അന്വേഷണ ഏജൻസികളുടെ 'ദുരുപയോഗം'; 14 പ്രതിപക്ഷ പാർട്ടികളുടെ ഹരജി സുപ്രിംകോടതി ഏപ്രിൽ അഞ്ചിന് പരിഗണിക്കും
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
സുപ്രിംകോടതി
ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടി നേതാക്കളെ വേട്ടയാടുന്നതിനെതിരെ സമർപ്പിച്ച ഹരജിയിൽ സുപ്രിംകോടതി ഏപ്രിൽ അഞ്ചിന് വാദം കേൾക്കും. കോൺഗ്രസ് അടക്കമുള്ള 14 പ്രതിപക്ഷ പാർട്ടികളാണ് ഹരജി സമർപ്പിച്ചത്. ദേശീയ അന്വേഷണ ഏജൻസികളുടെ പ്രവർത്തനത്തിന് മാർഗനിർദേശം ഏർപ്പെടുത്തണമെന്നാണ് ആവശ്യം.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ പി.എസ് നരസിംഹ, ജെ.ബി പാർദിവാല എന്നിവരാണ് ബെഞ്ചിലെ മറ്റു അംഗങ്ങൾ.
ഹരജി അടിയന്തരമായി വാദം കേൾക്കണമെന്ന് മുതിർന്ന അഭിഭാഷകനായ അഭിഷേക് സിങ്‌വി ആവശ്യപ്പെട്ടിരുന്നു. മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം സി.ബി.ഐ, ഇ.ഡി തുടങ്ങിയ അന്വേഷണ ഏജൻസികൾ എടുത്ത കേസുകളുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായതെന്നും എന്നാൽ ശിക്ഷിക്കപ്പെട്ടത് അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞിരുന്നു.
കോൺഗ്രസിന് പുറമെ ഡി.എം.കെ, ആർ.ജെ.ഡി, ബി.ആർ.എസ്, തൃണമൂൽ കോൺഗ്രസ്, എ.എ.പി, എൻ.സി.പി, ശിവസേന, ജെ.എം.എം, ജെ.ഡി.യു, സി.പി.എം, സി.പി.ഐ, സമാജ്‌വാദി പാർട്ടി, നാഷണൽ കോൺഫറൻസ് എന്നീ പാർട്ടികളാണ് ഹരജി നൽകിയത്.
Adjust Story Font
16