Quantcast

മുസ്‌ലിം പ്രാതിനിധ്യമില്ലാതെ കേന്ദ്ര മന്ത്രിസഭ; ചരിത്രത്തിൽ ആദ്യം

ഭരണകക്ഷിക്ക് മുസ്‌ലിം സമുദായത്തിൽനിന്ന് പാർലമെന്റിൽ ഒരംഗം പോലുമില്ലാതിരിക്കുന്നതും ആദ്യമായാണ്

MediaOne Logo

Web Desk

  • Published:

    7 July 2022 1:10 PM GMT

മുസ്‌ലിം പ്രാതിനിധ്യമില്ലാതെ കേന്ദ്ര മന്ത്രിസഭ; ചരിത്രത്തിൽ ആദ്യം
X

ന്യൂഡൽഹി: സ്വാതന്ത്ര്യാനന്തര ചരിത്രത്തിൽ ആദ്യമായി മുസ്‌ലിം ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്ക് ഇടമില്ലാതെ കേന്ദ്ര മന്ത്രിസഭ. ന്യൂനപക്ഷ വകുപ്പു മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി ബുധനാഴ്ച രാജിവച്ചതോടെയാണ് മന്ത്രിസഭയിൽ മുസ്‌ലിം പ്രാതിനിധ്യം നഷ്ടമായത്. ഇതു മാത്രമല്ല, ഭരണകക്ഷിക്ക് മുസ്‌ലിം സമുദായത്തിൽനിന്ന് പാർലമെന്റിൽ ഒരംഗം പോലുമില്ലാതിരിക്കുന്നതും ആദ്യമായാണ്.

രാജ്യസഭാ കാലാവധി അവസാനിച്ചതോടെയാണ് നഖ്‌വി മന്ത്രിപദം ഒഴിഞ്ഞത്. വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിക്കാണ് ന്യൂനപക്ഷ വകുപ്പിന്റെ അധികച്ചുമതല. മന്ത്രിസ്ഥാനം രാജിവച്ച നഖ്‌വിയെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ടുണ്ട്. ബിജെപി മുൻ വക്താവ് നുപൂർ ശർമ്മയുടെ പ്രവാചക നിന്ദാ പരാമർശത്തിന് പിന്നാലെ മുസ്‌ലിം രാഷ്ട്രങ്ങൾ ഒന്നടങ്കം കേന്ദ്രസർക്കാറിനെതിരെ രംഗത്തു വന്ന സാഹചര്യത്തിലാണ് നഖ്‌വിയെ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

ഇന്തൊനേഷ്യയും പാകിസ്താനും കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ മുസ്‌ലിംകൾ താമസിക്കുന്ന രാജ്യമാണ് ഇന്ത്യ. 20 കോടിയിലേറെ മുസ്‌ലിംകളാണ് രാജ്യത്തുള്ളത്. രാജ്യത്തെ ആകെ ജനസംഖ്യയുടെ 16 ശതമാനം.

നഖ്‌വിക്കൊപ്പം സെയ്ദ് സഫർ ഇസ്‌ലാം, എംജെ അക്ബർ എന്നിവരുടെ രാജ്യസഭാ കാലാവധി കഴിഞ്ഞതോടെയാണ് പാര്‍ലമെന്‍റില്‍ ബിജെപിയുടെ മുസ്‌ലിം പ്രാതിനിധ്യം പൂജ്യമായത്. പാർലമെന്റിൽ ബിജെപിക്ക് 395 അംഗങ്ങളാണുള്ളത്. 2019ലെ ലോക്‌സഭാ തെരഞ്ഞടുപ്പിൽ ആറ് മുസ്‌ലിം സ്ഥാനാർത്ഥികളെയാണ് ബിജെപി മത്സരിപ്പിച്ചിരുന്നത്. മൂന്നു പേർ കശ്മീരിലും രണ്ടു പേർ പശ്ചിമബംഗാളിലും ഒരാൾ ലക്ഷദ്വീപിലും. ബിജെപിക്ക് വേരോട്ടമില്ലാത്ത സ്ഥലങ്ങളിലാണ് ആറു പേരും അങ്കത്തിനിറങ്ങിയത്. ആർക്കും വിജയിക്കാനായുമില്ല. 17-ാം ലോക്‌സഭയിൽ ആകെ 27 മുസ്‌ലിം എംപിമാരാണുള്ളത്. 1980ലായിരുന്നു ഏറ്റവും കൂടുതൽ മുസ്‌ലിം എംപിമാർ ഉണ്ടായിരുന്നത്- 49 പേർ.

രാജ്യത്ത് ബിജെപി അധികാരത്തിലിരിക്കുന്ന 18 സംസ്ഥാനങ്ങളിൽ ഒരിടത്തു പോലും ബിജെപിക്ക് മുസ്‌ലിം എംഎൽഎമാരില്ല. ഏറ്റവും വലിയ ന്യൂനപക്ഷമായിട്ടു പോലും രാജ്യത്തെ 28 സംസ്ഥാനങ്ങളിൽ 15 ഇടത്തും മുസ്‌ലിംകൾക്ക് മന്ത്രിസഭയിൽ ഇടവുമില്ല. അസം, അരുണാചൽ പ്രദേശ്, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, കർണാടക, മണിപൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ഒഡിഷ, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ് എന്നിവയാണ് മുസ്‌ലിം മന്ത്രിമാരില്ലാത്ത സംസ്ഥാനങ്ങൾ. മമതാ ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് അധികാരത്തിലുള്ള പശ്ചിമബംഗാളിലാണ് ഏറ്റവും കൂടുതല്‍ മുസ്‌ലിം മന്ത്രിമാരുള്ളത്. ഏഴു പേര്‍- ഫിർഹാദ് ഹകീം, ഗുലാം റബ്ബാനി, ജാവേദ് അഹ്‌മദ് ഖാൻ, സിദ്ദീഖുല്ലാ ചൗധരി, അഖ്‌റുസ്സമാൻ, യാസ്മിൻ സബിന, ഹുമയൂൺ കബീർ എന്നിവർ.

കേരളത്തിൽ വി അബ്ദുറഹ്‌മാൻ, മുഹമ്മദ് റിയാസ് എന്നിവരാണ് മന്ത്രിസഭയിലെ മുസ്‌ലിം അംഗങ്ങൾ. ജനസംഖ്യയുടെ 13 ശതമാനം മുസ്‌ലിംകൾ വസിക്കുന്ന ഡൽഹിയിലെ ആപ് മന്ത്രിസഭയിൽ ഒരു മുസ്‌ലിം മന്ത്രി മാത്രമാണുള്ളത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മുസ്‌ലിംകളുള്ള സംസ്ഥാനമായ യുപിയിൽ ഒറ്റ മുസ്‌ലിം മന്ത്രി മാത്രമേയുള്ളൂ.- ഡാനിഷ് ആസാദ് അൻസാരി. ബിജെപി ന്യൂനപക്ഷ മോർച്ചയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ഇദ്ദേഹം.

TAGS :

Next Story