Quantcast

മിഷൻ 2022: പ്രിയങ്ക യുപിയിൽ ക്യാംപ് ചെയ്യും; തന്ത്രങ്ങൾ മെനയാൻ നാളെ ലഖ്‌നൗവിൽ

തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയാൻ നാളെ പ്രിയങ്ക ലഖ്‌നൗവിലെത്തും. നാലു ദിവസം നീളുന്ന സന്ദർശനത്തിൽ സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വവുമായും സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ജനങ്ങളുമായും ആശയവിനിമയം നടത്തും

MediaOne Logo

Web Desk

  • Updated:

    2021-07-13 13:08:58.0

Published:

13 July 2021 1:04 PM GMT

മിഷൻ 2022: പ്രിയങ്ക യുപിയിൽ ക്യാംപ് ചെയ്യും; തന്ത്രങ്ങൾ മെനയാൻ നാളെ ലഖ്‌നൗവിൽ
X

നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഉത്തർപ്രദേശിൽ ക്യാംപ് ചെയ്ത് പ്രവർത്തിക്കാൻ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയാൻ നാളെ പ്രിയങ്ക ലഖ്‌നൗവിലെത്തും. നാലു ദിവസം നീളുന്ന സന്ദർശനത്തിൽ സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വവുമായും സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ജനങ്ങളുമായും ആശയവിനിമയം നടത്തും. ഇതിന്റെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കുക.

ഉറക്കമുണരാൻ നേതാക്കൾക്ക് നിർദേശം

തിങ്കളാഴ്ച യുപി കോൺഗ്രസ് ഉപദേശക സമിതിയുമായും തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ചുമതലയേൽപ്പിക്കപ്പെട്ട സംഘവുമായും പ്രിയങ്ക ചർച്ച നടത്തിയിരുന്നു. യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലു, മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്, പ്രമുഖ നേതാക്കളായ രാജീവ് ശുക്ല, പ്രമോദ് തിവാരി, റാഷിദ് അൽവി തുടങ്ങിയവരെല്ലാം ഓൺലൈനിൽ നടന്ന യോഗത്തിൽ പങ്കെടുത്തു.

കോവിഡ് മൂലം തൊഴിലില്ലാതായ ജനങ്ങളുടെ ജീവിതം പെരുവഴിയിലായിരിക്കുകയാണെന്നാണ് യോഗത്തിൽ പ്രിയങ്ക പ്രധാനമായും ചൂണ്ടിക്കാണിച്ചത്. പെട്രോൾ, ഡീസൽ വില കുതിച്ചുയരുകയാണ്. പഴവും പച്ചക്കറിയും അടക്കം മുഴുവൻ നിത്യോപയോഗ സാധനങ്ങളുടെയും വിലകളും കുത്തനെ ഉയരുന്നു. ഇതെല്ലാമായി ജനങ്ങളുടെ കഷ്ടപ്പാടുകൾ ചില്ലറയല്ലെന്ന് യോഗങ്ങളിൽ പ്രിയങ്ക നേതാക്കളെ ഉണർത്തി.

ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങൾ മുന്നിൽകണ്ടാകണം പാർട്ടിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും പ്രകടനപത്രികയും ഒരുങ്ങേണ്ടതെന്ന് പ്രിയങ്ക നേതാക്കളോട് നിർദേശിച്ചിട്ടുണ്ട്. കർഷകരുടെയും തൊഴിൽരഹിതരായ യുവാക്കളുടെയും സാധാരണക്കാരുടെയും പ്രശ്‌നങ്ങൾ ഉന്നയിച്ച് അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് സർക്കാർ വിരുദ്ധ പ്രക്ഷോഭമാരംഭിക്കുമെന്നാണ് സംസ്ഥാന നേതാക്കൾ പ്രിയങ്കയെ അറിയിച്ചിട്ടുള്ളത്. ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം യുപിയിലെ മുഴുവൻ ജില്ലകളിലും കോൺഗ്രസിന്റെ നേതൃത്വത്തിൽ കാളവണ്ടി സമരം സംഘടിപ്പിച്ചിരുന്നു.

