Quantcast

സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിനുള്ളിൽ 16കാരിയെ കൂട്ടബലാത്സംഗം ചെയ്തു; ഡ്രൈവറടക്കം അഞ്ചുപേർ അറസ്റ്റിൽ

യുപിയിലെ മൊറാദാബാദ് സ്വദേശിനിയായ പെൺകുട്ടിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്

MediaOne Logo

Web Desk

  • Published:

    19 Aug 2024 9:37 AM GMT

Dehradun,Dehradun rapecase,latest malayalam news,ഡെറാഡൂണ്‍,പോക്സോ കേസ്
X

ഡെറാഡൂൺ: ഡെറാഡൂണിൽ അന്തർസംസ്ഥാന ബസ് ടെർമിനസിൽ നിർത്തിയിട്ടിരുന്ന ബസിനുള്ളിൽ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിൽ ഉത്തരാഖണ്ഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ മൂന്ന് ജീവനക്കാർ ഉൾപ്പെടെ അഞ്ച് പേരെ ഞായറാഴ്ച അറസ്റ്റ് ചെയ്തു.സംസ്ഥാന സർക്കാർ ജീവനക്കാർ കൂടിയായ ബസ് ഡ്രൈവർ ധർമേന്ദ്ര കുമാർ (32), കണ്ടക്ടർ ദേവേന്ദ്രകുമാർ (52), ടിക്കറ്റ് കൗണ്ടർ കാഷ്യർ രാജേഷ് കുമാർ സോങ്കർ (38), കരാർ ഡ്രൈവർമാരായ രവികുമാർ (34), രാജ്പാൽ സിങ് (57) എന്നിവരാണ് അറസ്റ്റിലായത്.

യുപിയിലെ മൊറാദാബാദ് സ്വദേശിനിയായ പെൺകുട്ടിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. ഡൽഹിയിലെ കശ്മീർ ഗേറ്റ് ഐഎസ്ബിടിയിൽ എത്തിയ പെൺകുട്ടിയെ ഡെറാഡൂണിലേക്ക് എത്തിക്കാം എന്ന് പറഞ്ഞാണ് ഡ്രൈവറും കണ്ടക്ടറും ബസിൽ കയറ്റിയത്. ടിക്കറ്റിനുള്ള പണം നൽകുകയും ചെയ്തു. ഡെറാഡൂണിലെത്തിയ ശേഷം ഐഎസ്ബിടിയിലെ ആളൊഴിഞ്ഞ സ്ഥലത്ത് ബസ് നിർത്തുകയും അവിടെ വെച്ച് മറ്റ് പ്രതികളുമായി ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു.

ചൊവ്വാഴ്ച പുലർച്ചെ 1.30 നാണ് സെക്യൂരിറ്റ് ഗാർഡ് പെൺകുട്ടിയെ കണ്ടെത്തുന്നത്. ഇയാളാണ് എമർജൻസി ഹെൽപ്പ് ലൈനിൽ വിവരം അറിയിച്ചത്. ചൈൽഡ് ലൈൻ ഉദ്യോഗസ്ഥരെത്തി പെൺകുട്ടിയെ അഭയ കേന്ദ്രത്തിൽ എത്തിക്കുകയും ചെയ്തു. ഇവര്‍ പെണ്‍കുട്ടിക്ക് പ്രാഥമിക വൈദ്യപരിശോധനയും കൗൺസിലിംഗും നടത്തി. കൗൺസിലിങ്ങിലാണ് താൻ പീഡിപ്പിക്കപ്പെട്ട വിവരം പെൺകുട്ടി തുറന്ന് പറയുന്നത്. ചൈൽഡ് ലൈൻ അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതികളിലൊരാളോടൊപ്പം പെൺകുട്ടിയെ കണ്ടെത്തുന്നത്. ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് എല്ലാ പ്രതികളെയും പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.പെൺകുട്ടി എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞതായും ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായും ഡെറാഡൂൺ എസ്എസ്പി അജയ് സിംഗ് പറഞ്ഞു.

കുറ്റകൃത്യത്തിന് ഉപയോഗിച്ച ബസ് പൊലീസ് പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ട്.പെൺകുട്ടി മാതാപിതാക്കൾ അറിയാതെ വീട് വിട്ടിറങ്ങിയതാണെന്നും പൊലീസ് പറയുന്നു. പെൺകുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഉത്തരാഖണ്ഡ് സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ കുസും കാണ്ട്വാളും ഉത്തരാഖണ്ഡ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അധ്യക്ഷ ഡോ. ഗീത ഖന്നയും പെൺകുട്ടിയുടെ സ്ഥിതി വിലയിരുത്തി. ഉത്തരാഖണ്ഡിൽ അടുത്തിടെ നടന്ന സമാനമായ സംഭവങ്ങളിൽ കമ്മീഷൻ ഞെട്ടൽ രേഖപ്പെടുത്തി.

TAGS :

Next Story