമന്ത്രി ആർ.കെ രഞ്ജൻ സിങ്. മന്ത്രിയുടെ ഇംഫാലിലെ വീട് ആയിരത്തോളം വരുന്ന ജനക്കൂട്ടം തീയിട്ടതിനു പിന്നാലെയാണ് പ്രതികരണം.

"ഞാൻ ഞെട്ടിപ്പോയി. എന്‍റെ നാട്ടിലെ ജനങ്ങളില്‍ നിന്ന് ഞാനിത് പ്രതീക്ഷിച്ചില്ല. ആക്രമണം നടക്കുമ്പോള്‍ എന്‍റെ കുടുംബം വീട്ടിലുണ്ടായിരുന്നെങ്കില്‍ എന്തുസംഭവിക്കുമായിരുന്നു? മണിപ്പൂരിലെ ക്രമസമാധാനം പൂർണമായും തകര്‍ന്നു"- രഞ്ജൻ സിങ് വാര്‍ത്താഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മണിപ്പൂരിൽ നടക്കുന്നത് ആൾക്കൂട്ട ആക്രമണമാണെന്നും വർഗീയ സംഘർഷമല്ലെന്നും മന്ത്രി പറഞ്ഞു. രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള തെറ്റിദ്ധാരണ മൂലമാണ് സംഘര്‍ഷമുണ്ടായത്. പള്ളികൾക്കൊപ്പം അമ്പലങ്ങളും ആക്രമിക്കപ്പെട്ടു. സമാധാനം പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ രാത്രി 11 മണിയോടെയാണ് ഇംഫാലിലെ മന്ത്രിയുടെ വസതിയിലേക്ക് ഇരച്ചെത്തിയ അക്രമികൾ പെട്രോൾ ബോബുകൾ എറിഞ്ഞത്. വീടിന്‍റെ രണ്ട് നിലകൾക്ക് കേടുപാടുകൾ സംഭവിച്ചു. സംഭവ സമയത്ത് മന്ത്രി വീട്ടിലുണ്ടായിരുന്നില്ല. ഔദ്യോഗിക ആവശ്യത്തിനായി കേരളത്തിലായിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിയുടെ കേരളത്തിലെ പരിപാടികൾ റദ്ദാക്കി.

അതേസമയം മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി മൗനം വെടിയണമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. മണിപ്പൂർ സംഘർഷം പാർലമെന്റിലെ ആഭ്യന്തര സ്റ്റാൻഡിങ് കമ്മിറ്റി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രിയാൻ ചെയർമാന് കത്തുനൽകി. മണിപ്പൂരില്‍ മെയ് 3ന് ആരംഭിച്ച സംഘർഷത്തിൽ ഇതുവരെ നൂറോളം പേര്‍ കൊല്ലപ്പെട്ടു.

Summary- Union Minister of State for External Affairs RK Ranjan Singh, whose house in Imphal was vandalised and was set on fire by a mob on Thursday, has said the law and order situation in the state has totally failed

TAGS :

Next Story