ഉറങ്ങാൻ കിടന്ന 13കാരി ഹൃദയാഘാതം മൂലം മരിച്ചു
ഡോക്ടറെ കാണിക്കാൻ വീട്ടുകാർ ഓട്ടോ വിളിക്കുകയും ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുകയും ചെയ്തെങ്കിലും മരിക്കുകയായിരുന്നു.
ഹൈദരാബാദ്: ഉറങ്ങാൻ കിടന്ന 13കാരി ശ്വാസതടസമനുഭവപ്പെട്ട് ഉണർന്നതിനു പിന്നാലെ ഹൃദയാഘാതം മൂലം മരിച്ചു. തെലങ്കാനയിലെ മഹബൂബാബാദിലെ മാരിപേഡ മണ്ഡലത്തിലെ അബ്ബായിപാലം സ്വദേശിനിയായ ബോദ ശ്രാവന്തിയാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.
ആറാം ക്ലാസ് വിദ്യാർഥിനിയായ ബോഡ ശ്രാവന്തിക്ക് വ്യാഴാഴ്ച രാത്രി ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. തുടർന്ന് ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകുന്നതിന് മുമ്പു തന്നെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
വ്യാഴാഴ്ച രാത്രി ഉറങ്ങി ഏതാനും മണിക്കൂറുകൾക്ക് ശേഷം പുലർച്ചെ 12.30ഓടെ പെൺകുട്ടി ഉണർന്നു. ശ്വാസതടസവും നെഞ്ചുവേദനയും അനുഭവപ്പെടുന്നതായി അവൾ അമ്മൂമ്മയോട് പറഞ്ഞു.
ഡോക്ടറെ കാണിക്കാൻ വീട്ടുകാർ ഓട്ടോ വിളിക്കുകയും ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുകയും ചെയ്തെങ്കിലും പുലർച്ചെ ഒരു മണിയോടെ അവൾ മരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ അമ്മാവൻ സിപിആർ നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
വ്യാഴാഴ്ച ശ്രീരാമനവമിയോട് അനുബന്ധിച്ച് സ്‌കൂളുകൾക്ക് അവധിയായതിനാൽ പെൺകുട്ടി സുഹൃത്തുക്കൾക്കൊപ്പം കളിച്ച് മുത്തശ്ശിയുടെ വീട്ടിലാണ് ഉറങ്ങിയത്. മരിപീഡയിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാർഥിനിയായിരുന്നു ശ്രാവന്തി.
കർഷകരായ ബോഡ ലകപതി- ബോഡ വസന്ത ദമ്പതികളുടെ രണ്ടാമത്തെ മകളായിരുന്നു ശ്രാവന്തി. ഹൃദയാഘാതം മൂലമുള്ള 13കാരിയുടെ മരണം ഗ്രാമത്തെ കടുത്ത ദുഃഖത്തിലാഴ്ത്തി. അടുത്തകാലത്തായി യുവാക്കളും വിദ്യാർഥികളുമടക്കമുള്ളവർ ഹൃദയസ്തംഭനത്തിന് ഇരയായി മരണപ്പെടുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്.
Adjust Story Font
16