കർഷക പ്രതിഷേധം, തൊഴിലില്ലായ്മ, പട്ടിണി, വിലക്കയറ്റം; വോട്ടാക്കാൻ വിഷയങ്ങളേറെ

ദിവസങ്ങൾക്കുമുൻപ് നടന്ന പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ തന്നെയാകും നാളെ സംസ്ഥാനത്തെത്തിയാൽ പ്രിയങ്ക ആദ്യമായി നേതാക്കളുമായി ചർച്ചയ്‌ക്കെടുക്കുക. തെരഞ്ഞെടുപ്പിനു പിറകെ സംസ്ഥാനത്തുടനീളം ബിജെപി വ്യാപക അക്രമങ്ങളാണ് അഴിച്ചുവിട്ടത്. ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ തീവയ്പ്പും വെടിവയ്പ്പും അക്രമസംഭവങ്ങളുമെല്ലാം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചിലയിടങ്ങളിൽ പൊലീസിന്റെ മുൻപിൽ സ്ത്രീകളുടെ വസ്ത്രാക്ഷേപം നടത്തുന്ന സംഭവവങ്ങളുമുണ്ടായി.

തുടർന്ന് പ്രകടപത്രികാ സമിതിയുമായി പ്രത്യേകമായിത്തന്നെ പ്രിയങ്ക കൂടിക്കാഴ്ച നടത്തും. ജനവികാരങ്ങളും അവരുടെ പ്രശ്‌നങ്ങളും പരാതികളും അറിഞ്ഞായിരിക്കും കോൺഗ്രസ് പ്രകടനപത്രിക തയാറാക്കുക. ഇതിനായി ജനങ്ങൾക്കിടയിലിറങ്ങി അഭിപ്രായങ്ങൾ തേടാൻ പ്രകടനപത്രികാ സമിതിയോട് നിർദേശിച്ചിരുന്നു. പൊതുജനങ്ങളിൽനിന്ന് ഇതിനകം ലഭിച്ച നിർദേശങ്ങൾ പ്രിയങ്കയുമായി നടക്കുന്ന കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യും.

ദേശീയതലത്തിൽ കേന്ദ്ര സർക്കാരിനെതിരെ നിലനിൽക്കുന്ന കർഷക പ്രതിഷേധം വോട്ടാക്കാനായിരിക്കും പ്രിയങ്കയുടെ പ്രധാന പദ്ധതി. ഇതിന്റെ ഭാഗമായി വിവിധ കർഷകനേതാക്കളുമായി ചർച്ച നിശ്ചയിച്ചിട്ടുണ്ട്. തെരുവിൽ അലഞ്ഞുതിരിയുന്ന കന്നുകാലികൾ, കരിമ്പ് കൃഷിയുമായി ബന്ധപ്പെട്ട കുടിശ്ശികകൾ, കുത്തനെ ഉയർന്നുകൊണ്ടിരിക്കുന്ന കാർഷികോൽപാദന ചെലവ് തുടങ്ങിയവയായിരിക്കും കൂടിക്കാഴ്ചയിൽ ചർച്ചയാകുക.

കാർഷികരംഗത്ത് ഉൽപാദനച്ചെലവ് ഇരട്ടിയായിരിക്കുകയാണ്. എന്നാൽ, കർഷകർക്ക് ലഭിക്കുന്ന വരുമാനം ഓരോ ദിവസം കൂടുംതോറും ഇടിഞ്ഞുകൊണ്ടിരിക്കുന്നു. എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുകയാണ് കർഷകർ. അതുകൊണ്ടു തന്നെ കർഷകരുടെ വികാരം കൃത്യമായി മനസിലാക്കിയാകണം തന്ത്രങ്ങളൊരുക്കുക.

കോവിഡിനെ തുടർന്ന് രൂക്ഷമായ തൊഴിലില്ലായ്മയും കോൺഗ്രസ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ആയുധമാക്കും. തൊഴിൽരഹിതരായ യുവാക്കളുടെയും പ്രവേശന പരീക്ഷകൾ പാസായിട്ടും ജോലി ലഭിക്കാത്തവരുടെയും സംഘങ്ങളുമായി പ്രിയങ്ക ചർച്ച നടത്തുന്നുണ്ട്. ഈ ചർച്ചകളിൽനിന്ന് ഉരുത്തുരിയുന്ന ആശയങ്ങൾകൂടി ഉയർത്തിയാകും കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുക.

TAGS :

Next Story