ബംഗാളില്‍ വന്ദേഭാരത് എക്സ്പ്രസ് ട്രയിനിനു നേരെ കല്ലേറ്; ജനൽച്ചില്ലുകൾ തകർന്നു
മാൾഡയിലെ കുമാർഗഞ്ച് സ്റ്റേഷന് സമീപത്ത് ഹൗറയിലേക്ക് പോകുകയായിരുന്ന ട്രെയിന് നേരെയാണ് സാമൂഹ്യ വിരുദ്ധര്‍ കല്ലെറിഞ്ഞത്
മാള്‍ഡ: പശ്ചിമബംഗാളില്‍ പുതുതായി സര്‍വീസ് തുടങ്ങിയ വന്ദേഭാരത് എക്സ്പ്രസ് ട്രയിനിനു നേരെ കല്ലേറ്.മാൾഡയിലെ കുമാർഗഞ്ച് സ്റ്റേഷന് സമീപത്ത് ഹൗറയിലേക്ക് പോകുകയായിരുന്ന ട്രെയിന് നേരെയാണ് സാമൂഹ്യ വിരുദ്ധര്‍ കല്ലെറിഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത് നാലു ദിവസങ്ങള്‍ക്ക് ശേഷമാണ് അക്രമം നടന്നിരിക്കുന്നത്.കല്ലേറിൽ ട്രയിനിന്‍റെ ജനൽച്ചില്ലുകൾ തകർന്നു.
ഡിസംബര്‍ 30നാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സാന്നിധ്യത്തില്‍ മോദി ഹൗറയിൽ നിന്ന് ന്യൂ ജൽപായ്ഗുരി ജംഗ്ഷനിലേക്കുള്ള ഇന്ത്യയുടെ ഏഴാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തത്. ആദ്യത്തെ സര്‍വീസ് നടത്തുമ്പോഴാണ് കല്ലേറുണ്ടായത്. ''02.01.23 ന് ഏകദേശം 5.50 ഓടെ ടി.എന്‍ 22302 വന്ദേ ഭാരത് എക്സ്പ്രസിന്റെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് സി 13 കോച്ചില്‍ കല്ലേറുണ്ടയതായി അറിയിച്ചത്. ഐപിഎഫ് സാംസിക്ക് കീഴിലുള്ള കുമാര്‍ഗഞ്ച് സ്റ്റേഷന്‍ കടന്നതിന് ശേഷമാണ് കോച്ചില്‍ കല്ലേറുണ്ടായത്. കല്ലേറില്‍ ഗ്ലാസ് വാതില്‍ തകര്‍ന്നു. 01 എഎസ്ഐയും 04 ആര്‍പിഎഫ് പോസ്റ്റ് ഡി-ഷെഡ് എംഎല്‍ഡിടിയും തീവണ്ടിയില്‍ ഉണ്ടായിരുന്നു'' ഈസ്റ്റേണ്‍ റെയില്‍വെ അറിയിച്ചു.
അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.അതേസമയം, സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
Adjust Story Font
16