Quantcast

'ഗവര്‍ണര്‍മാരുടെ അധികാര ദുര്‍വിനിയോഗം': ബി.ജെ.പി ഇതര മുഖ്യമന്ത്രിമാര്‍ യോഗം ചേരും

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് ഫോണിൽ വിളിച്ച് നിര്‍ദേശം നല്‍കിയതെന്ന് സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു

MediaOne Logo

Web Desk

  • Updated:

    2022-02-14 02:44:07.0

Published:

14 Feb 2022 2:33 AM GMT

ഗവര്‍ണര്‍മാരുടെ അധികാര ദുര്‍വിനിയോഗം: ബി.ജെ.പി ഇതര മുഖ്യമന്ത്രിമാര്‍ യോഗം ചേരും
X

ഗവർണർമാരുടെ അധികാര ദുർവിനിയോഗം ചർച്ച ചെയ്യാൻ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഉടൻ യോഗം ചേരും. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ഇക്കാര്യം അറിയിച്ചത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് ഫോണിൽ വിളിച്ച് നിര്‍ദേശം നല്‍കിയതെന്ന് സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.

"ബി.ജെ.പി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഗവർണർമാരുടെ അധികാര ദുര്‍വിനിയോഗത്തില്‍ പ്രിയപ്പെട്ട ദീദി ഫോണിൽ വിളിച്ച് ആശങ്ക പ്രകടിപ്പിച്ചു. പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ യോഗം ചേരാന്‍ അവര്‍ നിര്‍ദേശിച്ചു"- എം കെ സ്റ്റാലിൻ ട്വീറ്റ് ചെയ്തു.

"സംസ്ഥാനങ്ങളുടെ ഭരണാവകാശം ഉയർത്തിപ്പിടിക്കുന്ന ഡി.എം.കെയുടെ പ്രതിജ്ഞാബദ്ധതയെക്കുറിച്ച് ഞാൻ അവർക്ക് ഉറപ്പുനൽകി. പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ യോഗം ഉടൻ നടക്കും"- രണ്ടാമത്തെ ട്വീറ്റില്‍ എം കെ സ്റ്റാലിന്‍ പറഞ്ഞു.

നീറ്റ് പരീക്ഷയിൽ നിന്നു തമിഴ്നാടിനെ ഒഴിവാക്കാനുള്ള ബിൽ ഗവർണർ ആർ.എൻ രവി തിരിച്ചയച്ചതിനു പിന്നാലെ, സംസ്ഥാനത്തിനു ഗവർണറെ ആവശ്യമുണ്ടോയെന്ന് എം കെ സ്റ്റാലിൻ ചോദിക്കുകയുണ്ടായി. ബില്‍ വീണ്ടും ഗവര്‍ണറുടെ പരിഗണനയ്ക്ക് അയക്കാന്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ബില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ അംഗീകാരത്തിനായി അയക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

ബംഗാളിലാകട്ടെ ഗവർണർ ജഗ്ദീപ് ധൻഖർ ഭരണഘടനാപരമായ പരിധികൾ ലംഘിച്ചെന്ന് ആരോപിച്ച് നിയമസഭാ സമ്മേളനത്തിൽ അദ്ദേഹത്തിനെതിരെ പ്രമേയം കൊണ്ടുവരുമെന്ന് മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഗവർണർക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു രേഖാമൂലം പരാതി നൽകിയെങ്കിലും നടപടികൾ ഉണ്ടായില്ലെന്ന് മമത ബാനര്‍ജി പരാതിപ്പെട്ടു. ഗവർണറെ മമത ട്വിറ്ററിൽ ബ്ലോക്ക് ചെയ്തു. നിയമസഭാ സമ്മേളനം നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ച ബംഗാള്‍ സര്‍ക്കാരിന്‍റെ നടപടി ഉന്നത പദവിയിലിരിക്കുന്ന ഒരാളില്‍ നിന്ന് പ്രതീക്ഷിക്കാത്തതാണെന്ന് സ്റ്റാലിന്‍ പ്രതികരിച്ചു. അതേസമയം മന്ത്രിസഭയുടെ ശിപാര്‍ശയെ തുടര്‍ന്നാണ് നിയമസഭാ സമ്മേളനം നീട്ടിവെച്ചതെന്നും അതില്‍ ആശയക്കുഴപ്പമില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുനാല്‍ ഘോഷ് പ്രതികരിച്ചു.

ഡൽഹിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ലെഫ്റ്റനന്റ് ഗവർണറും തമ്മിൽ നിരന്തരം തര്‍ക്കമുണ്ടായിരുന്നു. ലെഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരങ്ങൾ നൽകി കേന്ദ്രസർക്കാർ കഴിഞ്ഞ വർഷം വിവാദ ബിൽ പാസാക്കി. ഛത്തിസ്ഗഢിലും ഗോവയിലും കോണ്‍ഗ്രസ് ഭരണത്തിലായിരിക്കെ ഗവര്‍ണറുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു.

TAGS :

Next Story