'ന്യൂനപക്ഷ സ്‌കോളർഷിപ്പ് പുനഃസ്ഥാപിക്കില്ല': കെ.മുരളീധരന് കേന്ദ്രത്തിന്റെ മറുപടി
അമൃത് പദ്ധതിയുടെ കാലാവധി നീട്ടില്ലെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്
ന്യൂഡൽഹി: ന്യൂനപക്ഷ സ്കോളർഷിപ്പും ഫെല്ലോഷിപ്പും പുന:സ്ഥാപിക്കുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്രം. കെ മുരളീധരന് ന്യൂനപക്ഷകാര്യമന്ത്രി സ്മൃതി ഇറാനി നൽകിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള പ്രീമെട്രിക് സ്കോളർഷിപ്പ്,മൗലാനാ ആസാദ് ഫെല്ലോഷിപ്പ് എന്നിവ കേന്ദ്രം നിർത്തലാക്കിയിരുന്നു.
കഴിഞ്ഞ പാർലമെന്റ് ശൈത്യകാല സമ്മേളനത്തിലും ന്യൂനപക്ഷ സ്‌കോളർഷിപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഇക്കാര്യത്തിൽ പുനർചിന്തയില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഈ നിലപാടാണ് സ്മൃതി ഇറാനി വീണ്ടും ആവർത്തിച്ചത്. നേരത്തെയും പല എംപിമാരുടെയും ചോദ്യത്തിന് ഇതേ ഉത്തരം തന്നെയാണ് കേന്ദ്രം നൽകിയത്.
Also Read:365 കോടി 44 കോടിയായി; 160 കോടി 10 കോടിയും-ന്യൂനപക്ഷ സ്‌കോളർഷിപ്പും മദ്രസാ ധനസഹായവും കുത്തനെ വെട്ടിക്കുറച്ച് കേന്ദ്ര ബജറ്റ്
ഇത് കൂടാതെ അമൃത് പദ്ധതിയുടെ കാലാവധി നീട്ടില്ലെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. മാർച്ച് 31ന് ശേഷം കാലാവധി നീട്ടി നൽകില്ല എന്നാണ് അറിയിപ്പ്. അടൂർ പ്രകാശിന്റെ ചോദ്യത്തിന് ഹർദീപ് സിംഗ് പുരി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്. മലിന ജലം നിർമാർജനം, കുടിവെള്ള വിതരണം, എന്നിവയടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച പദ്ധതിയാണ് അമൃത്(അടൽ മിഷൻ ഫോർ റിജുവനേഷൻ ആന്റ് അർബൻ ട്രാർസ്ഫർമേഷൻ).
പദ്ധതി പ്രകാരം 2359 കോടി അനുവദിച്ചതിൽ കേരളം നടപ്പാക്കിയത് 1734 കോടിയുടെ പദ്ധതികളാണ്. പദ്ധതികൾ പൂർത്തീകരിക്കാനുള്ള കാലാവധി നീട്ടി നൽകാത്തത് സംസ്ഥാനത്തിന് തിരിച്ചടിയായേക്കും.
തിരുവനന്തപുരം കോർപറേഷനിൽ മാത്രം 30ഓളം പദ്ധതികൾ പൂർത്തിയാക്കാനുണ്ടെന്നാണ് റിപ്പോർട്ട്. പദ്ധതിയുടെ രണ്ടാം ഘട്ടവുമായി ബന്ധപ്പെട്ട് 2621 കോടി രൂപ കേരളത്തിന് അനുവദിച്ചതിൽ എന്തൊക്കെ പദ്ധതികളാണുള്ളതെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല.
Adjust Story Font
16