Quantcast

എല്ലാ വർഷവും പാഠപുസ്തകങ്ങൾ അവലോകനം ചെയ്യാൻ എൻ.സി.ഇ.ആർ.ടിയോട് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയം

എൻ.സി.ഇ.ആർ.ടി ഈ വർഷം ചരിത്രം, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി പാഠപുസ്തകങ്ങളിൽ ചില പ്രധാന മാറ്റങ്ങൾ വരുത്തിയിരുന്നു

MediaOne Logo

Web Desk

  • Published:

    29 April 2024 3:56 PM GMT

Ministry of Education asked NCERT to review textbooks
X

ന്യൂഡൽഹി: എല്ലാ അധ്യയന വർഷത്തിന്റെയും തുടക്കത്തിൽ പുതിയ പാഠപുസ്തകങ്ങൾ അച്ചടിക്കുന്നതിന് മുമ്പ് അവലോകനം ചെയ്യുന്നതിനും ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനുമുള്ള വാർഷിക സംവിധാനം ഏർപ്പെടുത്താൻ എൻ.സി.ഇ.ആർ.ടിയോട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടു. അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് എൻ.സി.ഇ.ആർ.ടി പുതിയ പാഠപുസ്തകങ്ങൾ പ്രസിദ്ധീകരിക്കാറുണ്ടെങ്കിലും ഇതുവരെ പാഠപുസ്തകങ്ങളുടെ വാർഷിക അവലോകനം നിർബന്ധമാക്കിയിരുന്നില്ല.

കോവിഡ്-19 പകർച്ചവ്യാധികൾക്കിടയിൽ വിദ്യാർത്ഥികളുടെ സമ്മർദം കുറയ്ക്കുന്നതിനായി സിലബസ് പുതുക്കിയിരുന്നു. ഇതിന്റെ ഭാഗമായി 2022നും 2023നും ഇടയിൽ പാഠപുസ്തകങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തി. എല്ലാ വർഷവും അച്ചടിക്കുന്നതിന് മുമ്പ് അവ അവലോകനം ചെയ്യുകയും എന്തെങ്കിലും മാറ്റങ്ങൾ വരുത്തുകയോ പുതിയ ചില വസ്തുതകൾ കൂട്ടിച്ചേർക്കുകയോ ചെയ്യേണ്ടതുണ്ടെങ്കിൽ അവ പുസ്തകങ്ങളിൽ ഉൾപ്പെടുത്തണം. ഉദാഹരണത്തിന് വികസിച്ചുകൊണ്ടിരിക്കുന്ന നിർമിതബുദ്ധി പോലുള്ള വിഷയങ്ങൾ.

പുസ്തകങ്ങൾ വർഷം തോറും അവലോകനം ചെയ്യണമെന്ന് മന്ത്രാലയം എൻ.സി.ഇ.ആർ.ടിയോട് പറഞ്ഞിട്ടുണ്ട്. അവർ ഉടൻ തന്നെ ആ സംവിധാനം ഏർപ്പെടുത്തും. പുതിയ അധ്യയന വർഷത്തിനുമുമ്പ് ഒരു വിദ്യാർത്ഥി പുസ്തകം വാങ്ങുമ്പോൾ അത് ആ പുസ്തകത്തിന്റെ പുതുക്കിയ പതിപ്പായിരിക്കണം എന്നത് പ്രധാനമാണെന്നും സംഭവത്തെക്കുറിച്ചറിവുള്ള ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

എൻ.സി.ഇ.ആർ.ടി ഈ വർഷം ചരിത്രം, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി പാഠപുസ്തകങ്ങളിൽ ചില പ്രധാന മാറ്റങ്ങൾ വരുത്തുകയും ബാബ്‌രി മസ്ജിദ്, ഹിന്ദുത്വ രാഷ്ട്രീയം, 2002ലെ ഗുജറാത്ത് കലാപം, ന്യൂനപക്ഷങ്ങൾ എന്നിവയെക്കുറിച്ചുള്ള ചില പരാമർശങ്ങൾ ഒഴിവാക്കുകയും ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെക്കുറിച്ചുള്ള പരാമർശങ്ങൾ ചേർക്കുകയും ചെയ്തിരുന്നു.

TAGS :

Next Story